|    Apr 25 Wed, 2018 5:43 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പാകിസ്താനെ പാഠം പഠിപ്പിക്കുന്ന നീക്കം

Published : 1st October 2016 | Posted By: SMR

വ്യാഴാഴ്ച രാത്രി നടന്ന സമര്‍ഥമായ സൈനികനീക്കത്തിലൂടെ ഇന്ത്യന്‍ സൈന്യം കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം തമ്പടിച്ചിരിക്കുന്ന അക്രമികളില്‍ പലരെയും വധിക്കുകയും ആയുധങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഈ തിരിച്ചടി പാകിസ്താനു വലിയ പാഠമായിരിക്കുമെന്നതില്‍ സംശയമില്ല. ആഴ്ചകള്‍ക്കു മുമ്പ് ഉറിയില്‍ നമ്മുടെ സൈനികത്താവളങ്ങള്‍ക്കു നേരെ നടന്ന ആക്രമണത്തോടുള്ള പ്രതികരണമായാണ് ഈ നീക്കമെന്ന് സൈനിക നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് വ്യക്തമാക്കുന്നു. പാര്‍ശ്വനഷ്ടങ്ങളോ സിവിലിയന്‍ മരണങ്ങളോ ഇല്ലാതെ ഇങ്ങനെയൊരു ഓപറേഷന്‍ നടത്തിയ ഇന്ത്യന്‍ സൈന്യം അഭിനന്ദനമര്‍ഹിക്കുന്നു.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതിനു പാക് സിവിലിയന്‍ ഭരണകൂടത്തിനോ സൈനിക നേതൃത്വത്തിനോ സാധ്യമല്ലെന്നു വന്നിരിക്കെ ഇത്തരം നടപടികള്‍ മാത്രമായിരുന്നു നമ്മുടെ മുമ്പിലുള്ള പോംവഴി. തുടര്‍ന്നുള്ള സൈനികനീക്കങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരുകയില്ലെന്നും എന്നാല്‍, ഏതു സാഹചര്യവും നേരിടാന്‍ പ്രതിരോധവിഭാഗം സജ്ജമാണെന്നും രണ്‍ബീര്‍ സിങ് പറയുന്നു. പ്രഫഷനലിസത്തിനു പേരുകേട്ട ഒരു സൈനികനേതൃത്വത്തിന്റെ വാക്കുകള്‍ പൊതുവില്‍ നമ്മുടെ ആത്മവീര്യം വളര്‍ത്തുന്നതില്‍ സഹായിക്കുമെന്ന് ഉറപ്പാണ്. ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ചെടുത്ത പടങ്ങള്‍ തിരിച്ചടിയുടെ സ്വഭാവമെന്തെന്നു വ്യക്തമാക്കുന്നുണ്ട്.
അതിര്‍ത്തികളില്‍ നുഴഞ്ഞുകയറ്റത്തിനു തയ്യാറെടുക്കുന്ന ലശ്കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് തുടങ്ങിയ മതവിഭാഗീയ സംഘടനകളെയാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. രാത്രി കുറേ നേരം ചെറുതോക്കുകള്‍കൊണ്ട് വെടിവച്ചുവെന്നതല്ലാതെ ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ കടന്നുചെല്ലുകയോ സൈനികനീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നു പാക് സൈനിക നേതൃത്വം പ്രചരിപ്പിക്കുന്നത് സ്വന്തം പൗരന്മാരെ ആശ്വസിപ്പിക്കാന്‍ വേണ്ടിയായിരിക്കാനേ വഴിയുള്ളൂ. അപ്പോള്‍ തന്നെ, രണ്ടു സൈനികര്‍ കൊല്ലപ്പെട്ടത് പാക് സൈനിക നേതൃത്വം സമ്മതിക്കുന്നു. ഭരണകൂടം ഇങ്ങനെയൊരു സൈനികനടപടി സ്വീകരിക്കാന്‍ പോവുന്ന കാര്യം വന്‍ശക്തികളെയും അടുത്ത സുഹൃദ്‌രാജ്യങ്ങളെയും അറിയിച്ചിരുന്നു.
അതേയവസരം, ഏതു സൈനികനീക്കവും ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ക്കു രാഷ്ട്രീയമായ പരിഹാരം കാണുന്നതിനു തടസ്സമാവരുത്. യുദ്ധം രാഷ്ട്രീയത്തിന്റെ മറ്റൊരു രൂപമാണെന്നാണ് പറയാറ്. ഇന്ത്യക്കും പാകിസ്താനും ദീര്‍ഘകാലത്തേക്കു യുദ്ധം ചെയ്യാനുള്ള ശേഷിയില്ലെന്നും ഇരുകൂട്ടരുടെയും കൈയില്‍ ചെറുതും വലുതുമായ അണ്വായുധങ്ങളുണ്ടെന്നും ഏവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നാം മുന്‍കൈയെടുക്കേണ്ടത്. ജമ്മുകശ്മീരില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജനകീയപ്രക്ഷോഭത്തെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷത്തിലൂടെ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത് വിവേകമായിരിക്കില്ല. കശ്മീരികള്‍ക്കു നമ്മിലുള്ള വിശ്വാസം പുനസ്ഥാപിക്കാന്‍ എന്തു ചെയ്യണമെന്ന സജീവമായ ചര്‍ച്ചയും ഇതോടൊപ്പം നടക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss