|    May 27 Sat, 2017 7:31 pm
FLASH NEWS

പാക് പിടിയിലായ സൈനികന്റെ മോചനം ഉടനെയുണ്ടാകുമോ? പ്രതീക്ഷകള്‍ മങ്ങുന്നു, ആശങ്കയോടെ ഇന്ത്യ

Published : 2nd October 2016 | Posted By: G.A.G

babulal-choh

ന്യൂഡല്‍ഹി : പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്‍ (22)നെ ഉടനെ മോചിപ്പിക്കാമെന്ന പ്രതീക്ഷകള്‍ മങ്ങുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അനുദിനം വളരുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താല്‍ സൈനികനെ ഉടനെ ഇന്ത്യയ്ക്ക് കൈമാറുവാന്‍ സാധ്യത കുറവാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള ശ്രമം തുടരുകയാണെന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആവര്‍ത്തിച്ചത്.
അബദ്ധത്തില്‍ അതിര്‍ത്തി കടന്നുപോയതാണെന്ന്് ഇന്ത്യ പറയുമ്പോഴും ചവാനെ യുദ്ധത്തടവുകാരനായി പ്രഖ്യാപിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കാനാണ് പാകിസ്താന്റെ നീക്കമെന്ന് റിപോര്‍ട്ടുകളുണ്ട്. ചവാന്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ഭാഗമായാണ് അതിര്‍ത്തികടന്നതെന്ന പാകിസ്താന്റെ നിലപാടും ആശങ്കാജനകമാണ്.
ഇന്ത്യന്‍ സേനനല്‍കിയ വിശദീകരണമനുസരിച്ച് 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദു ബാബുലാല്‍ ചവാന്‍
നിയന്ത്രണരേഖയില്‍ മെന്‍ധാറില്‍ വച്ച് അബദ്ധത്തില്‍ പാക്ക് അതിര്‍ത്തി കടക്കുകയായിരുന്നു. ഇത്തരത്തില്‍ സൈനികരും സാധാരണക്കാരും അതിര്‍ത്തിക്കപ്പുറത്തെത്തുന്നത് പതിവാണെന്നും അത്തരത്തിലെത്തിപ്പെടുന്നവരെ ഇരു രാജ്യങ്ങളും സാധാരണ നടപടിക്രമങ്ങളിലൂടെ കൈമാറുകയാണ് പതിവെന്നുമാണ് ഇന്ത്യന്‍ സൈന്യത്തിലെ ഉന്നതര്‍ നല്‍കിയ വിശദീകരണം.
സാധാരണ നിലക്കാണെങ്കില്‍ ഇത്തരത്തില്‍ എത്തിപ്പെടുന്ന സൈനികനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറേണ്ടതാണ്. ഉദാഹരണത്തിന്, 2011 ഒക്ടോബറില്‍ ഇന്ത്യന്‍ കരസേനയുടെ ഒരു ഹെലികോപ്റ്റര്‍ അബദ്ധത്തില്‍ നാലു സൈനികരുമായി അധിനിവേശ കശ്മീരില്‍ ഇറങ്ങുകയുണ്ടായി. ഇവരെ പാകിസ്താന്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കുകയാണുണ്ടായത്.എന്നാല്‍ ഉറിആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യനടത്തിയ മിന്നല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്ന്് അത്തരമൊരു സൗഹാര്‍ദപരമായ നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. പിന്നീടെപ്പോഴെങ്കിലും ഏതെങ്കിലും പാക് സൈനികന്‍ പിടിയിലായാല്‍ വിലപേശാന്‍ വേണ്ടി കൂടിയാകും പാകിസ്താന്‍ ചവാനെ കസ്റ്റഡില്‍ വെച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.അതു പോലെത്തന്നെ, അബദ്ധത്തിലെങ്കിലും ഒരു പാകിസ്താന്‍ സൈനികനെ ഇത്തരത്തില്‍ അതിര്‍ത്തിക്കിപ്പുറത്ത് വെച്ച് പിടികൂടാനായാലും ചൗഹാന്റെ മോചനം എളുപ്പമായിത്തീരും എന്ന് കരുതുന്നവരുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day