|    May 21 Mon, 2018 7:01 am
Home   >  Sports  >  Cricket  >  

പാകിസ്താന്‍ ഫൈനലിലെത്തിയത് ഒത്തുകളിയിലൂടെയെന്ന് മുന്‍ പാക് നായകന്‍

Published : 16th June 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ഫൈനലിലെത്തിയ ഒത്തുകളിയിലൂടെയാണെന്ന് ആരോപിച്ച് മുന്‍ പാക് ക്രിക്കറ്റ് ടീം നായകന്‍ ആമിര്‍ സൊഹൈല്‍. നിലവിലെ ഫോമു ഘടനയും വിലയിരുത്തുമ്പോള്‍ പാകിസ്താന്‍ ഒരിക്കലും ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തില്ല. എന്നാല്‍ ചില ബാഹ്യ ശക്തികളുടെ ഇടപെടലിലൂടെ പാകിസ്താന്‍ അത് നേടിയെടുത്തെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ സൊഹൈല്‍ അഭിപ്രായപ്പെട്ടു. മികച്ച പ്രകടനം നടത്തിയാല്‍ അഭിനന്ദിക്കുക തന്നെ ചെയ്യും. പക്ഷേ ഇത്തവണത്തെ മല്‍സരങ്ങളില്‍ അങ്ങനെ അഭിനന്ദിക്കാന്‍ തക്കതായൊന്നും പാക് ടീം ചെയ്തിട്ടില്ല. സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ പാകിസ്താന്‍ തകര്‍ത്തപ്പോള്‍ പാക് ടീമിന് അമിതാഹ്ലാദം ഇല്ലായിരുന്നു. കാരണം ഫൈനലില്‍ പ്രവേശിക്കുമെന്ന് അവര്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും ആമിര്‍ സൊഹൈല്‍ അഭിപ്രായപ്പെട്ടു.
ഗ്രൂപ്പ് ബിയില്‍ ഇന്ത്യയോട് 124 റണ്‍സിന് പരാജയപ്പെട്ട് തുടങ്ങിയ പാകിസ്താന് ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും പുറത്തെടുത്ത് അപ്രതീക്ഷിത പ്രകടനമാണ്. നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ടീമായ ദക്ഷിണാഫ്രിക്കയേയും ആതിഥേയരായ ഇംഗ്ലണ്ടിനേയും അനായാസമായി പാകിസ്താന്‍ കീഴടക്കിയതിന്‍ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. ഇതില്‍ കൂടുതല്‍ തനിക്കൊന്നും പറയാനില്ലെന്നും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ വേണമെങ്കില്‍ കണ്ടുപിടിക്കട്ടേയെന്നും ആമിര്‍ സൊഹൈല്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കി. ജാവേദ് മിയാന്‍ദാദിനൊപ്പമാണ് ആമിര്‍ സൊഹൈല്‍ അഭിമുഖം നല്‍കിയത്. എന്നാല്‍ സൊഹൈനലിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ മിയാന്‍ദാദ് ചെയ്തില്ല.
ഒത്തുകളി വിവാദം പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ വാര്‍ത്തയല്ല. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് ബാറ്റ്‌സ്മാന്‍ സല്‍മാന്‍ ബട്ട് തുടങ്ങിവരെല്ലാം ഒത്തുകളി വിവാദത്തില്‍ പിടിക്കപ്പെട്ട പാക് താരങ്ങളാണ്. 2010 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഒത്തുകളിച്ചതിന് വിലക്ക് നേരിടേണ്ടി വന്ന മുഹമ്മദ് അമീര്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള പാകിസ്താന്‍ ടീമില്‍ അംഗമാണ്. പാകിസ്താന്‍ ക്രിക്കറ്റ് ലീഗിലും ഒത്തുകളി വിവാദം നിറഞ്ഞ് നിന്നിരുന്നു. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ പാക് ക്രിക്കറ്റ് ലീഗിലെ ഒത്തുകളി വിവാദത്തില്‍പെട്ടാണ് വിലക്ക് നേരിട്ടത്. 1980 കളിലെ അവസാനവും 1990ന്റെ തുടക്കത്തിലും പാകിസ്താന്റെ ക്രിക്കറ്റ് മല്‍സരങ്ങളുടെ ഫലം നിര്‍ണയിക്കുന്നതില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss