|    Nov 14 Wed, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പാകിസ്താനില്‍ പോയത് വിരുന്നുണ്ണാനല്ല: ആഭ്യന്തരമന്ത്രി

Published : 6th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് താന്‍ പോയത് വിരുന്നുണ്ണാനല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. പാകിസ്താനില്‍ നടന്ന സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ മന്ത്രി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു. സാര്‍ക് സമ്മേളനത്തില്‍ തന്റെ പ്രസംഗം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഇന്ത്യയില്‍നിന്നുള്ള മാധ്യമസംഘത്തെ പാകിസ്താന്‍ വിലക്കി. ഒരു രാജ്യം ഭീകരരായി കരുതുന്നവരെ മറ്റൊരു രാജ്യം രക്തസാക്ഷികളായി കാണരുതെന്നു രാജ്‌നാഥ്‌സിങ് പറഞ്ഞു.
ലോക്‌സഭയിലും മന്ത്രി പ്രസ്താവന നടത്തി. സമ്മേളനത്തിനു ശേഷം പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലിഖാന്‍ ഉച്ചവിരുന്നിനു ക്ഷണിച്ചിരുന്നു. എന്നാല്‍, സമ്മേളനം കഴിഞ്ഞയുടന്‍ വിരുന്നിനു ക്ഷണിച്ച മന്ത്രി കാറില്‍ക്കയറി സ്ഥലംവിട്ടു. വിരുന്നില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ താനും മടങ്ങി. ഇതിലൊന്നും പരാതിയോ പരിഭവമോ ഇല്ല. താന്‍ പാകിസ്താനില്‍ പോയത് ഉച്ചവിരുന്ന് ഉണ്ണാനായിരുന്നില്ല.
തന്റെ പ്രസംഗം പാക് മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചതില്‍ പ്രതിഷേധം അറിയിച്ചിട്ടില്ല. പിടിഐ, എഎന്‍ഐ, ദൂരദര്‍ശന്‍ പ്രതിനിധികളെ പ്രസംഗം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു വിലക്കി. ഈ നടപടി തെറ്റാണോയെന്ന് ഇപ്പോള്‍ വിലയിരുത്തുന്നില്ല. കഴിഞ്ഞ കാലങ്ങളിലെ പ്രോട്ടോകോള്‍ പരിശോധിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാര്‍ക്ക് സമ്മേളനത്തിലെ പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പാകിസ്താന്‍ തന്നോടു ചെയ്യേണ്ടതു ചെയ്തു. അതേക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. ഇന്ത്യയുടെ അന്തസ്സാണു പ്രധാനം. എക്കാലവും അത് ഉയര്‍ത്തിപ്പിടിക്കുമെന്നും മന്ത്രി വിശദീകരിച്ചു. പാകിസ്താനില്‍ രാജ്‌നാഥ് സ്വീകരിച്ച സമീപനത്തെ രാജ്യസഭാംഗങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചു. മന്ത്രിക്ക് പ്രോട്ടോകോള്‍ പ്രകാരമുള്ള ബഹുമതി ലഭിക്കാത്തതില്‍ കക്ഷിഭേദമെന്യേ അംഗങ്ങള്‍ പ്രതിഷേധവും രേഖപ്പെടുത്തി.
പാകിസ്താന്‍ ഒരുതരത്തിലും കടന്നാക്രമണത്തിനു ശ്രമിക്കരുത്. പക്ഷേ, പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ ഉത്തരവിനു കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് അതിര്‍ത്തി രക്ഷാസേനയ്ക്കു നല്‍കിയ നിര്‍ദേശം. ഭീകരപ്രവര്‍ത്തനത്തെ മഹത്വവല്‍ക്കരിക്കരുത്. ഭീകരതയെ ചെറുക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം അനുസരിക്കണം. ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നു സാര്‍ക്കില്‍ താന്‍ ആവശ്യപ്പെട്ടു.  ഭീകരപ്രവര്‍ത്തനമാണു മനുഷ്യാവകാശങ്ങളുടെ മുഖ്യ ശത്രു. അയല്‍രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, പാകിസ്താന്‍ ഇക്കാര്യം തിരിച്ചറിയുന്നില്ല. അടുത്ത മാസം 22, 23 തിയ്യതികളില്‍ ഇന്ത്യയില്‍ ഭീകരവിരുദ്ധ സമ്മേളനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനവും മയക്കുമരുന്നുകടത്തുമാണു പ്രധാന പ്രശ്‌നങ്ങളെന്നു പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഭീകരപ്രവര്‍ത്തനംമൂലം കോണ്‍ഗ്രസിന് രണ്ടു പ്രധാനമന്ത്രിമാരെ ബലി കൊടുക്കേണ്ടിവന്നെന്നും ആസാദ് ഓര്‍മിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss