|    Jul 16 Mon, 2018 2:35 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന് ചൈന

Published : 9th September 2017 | Posted By: fsq

 

ബെയ്ജിങ്: പാകിസ്താനുമായുള്ള ബന്ധം സംബന്ധിച്ച നയത്തില്‍ മാറ്റമില്ലെന്നു ചൈന. നേരത്തേ ചൈനയിലെ സിയാമെനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പാകിസ്താന്‍ ആസ്ഥാനമായ ജെയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ സംഘടനകളെ ഭീകരവാദ പട്ടികയിലുള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള ബന്ധം വഷളാവുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് ചൈനയുടെ പ്രതികരണം. ബ്രിക്‌സ് പ്രമേയത്തില്‍ നിരോധിത സംഘടനകളെക്കുറിച്ചാണു സൂചിപ്പിക്കുന്നതെന്നും അതിന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തില്‍ പാധാന്യമില്ലെന്നും പാകിസ്താനിലെ ചൈനീസ് അംബാസഡര്‍ സുന്‍ വെയ്‌ദോങ് പ്രതികരിച്ചു. പാകിസ്താനുമായി ബന്ധപ്പെട്ട ചൈനീസ് നയത്തില്‍ മാറ്റമില്ല. ചൈനയും പാകിസ്താനും ദീര്‍ഘകാല പങ്കാളികളാണ്.  പ്രാദേശിക പ്രശ്‌നങ്ങളില്‍ പാകിസ്താനുമായുള്ള സഹകരണം തുടരും. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്റെ നിലപാടിനെ അംഗീകരിക്കുന്നുവെന്നും വെയ്‌ദോങ് അഭിപ്രായപ്പെട്ടു. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖവാജ ആസിഫ് ബെയ്ജിങിലെത്തി ഉഭയകക്ഷി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിയ ത്യാഗം ചെയ്തവരാണ് പാകിസ്താനെന്ന്് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അഭിപ്രായപ്പെട്ടു. രാജ്യാന്തരസമൂഹം ഇക്കാര്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താന്‍ സായുധസംഘടനകളെ വളര്‍ത്തുന്നതായി നേരത്തേ അഫ്ഗാന്‍ നയപ്രഖ്യാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനയുടെ പ്രതികരണം. ബ്രിക്‌സ് പ്രഖ്യാപനം സംബന്ധിച്ച് പാകിസ്താന്‍ മന്ത്രിസഭ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം, യുഎസിന്റെ അഫ്ഗാന്‍ നയപ്രഖ്യാപനം സംബന്ധിച്ച് ചൈനീസ് പ്രതിനിധികളുമായി പാകിസ്താന്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി. ഈ വിഷയത്തില്‍ മൂന്നുഘട്ടങ്ങളിലായി അഫ്ഗാന്‍, ചൈന, പാകിസ്താന്‍ ത്രിരാഷ്ട്ര ചര്‍ച്ച സംഘടിപ്പിക്കും. അഫ്ഗാന്‍ വിഷയത്തില്‍ സൈനിക പരിഹാരമല്ല വേണ്ടതെന്ന് ഖവാജ ആസിഫ് ബെയ്ജിങില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിഷയത്തില്‍ ക്രിയാത്മക നിലപാടാണ് ചൈനയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss