|    Jan 20 Fri, 2017 7:41 pm
FLASH NEWS

പാകിസ്താനു നേര്‍ക്ക് കടുത്ത പ്രകോപനം,ആകാശവാണി ബലൂച് ഭാഷയില്‍ സംപ്രേക്ഷണമാരംഭിക്കുന്നു

Published : 31st August 2016 | Posted By: G.A.G

air-fireന്യൂഡല്‍ഹി: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ളവരുടെ പ്രാദേശികഭാഷയായ ബലൂചിയില്‍ ആകാശവാണി സംപ്രേക്ഷണം ആരംഭിക്കുന്നു. ഇതു സംബന്ധിച്ച അനുമതി കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് നല്‍കി. ഇന്ത്യ കാലങ്ങളായി തുടര്‍ന്നു വന്ന വിദേശകാര്യ നയത്തിലെ വലിയൊരു വ്യതിയാനമായി വ്യാഖ്യാനിക്കപ്പെടുന്ന നടപടി ഇന്ത്യാ പാക് ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള സ്വാതന്ത്ര്യവാദ പ്രവര്‍ത്തനങ്ങളെ മോദി പ്രസംഗത്തിനിടെ പരാമര്‍ശിച്ചതാണ വിവാദമായതിന് തൊട്ടു പിന്നാലെയാണ് പാകിസ്താനെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രകോപിപ്പിച്ചുകൊണ്ട് ഇന്ത്യാഗവണ്‍മെന്റിന്റെ പുതിയ നീക്കം.
ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിച്ച നരേന്ദ്ര മോഡി, അവിടത്തെ പ്രക്ഷോഭത്തെ ഇന്ത്യ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ആകാശവാണിയുടെ ബലൂച് പ്രക്ഷേപണം ഇത്തരമൊരു ലക്ഷ്യത്തോടെയാണെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്പോരാട്ടങ്ങളെ പിന്തുണച്ച മോഡി, ബലൂചിസ്താനിലെയും ഗില്‍ഗിത്തിലെയും പാക് അധീന കശ്മീരിലെയും ജനങ്ങള്‍ തനിക്ക് നന്ദി അറിയിച്ചെന്നും തന്നെ അംഗീകരിച്ചെന്നും പറഞ്ഞിരുന്നു.

അതേസമയം, ബലൂചിസ്താനിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ഇടപെടലാണെന്ന തങ്ങളുടെ വാദം ശരിവയ്ക്കുന്നു മോദിയുടെ പ്രസംഗമെന്നാണ് പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രതികരിച്ചത്. കശ്മീര്‍ പ്രക്ഷോഭത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ബലൂചിസ്താനിലെയും പാക് അധീന കശ്മീരിലെയും ജനങ്ങളുടെ ദുരിതങ്ങള്‍ ഇന്ത്യ വിലയിരുത്തുന്നുണ്ട് എന്നും ഇവരുടെ പിന്തുണ ഇന്ത്യക്കാണെന്നും മോദി പറഞ്ഞതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. മോഡിയുടെ ചെങ്കോട്ട പ്രസംഗത്തിന് തൊട്ടു പിന്നാലെ ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ആവശ്യപ്പെട്ടിരുന്നു.
അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്നതു ഇന്ത്യയുടെ രീതിയല്ലെന്നാണ്് മോഡിയുടെ വിവാദമര്‍ശങ്ങളുടെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ബലൂച് വിഷയം ഉയര്‍ത്തുന്നത് കശ്മീരിന്‍മേലുള്ള നമ്മുടെ അവകാശവാദത്തെ അസ്ഥിരപ്പെടുത്താനേ സഹായിക്കൂ. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പാകിസ്താന് ഇതു ധൈര്യം നല്‍കും. പാകിസ്താനു മേല്‍ക്കൈ ലഭിക്കുന്ന വിധത്തിലുള്ളതാണ് മോദിയുടെ പ്രസംഗമെന്നും രാഷ്ട്രനേതാവിനു ചേര്‍ന്ന പ്രഭാഷണമല്ല മോദി നടത്തിയതെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 542 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക