|    Jul 22 Sat, 2017 12:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പാകിസ്താനിലെ മിന്നലാക്രമണം: സുഷമ സോണിയയെ കണ്ടു സര്‍ക്കാരിനു പ്രതിപക്ഷ പിന്തുണ; സര്‍വകക്ഷി യോഗം വിളിച്ചു

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നടത്തിയ നിയന്ത്രണരേഖ കടന്നുള്ള ആക്രമണത്തിനു പ്രതിപക്ഷത്തിന്റെയും പിന്തുണ. രാജ്യത്തിന്റെ സുരക്ഷ, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം നിലകൊള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. ഈ ആക്രമണത്തിലൂടെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ശക്തമായ സന്ദേശമാണ് രാജ്യം നല്‍കിയിരിക്കുന്നത്. ഇത്തരം നടപടികള്‍ ഭാവിയില്‍ ഇത്തരം ആക്രമണമുണ്ടാകുന്നതില്‍ നിന്നു രാജ്യത്തെ രക്ഷിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയുന്നത് തങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്ന് പാകിസ്താന്‍ മനസ്സിലാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സോണിയാഗാന്ധി പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീകരതയ്ക്ക് രാജ്യത്ത് അടിസ്ഥാന സൗകര്യമൊരുക്കുന്നവര്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുക്കണം. ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ സൈന്യത്തെ തങ്ങള്‍ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന് തങ്ങള്‍ എല്ലാ പിന്തുണയും നല്‍കും- സോണിയ പറഞ്ഞു.
സൈന്യത്തെ അഭിനന്ദിക്കുന്നതായി പാര്‍ട്ടി നേതാവ് അഹ്മദ് പട്ടേലും പറഞ്ഞു. വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂര്‍ പറഞ്ഞു. ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്രമണം സംബന്ധിച്ച് വിശദീകരിച്ചു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേന്ദ്രമന്ത്രിമാരായ രാംവിലാസ് പാസ്വാന്‍, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുത്തവരെല്ലാം സൈനികനീക്കത്തെ പിന്തുണയ്ക്കുകയും തുടര്‍നടപടികള്‍ക്ക് സര്‍ക്കാരിനു പിന്തുണ അറിയിക്കുകയും ചെയ്തു. സൈനികനീക്കത്തെ അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ സീതാറാം യെച്ചൂരി, കശ്മീര്‍ വിഷയത്തിലെ സമാധാനനീക്കങ്ങള്‍ വഴിമുട്ടരുതെന്ന് ഓര്‍മിപ്പിച്ചു. ആക്രമണം സംബന്ധിച്ച് ഇന്നലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു ധരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക