|    Oct 19 Thu, 2017 12:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘പാകിസ്താന്‍ നരകമല്ല’ നടി രമ്യക്കെതിരേ പരാതി

Published : 24th August 2016 | Posted By: SMR

സോംവര്‍പേട്ട്/ബംഗളൂരു: പാകിസ്താനെ പൂകഴ്ത്തി സംസാരിച്ച ചലച്ചിത്രനടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി. പാകിസ്താന്‍ നരകമല്ല എന്ന രമ്യയുടെ പ്രസ്താവന ഇന്ത്യയിലെ രാജ്യസ്‌നേഹികളെ അപമാനിക്കലാണെന്നും അതിനാല്‍ അവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകന്‍ കെ വിറ്റാല ഗൗഡയാണ് സോംവര്‍പേട്ട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.
കോടതി ഈമാസം 27ന് കേസ് പരിഗണിക്കും. ഇസ്‌ലാമാബാദില്‍ സാര്‍ക്ക് രാജ്യങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷമാണ് രമ്യ പാകിസ്താന്‍ നരകമല്ലെന്നു പറഞ്ഞത്. അവിടെയുള്ള ജനങ്ങള്‍ നമ്മെപ്പോലുള്ളവരാണെന്നും അവരുടെ പെരുമാറ്റം നല്ലതായിരുന്നുവെന്നും അവര്‍ പറഞ്ഞു. പാകിസ്താനില്‍ പോവുന്നത് നരകത്തില്‍ പോവുന്നതിനു തുല്യമാണെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയോടു പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അവര്‍.
ഏതെങ്കിലും വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന സ്ഥിതിയാണു നമ്മുടെ രാജ്യത്തുള്ളതെന്നു ഹരജിയെക്കുറിച്ചു പ്രതികരിച്ചുകൊണ്ട് രമ്യ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
അടുത്തിടെ ആംനസ്റ്റിക്കെതിരേയും കര്‍ണാടക പോലിസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഭീകരരെ പിന്തുണയ്ക്കുന്നവരെ കോണ്‍ഗ്രസ് പ്രോല്‍സാഹിപ്പിക്കുകയാണെന്നാരോപിച്ച് കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക