|    Jan 22 Sun, 2017 3:11 am
FLASH NEWS

പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്ക് 2000 കോടിയുടെ കേന്ദ്രപദ്ധതി

Published : 29th August 2016 | Posted By: SMR

kashmir-protest-

ന്യൂഡല്‍ഹി: പാകിസ്താന്‍ കൈയേറിയ പ്രദേശങ്ങള്‍ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ പാക് അധീന കശ്മീരില്‍ നിന്നു പലായനം ചെയ്ത് ഇന്ത്യയില്‍ എത്തിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപയുടെ പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ വിശദമായ രൂപരേഖ ആഭ്യന്തര മന്ത്രാലയം മന്ത്രിസഭയുടെ അനുമതിക്കായി ഉടനെ സമര്‍പ്പിക്കും. ഒരു മാസത്തിനകം അംഗീകാരം ലഭിക്കുമെന്നും ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നുള്ള 36,348 അഭയാര്‍ഥി കുടുംബങ്ങളാണ് ഇന്ത്യയില്‍ താമസിക്കുന്നത്. കശ്മീരിലെ ജമ്മു, കതുവ, രജൗറി ജില്ലകളിലാണ് ഇവരിലേറെയും. പാക് അധീന കശ്മീര്‍, ബാള്‍ടിസ്താന്‍, ഗില്‍ഗിത് മേഖലകളില്‍ നിന്നുള്ളവര്‍ 1947ലെ വിഭജനത്തോടെയാണ് വീട് നഷ്ടമായി ഇന്ത്യയില്‍ എത്തിയത്. 1965ലും 1971ലും പാകിസ്താനുമായുണ്ടായ യുദ്ധത്തിനിടെയും ആയിരങ്ങള്‍ ഇന്ത്യയിലേക്കു കുടിയേറി.
ജമ്മു-കശ്മീര്‍ ഭരണഘടന പ്രകാരം ഇവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി നടപ്പായാല്‍ ഓരോ കുടുംബത്തിനും 5.5 ലക്ഷം രൂപ വീതം ലഭിക്കും.
പാക് അധീന കശ്മീരിലെ  അഭയാര്‍ഥികളുടെ പുനരധിവാസത്തിന് 9200 കോടി രൂപയാണ് ആവശ്യമെന്ന് ഇവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജമ്മു-കശ്മീര്‍ ശരണാര്‍ഥി പ്രവര്‍ത്തക സമിതി പറയുന്നു. അര്‍ധസേനയിലേക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സംസ്ഥാന തൊഴില്‍മേഖലയില്‍ തുല്യാവസരം, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം തുടങ്ങിയവ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക