|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാകിസ്താനില്‍ ടിഎല്‍പി നേതാവ് അറസ്റ്റില്‍; സംഘര്‍ഷം

Published : 25th November 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: ക്രൈസ്തവ വനിത ആസിയാ ബീബിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ വ്യാപക പ്രതിഷേധം സംഘടിപ്പപ്പിച്ച കേസില്‍ തഹ്‌രീകെ ലബ്ബൈക് (ടിഎല്‍പി) നേതാവ് ഖാദിം ഹുസയ്ന്‍ റിസ്‌വിയെ അറസ്റ്റ് ചെയ്തു. റിസ്‌വിയുടെ അറസ്റ്റിനു പിന്നാലെ ടിഎല്‍പി പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ചു. ഇത് പലയിടങ്ങളിലും സംഘര്‍ഷത്തിനിടയാക്കി. ലാഹോറില്‍ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്കു പരിക്കേറ്റു.
ടിഎല്‍പി നേതാവ് അഫ്‌സല്‍ ഖാദ്‌രിയെയും അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇരുവരെയും ജയിലിലേക്കു മാറ്റിയതായും ഖാദ്‌രിയെ പിന്നീട് ജയില്‍ ആശുപത്രിയിലേക്കു മാറ്റിയതായും അദ്ദേഹം അറിയിച്ചു. മറ്റ് 10 നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.
റിസ്‌വിയെ കസ്റ്റഡിയിലെടുത്തതായി പാക് വിവരസാങ്കേതിക മന്ത്രി ഫവാദ് ചൗധരിയും അറിയിച്ചു. നവംബര്‍ 25ന് ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ നിന്നു പിന്‍മാറാന്‍ ടിഎല്‍പി തയ്യാറാവാത്തതിനാലാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.
ആസിയാബീബി കേസുമായി ഇതിനു ബന്ധമില്ലെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ രക്തസാക്ഷിദിനം ആചരിക്കാന്‍ റിസ്‌വി ആഹ്വാനം ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും റിസ്‌വി തയ്യാറായിരുന്നില്ല.
ആസിയാ ബീബിയെ സ്വതന്ത്രയാക്കിയ സുപ്രിംകോടതി ജഡ്ജിയെ ടിഎല്‍പി ഭീഷണിപ്പെടുത്തിയിരുന്നു. പാചകക്കാരോടും സേവകരോടും അദ്ദേഹത്തെ വധിക്കാനും ടിഎല്‍പി ആഹ്വാനം ചെയ്തിരുന്നു.
വെള്ളിയാഴ്ച അര്‍ധരാത്രി ലാഹോറിലെ മതപഠനശാലയില്‍ റെയ്ഡ് നടത്തിയ പോലിസ് പിതാവിനെ കസ്റ്റഡിലെടുത്തതായി റിസ്‌വിയുടെ മകന്‍ സഅദ് രിസ്‌വി അറിയിച്ചു. റിസ്‌വിയുടെ കൂടെ നൂറോളം അനുയായികളെയും പോലിസ് അറസ്റ്റ് ചെയ്തതായി ടിഎല്‍പി വ്യക്തമാക്കി. അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ റിസ്‌വി അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു.
തെരുവിലിറങ്ങിയ അനുയായികളെ പോലിസ് കര്‍ശനമായി നേരിടുകയായിരുന്നു. പഞ്ചാബില്‍ ടിഎല്‍പി പ്രവര്‍ത്തകരെ പോലിസ് വ്യാപകമായി അറസ്റ്റ് ചെയ്യുന്നതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss