|    Oct 20 Fri, 2017 1:52 am
Home   >  Todays Paper  >  page 9  >  

പാകിസ്താന്‍ : അബ്ബാസി മന്ത്രിസഭ അധികാരമേറ്റു

Published : 5th August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പ്രധാനമന്ത്രി ഷാഹിദ് ഖാക്വാന്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ 43 അംഗ മന്ത്രിസഭ അധികാരമേറ്റു. സ്ഥാനമേറ്റ മന്ത്രിമാര്‍ക്ക് പ്രസിഡന്റ് മംനൂന്‍ ഹുസെയ്ന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതുതായി സ്ഥാനമേറ്റവരില്‍ 27 കാബിനറ്റ് മന്ത്രിമാരും 16 സഹമന്ത്രിമാരും ഉള്‍പ്പെടുന്നു. പാനമ കേസിലെ സുപ്രിംകോടതിവിധിയെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് സ്ഥാനമൊഴിഞ്ഞതിനാലാണ് അബ്ബാസി സ്ഥാനമേല്‍ക്കുന്നത്. ശരീഫുമായി ആറുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് അബ്ബാസി തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിച്ചത്. ശരീഫ് മന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് കൈകാര്യംചെയ്ത ഖാവാജ മുഹമ്മദ് ആസിഫ് പുതിയ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയാവും. 2013ല്‍ നവാസ് ശരീഫിന്റെ നേതൃത്വത്തില്‍ അധികാരമേറ്റ പിഎംഎല്‍-എന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. മുന്‍ പിപിപി സര്‍ക്കാരിലെ ഹീനാ റബ്ബാനിയായിരുന്നു പാകിസ്താനിലെ ഇതിനു മുമ്പുള്ള വിദേശകാര്യമന്ത്രി. മുന്‍ ആസൂത്രണവകുപ്പ് മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍ അബ്ബാസിക്കാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതല. ഇഷാഖ് ധര്‍ ധനമന്ത്രിസ്ഥാനത്ത് തുടരും. പര്‍വേസ് മാലിക് ധനമന്ത്രിയാവും. ശരീഫ് മന്ത്രിസഭയില്‍ ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ച ഖുര്‍റാം ദസ്താഗിര്‍ ഖാന്‍ പുതിയ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയാവും. റെയില്‍വേവകുപ്പിന്റെ ചുമതലയില്‍ സഅദ് റഫീഖ് തുടരും.തലാല്‍ ചൗധരി, അര്‍ഷാദ് ലഗാരി, ജുനൈദ് അന്‍വര്‍ ചൗധരി എന്നിവരാണു മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. അതേസമയം മന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നു കരുതിയിരുന്ന നരോവാലില്‍ നിന്നുള്ള പാര്‍ലമെന്റംഗം ദാനിയല്‍ അസീസ് സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തില്ല. മറിയും ഔറംഗസേബ്, സാഹിദ് ഹാമിദ്, ഡോക്ടര്‍ താരിഖ് ഫൈസല്‍ ചൗധരി എന്നിവര്‍ ശരീഫ് മന്ത്രിസഭയിലെ വകുപ്പുകള്‍ നിലനിര്‍ത്തുമെന്നാണു കരുതപ്പെടുന്നത്. പിഎംഎല്‍-എന്‍ മാധ്യമ സെക്രട്ടറി മുഷാഹിദുല്ലാ ഖാന്‍ കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ചുമതലയോടെ മന്ത്രിസഭയില്‍ തിരിച്ചെത്തി. നേരത്തേ വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ശരീഫ് മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക