|    Dec 13 Wed, 2017 2:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാകിസ്താനില്‍ കാണാതായ നിസാമുദ്ദീന്‍ ദര്‍ഗാ ഭാരവാഹികള്‍ തിരിച്ചെത്തി

Published : 21st March 2017 | Posted By: fsq

nizamudding-clerics

ന്യൂഡല്‍ഹി: പാകിസ്താനിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെ ലാഹോറില്‍ വച്ച് കാണാതായ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ ഭാരവാഹികള്‍ തിരിച്ചെത്തി. പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായ സയ്യിദ് ആസിഫ് നിസാമി, നസീം നിസാമി എന്നിവരാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. പാകിസ്താനിലെ മുത്തഹിദ ഖൗമി മൂവ്‌മെന്റ് പാര്‍ട്ടി, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച്ച് അനാലിസിസ് വിങ് (റോ) എന്നിവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഒരു പാക് ദിനപത്രത്തില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് പാകിസ്താനിലെ അന്വേഷണവിഭാഗം ഇരുവരെയും ചോദ്യം ചെയ്തിരുന്നു. കറാച്ചിയിലുള്ള തന്റെ സഹോദരിയെ സന്ദര്‍ശിക്കാനാണ് 80കാരനായ സയ്യിദ് ആസിഫ് നിസാമിയും ബന്ധുവായ നസീം നിസാമിയും മാര്‍ച്ച് 8ന് പാകിസ്താനില്‍ പോയത്. 20ന് ഇന്ത്യയിലേക്കു തിരിച്ചുവരാനുള്ള രീതിയിലായിരുന്നു യാത്ര. എന്നാല്‍, ലാഹോറിലെ ബാബ ഫരീദ് ദര്‍ഗ സന്ദര്‍ശിച്ച് മാര്‍ച്ച് 14നു ലാഹോറിലെ മറ്റൊരു ദര്‍ഗയില്‍ സന്ദര്‍ശനം നടത്തി, അടുത്ത ദിവസം കറാച്ചിയിലേക്ക് പോകാനായി ലാഹോര്‍ വിമാനത്താവളത്തിലെത്തിയ ഇവരെ ചില രേഖകളില്‍ വ്യക്തത വരുത്താനുണ്ടെന്ന് ആവശ്യപ്പെട്ട് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാര്‍ച്ച് 16ന് കുടുംബാംഗങ്ങള്‍ക്ക് ഇവരെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് കാണാതായ വിവരം പുറത്തറിഞ്ഞത്. പാകിസ്താനിലെ ഒരു ദിനപത്രം തങ്ങളെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരന്മാരായി വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് തിരിച്ചെത്തിയ ദര്‍ഗ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, ഇരുവരും ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണെന്നതിന് തന്റെ പക്കല്‍ വിവരങ്ങളുണ്ടെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി അവകാശപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക