|    Dec 14 Fri, 2018 11:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ സ്‌ഫോടനം: 32 പേര്‍ കൊല്ലപ്പെട്ടു

Published : 24th November 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. സിഖുകാരായ മൂന്നു വ്യാപാരികളും മൂന്നു കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അറിയിച്ചു. 40ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.
അഫ്ഗാനിസ്താന്‍ അതിര്‍ത്തി മേഖലയായ ഒറാക്‌സായ് ജില്ലയിലെ കലായ ബസാര്‍ പ്രദേശത്ത് ഷിയാ പള്ളിക്കു പുറത്ത് സ്‌ഫോടക വസ്തു ഘടിപ്പിച്ച ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. റിമോട്ട് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. ഇമാംമാര്‍ഗിലെ വെള്ളിയാഴ്ച ചന്തയിലാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. തണുപ്പുകാലമായതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ വാങ്ങാന്‍ ചന്തയിലെത്തിയവരാണ് സ്‌ഫോടനത്തിനിരയായത്.
നേരത്തേയും മേഖലയിലെ ഷിയാ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. സ്‌ഫോടനമുണ്ടായ പ്രദേശം പോലിസ് നിരീക്ഷണത്തിലാണെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. സംഭവത്തെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അപലപിച്ചു. ഇത് രാജ്യത്ത് സമാധാനവും അഭിവൃദ്ധിയും പുലരരുതെന്ന് ആഗ്രഹിക്കുന്നവര്‍ നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തിനു പിന്നിലുള്ളവരെ പിടികൂടും. ഭീകരവാദികളെ ഇല്ലായ്മ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ സുരക്ഷാ സേനയുടെ പരാജയമാണ് സ്‌ഫോടനത്തിനു കാരണമെന്നു പാക് മനുഷ്യാവകാശ മന്ത്രി ഷ്രിറിന്‍ മാസ്‌റി പറഞ്ഞു. ഈ സാഹചര്യത്തില്‍ തങ്ങള്‍ പാകിസ്താനിലെ ആദിവാസി മേഖലകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇന്നലെ രാവിലെ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആദിവാസി മേഖലയായ ഒറാക്‌സായില്‍ സ്‌ഫോടനമുണ്ടായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss