|    Aug 17 Thu, 2017 5:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന് പരിക്ക്

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ആര്‍എസ് പുര മുതല്‍ അര്‍ണിയ മേഖല വരെ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഇന്നലെ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്)യിലെ ജവാന് പരിക്കേറ്റു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എ കെ ഉപാധ്യായക്കാണ് പരിക്കേറ്റതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റവരുടെ എണ്ണം ഇതോടെ 12 ആയി. സായ്കാലന്‍, ബുറെജാല്‍, ത്രേവ, ആര്‍ണിയ മേഖലകളില്‍ വെടിവയ്പ് തുടരുകയാണ്. ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്‍ ഭാഗത്ത് കനത്ത നഷ്ടമുണ്ടായതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ തിങ്കളാഴ്ച രജൗരി ജില്ലയിലെ നൗഷറ മേഖലയില്‍ വെടിവയ്പ് നടത്തിയ പാക് സൈന്യത്തിനു നേരെ ഇന്ത്യ ശക്തിയായി തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലില്‍ രണ്ടോ മൂന്നോ പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു.അതിനിടെ, ഇന്ത്യയുടെയും പാകിസ്താന്റെയും അന്താരാഷ്ട്ര അതിര്‍ത്തിയിലും അതിര്‍ത്തി നിയന്ത്രണ രേഖയിലും നടക്കുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ വിളിച്ചുവരുത്തി ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ജെ പി സിങിനെ പാക് മന്ത്രാലയം വിളിച്ചുവരുത്തുന്നത്.
കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടത്തുന്നവര്‍ക്ക് സഹായം നല്‍കുന്ന പാക് സൈന്യത്തിന്റെ നടപടിയെ സിങ് അപലപിച്ചു. ‘ഇന്ത്യ അതിര്‍ത്തി നിയന്ത്രണ രേഖയിലും അതിര്‍ത്തിയിലും ആക്രമണം നടത്തുന്നു. ക്വറ്റയിലും പെഷവാറിലും അഫ്ഗാനിസ്താനും ആക്രമിക്കുന്നു. ഇസ്‌ലാമാബാദിനു നേരെ ആക്രമണം നടത്താന്‍ ഇമ്രാന്‍ഖാനും തയ്യാറെടുക്കുന്നു. ആകസ്മികമായ ഒത്തുചേരലാണോ ഇത്?-പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ എം അബ്ബാസ് ട്വിറ്ററില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക