|    Oct 23 Mon, 2017 8:39 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാക്കധീന കശ്മീരിലെ മിന്നലാക്രമണം; കോണ്‍ഗ്രസ്-ബിജെപി പോര് മുറുകുന്നു

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി:  മിന്നലാക്രമണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി-കോണ്‍ഗ്രസ് വാക്‌പോര് മുറുകുന്നു. ഇന്ത്യക്കെതിരേ ആക്രമണം നടത്തുന്ന ജയ്‌ശെ മുഹമ്മദിനെ സൃഷ്ടിച്ചത് ബിജെപി തന്നെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിനെ കാണ്ഡഹാര്‍ വിമാനറാഞ്ചികള്‍ക്ക് വിട്ടുനല്‍കിയില്ലായിരുന്നെങ്കില്‍ ജയ്‌ശെ മുഹമ്മദ് ഉണ്ടാവുമായിരുന്നില്ല. കൊലക്കേസില്‍ ജയിലില്‍ക്കിടന്നവര്‍ക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പേര് പരാമര്‍ശിക്കാതെ കപില്‍ സിബല്‍ പറഞ്ഞു.
സൈനികരുടെ രക്തത്തിന്റെ മറവില്‍ മോദി സര്‍ക്കാര്‍ ചൂഷണം നടത്തുകയാണെന്നും ദല്ലാള്‍ പണി നടത്തുകയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് അമിത് ഷാ നല്‍കിയ മറുപടിയോട് പ്രതികരിക്കുകയായിരുന്നു കപില്‍ സിബല്‍. മസൂദിനെ മോചിപ്പിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഇത്രത്തോളം വഷളാവുമായിരുന്നില്ല. ഇന്ത്യന്‍ ആക്രമണത്തിന്റെ എല്ലാ കീര്‍ത്തിയും മോദിക്ക് നല്‍കുന്ന ബിജെപി സൈന്യത്തിന്റെ ധീരതയെ വിലകുറച്ച് കാട്ടുകയാണ്. ഈ ആക്രമണത്തില്‍ സൈന്യത്തെയാണ് വാഴ്‌ത്തേണ്ടത്. അതിനുപകരം കീര്‍ത്തി തട്ടിയെടുക്കാന്‍ നോക്കരുത്. രാജ്യത്തിന്റെ സൈന്യം നേട്ടമുണ്ടാക്കിയാല്‍ അതിന്റെ കീര്‍ത്തി ജനങ്ങള്‍ക്ക് മൊത്തമുള്ളതാണ്. രാജ്യത്തെ സംരക്ഷിക്കാന്‍ സൈന്യം നിയന്ത്രണ രേഖയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സിബല്‍ സംഭവങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞു. ഇന്ത്യയുടെ ചരിത്രം 2014ല്‍ അല്ല തുടങ്ങിയതെന്നും കപില്‍ സിബല്‍ പറഞ്ഞു.
ദല്ലാള്‍ പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എല്ലാ പരിധികളും കടക്കുകയാണ്. ഈ സൈനികരുടെ രക്തം നിങ്ങള്‍ക്ക് വില്‍ക്കാനുള്ളതല്ല. രാജ്യത്തെ സംരക്ഷിക്കുന്ന സൈന്യത്തെ ദല്ലാള്‍ ആണെന്നാണോ വിശേഷിപ്പിക്കേണ്ടത്. രാഹുലിന്റെ പ്രസ്താവനയില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ മനസ്സെന്താണെന്ന് വ്യക്തമാവും.  ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യത്തെയും അമിത് ഷാ വിമര്‍ശിച്ചു. സര്‍ക്കാരല്ല, സൈന്യമാണ് ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടതെന്നും ഇതിന്റെ കീര്‍ത്തി സൈന്യത്തിന് മാത്രമുള്ളതാണെന്നും അമിത് ഷാ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക