|    Aug 19 Sun, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനുള്ള സൈനിക പരിശീലനം യുഎസ് നിര്‍ത്തി

Published : 11th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: പാകിസ്താന്‍ സൈന്യത്തിനുള്ള പരിശീലനം യുഎസ് നിര്‍ത്തിവച്ചതായി റിപോര്‍ട്ട്. പതിറ്റാണ്ടുകളോളമായി തുടരുന്ന, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ ഏറ്റവും സുപ്രധാനമെന്നു വിലയിരുത്തുന്ന സൈനിക പരിശീലനമാണു യുഎസ് നിര്‍ത്തിവച്ചത്്.
ഭരണകൂടത്തിന്റെ നടപടിയില്‍ ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചതായും റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിശ്വാസ്യതയെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. യുഎസ് പരിശീലനം നിര്‍ത്തിവച്ചാല്‍ മികച്ച പരിശീലനത്തിനു ചൈനയെയോ, റഷ്യയെയോ ആശ്രയിക്കുമെന്നു പാകിസ്താന്‍ മുന്നറിയിപ്പു നല്‍കിയതായും റിപോര്‍ട്ടുണ്ട്്.
ഇന്റര്‍ നാഷനല്‍ മിലിറ്ററി എജ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ് പ്രോഗ്രാമില്‍ (ഐഎംഇടി) നിന്നാണു പാകിസ്താനെ യുഎസ് മാറ്റിനിര്‍ത്തിയത്്. ഈ വര്‍ഷം 66 പാക് സൈനിക ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്്. ഈ അവസരങ്ങള്‍ ഒഴിച്ചിടുകയോ, മറ്റ് രാജ്യങ്ങള്‍ക്കു നല്‍കുകയോ ചെയ്യുമെന്നാണു വിവരം. തീരുമാനം സങ്കുചിത താല്‍പര്യത്തിന്റെ ഭാഗമാണെന്നും നയതന്ത്ര ബന്ധത്തില്‍ ഇതു വിപരീത ഫലമുളവാക്കുമെന്നും യുഎസിന്റെ മുന്‍ അഫ്ഗാന്‍-പാക് പ്രത്യേക പ്രതിനിധി ഡാന്‍ ഫെല്‍ഡ്മാന്‍ അഭിപ്രായപ്പെട്ടു.
പരിശീലനം റദ്ദാക്കിയതിലൂടെ പാകിസ്താനുള്ള 2.41 ദശലക്ഷം ഡോളറിന്റെ പ്രതിരോധ സഹായമാണു യുഎസ് വെട്ടിക്കുറച്ചത്്. മറ്റ് രണ്ടുപരിപാടികളേക്കൂടി ഉപരോധം ബാധിക്കുമെന്നും യുഎസ് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
പതിറ്റാണ്ടുകളായി പാകിസ്താനില്‍ നിന്നു 37 പേര്‍ പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്നും അടുത്ത അധ്യയന വര്‍ഷത്തില്‍ പാക് പ്രതിനിധികള്‍ ഇല്ലെന്നും യുഎസ് ആര്‍മി സ്‌കൂള്‍ മേധാവി അറിയിച്ചതായും റോയിറ്റേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
പാക്-യുഎസ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സായുധ സംഘങ്ങളോടു മൃദുസമീപനം സ്വീകരിക്കുന്നുവെന്നാരോപിച്ച് പാകിസ്താനുള്ള പ്രതിരോധ സഹായം നിര്‍ത്തിവയ്ക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss