|    Nov 24 Fri, 2017 5:21 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍ ഉപതിരഞ്ഞെടുപ്പ് : ശരീഫിന്റെ ഭാര്യ കുല്‍സൂം പത്രിക സമര്‍പ്പിച്ചു

Published : 12th August 2017 | Posted By: fsq

 

കറാച്ചി: പാകിസ്താന്‍ പാര്‍ലമെന്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായി മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സൂം നവാസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാനമ കേസിലെ കോടതിവിധിയെത്തുടര്‍ന്ന് പ്രധാനമന്ത്രിസ്ഥാനത്തിനൊപ്പം പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും ശരീഫ് പുറത്തായിരുന്നു. ഈ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. ഭരണകക്ഷി പാകിസ്താന്‍ മുസ്‌ലിംലീഗ്-നവാസ് (പിഎംഎല്‍-എന്‍) വിഭാഗത്തില്‍ 20വര്‍ഷത്തോളമായി വിവിധ ചുമതലകള്‍ വഹിച്ച കുല്‍സൂം ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്. നവാസ് ശരീഫിന്റെ സഹോദരന്‍ ഷഹബാസ് ശരീഫിനെ മല്‍സരിപ്പിക്കാനും അടുത്ത പ്രധാനമന്ത്രിയാക്കാനുമായിരുന്നു പാര്‍ട്ടിയിലെ ആദ്യഘട്ട ധാരണ. എന്നാല്‍ ഷഹബാസിനെ നിലവിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിസ്ഥാനത്തുതന്നെ നിലനിര്‍ത്താന്‍ പാര്‍ട്ടി പിന്നീട് തീരുമാനിക്കുകയായിരുന്നു. അടുത്തമാസമാണ് ഉപതിരഞ്ഞെടുപ്പ്.  പ്രതിപക്ഷ പാര്‍ട്ടിയായ തഹ്‌രീകെ ഇന്‍സാഫിന്റെ യാസ്മീന്‍ റാഷിദും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ കോടതികള്‍ക്കെതിരേ നവാസ് ശരീഫ് വിമര്‍ശനമുന്നയിച്ചു. പാകിസ്താന്‍ ജനത തിരഞ്ഞെടുത്ത ഭരണാധികാരിയെ ഒരൊറ്റ ഒപ്പിലൂടെ പുറത്താക്കിയ കോടതി നടപടി അപമാനിക്കുന്നതിനു തുല്യമാണെന്ന് ശരീഫ് പ്രതികരിച്ചു. പഞ്ചാബ് പ്രവിശ്യയില്‍ സംഘടിപ്പിച്ച പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് പാര്‍ട്ടി പ്രചാരണപരിപാടികള്‍ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക