|    Mar 26 Sun, 2017 5:20 am
FLASH NEWS

പശ്ചിമ ഘട്ട സംരക്ഷണം:കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്രജ്ഞര്‍മാര്‍ കേരള വനപ്രദേശങ്ങളില്‍ രഹസ്യ പഠനം നടത്തി

Published : 6th December 2015 | Posted By: TK

scientists

ഷാനവാസ് കാരിമറ്റം

അടിമാലി: ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമായ പശ്ചിമ ഘട്ട മലനിരകളുടെ സംരക്ഷണം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ആയുഷ് മന്ത്രാലയത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ കേരളത്തിലെ വന മേഖലകളും അതിര്‍ത്തി പ്രദേശങ്ങളും ഉല്‍പ്പെടുന്ന പ്രദേശങ്ങളില്‍ രഹസ്യമായി പഠനം നടത്തി. കേരളത്തിലെത്തിയ ചെന്നൈ ആയുഷ് റീജ്യനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ആര്‍. മുരുകേശ്വരന്റെ നേതൃത്വത്തില്‍ നിന്നുള്ള ആറംഗ സംഘമാണ് പഠനം നടത്തിയത്.

സംസ്ഥാനത്തെ വയനാട്, പാലക്കാട് ജില്ലകളില്‍ പഠനം നടത്തിയ ശേഷം കഴിഞ്ഞ 20 ദിവസമായി ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ സംഘം പഠനം നടത്തി. സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടേയാണ് സംഘം ആദിവാസികുടികള്‍, വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലകള്‍, പരിസ്ഥിതിക്ക് നാശം നേരിട്ട വന മേഖലകള്‍, അപൂര്‍വ ഇനങ്ങളില്‍പ്പെട്ട സസ്യജാലങ്ങള്‍ തുടങ്ങിയവയെ കുറിച്ച് പഠനം നടത്തുന്നത്. കഴിഞ്ഞ നവംബര്‍ 16ന് ഇടുക്കി ജില്ലയിലെത്തിയ ശാസ്ത്രജ്ഞന്‍മാരായ ഡോക്ടര്‍ അസ്ലം ഖാന്‍, ഡോക്ടര്‍ വെങ്കിടേശന്‍, അസിസ്റ്റന്റുമാരായ ഹാക്ഷി നാരായണ്‍, ആര്‍. ശേഖര്‍ എന്നിവരടങ്ങിയ സംഘം പശ്ചിമ ഘട്ട മേഖലയിലെ സസ്യജാലങ്ങള്‍ അടക്കമുള്ളവയുടെ നൂറിലധികം  സാമ്പിളുകള്‍ ശേഖരിച്ചു.

ആലുവ എടത്തലയിലെ മൊബൈല്‍ റിസര്‍ച്ച് യൂനിറ്റിലെ ഉദ്യോഗസ്ഥര്‍, കേരള വനം വകുപ്പിലെ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ സഹായത്തോടേയാണ് രഹസ്യമായി പഠനം നടത്തുന്നതെന്ന്് വ്യക്തമായിട്ടുണ്ട്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനു കീഴിലെ നേര്യമംഗലം, അടിമാലി, ദേവികുളം, മൂന്നാര്‍ റേഞ്ചോഫീസ് പരിധിയിലെ വിവിധ സെക്ഷനുകളില്‍ സംഘം രണ്ടു ദിവസം വീതം ചിലവഴിച്ചാണ് പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പഠനങ്ങളുടെ ഭാഗമായി കണ്ടെത്തിയ അപൂര്‍വ ഇനം സസ്യജാലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, ഇവയുടെ സംരക്ഷണം, മനുഷ്യരുടെ ഇടപെടല്‍ മൂലമുള്ള വന മേഖലയിലേയും വനാതിര്‍ത്തികളിലേയും പാരിസ്ഥിതിക അസന്തുലിതാവസ്ഥ അടക്കമുള്ളവയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയിലെ വനം -പരിസ്ഥിതി മന്ത്രാലയത്തിനും, സംസ്ഥാന വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ക്കും കൈമാറും. കൂടാതെ ആയുഷ് മന്ത്രാലയത്തിലെ ചെന്നൈ റീജനല്‍ റിസര്‍ച്ച് സെന്റര്‍ അധികൃതര്‍ക്കും പകര്‍പ്പ് നല്‍കും.

തുടര്‍ന്ന് വനം -പരിസ്ഥിതി മന്ത്രാലയം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പുതിയ പശ്ചിമ ഘട്ട സംരക്ഷണ കരടില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. എന്നാല്‍ ഈ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വരുന്നതോടെ പശ്ചിമ ഘട്ട മേഖലയില്‍ അധിവസിക്കുന്ന ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. വംശനാശം നേരിടുന്ന സസ്യജാലങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യത്തിനു മറവിലൂടെ ജനവാസ മേഖലകള്‍ പരിസ്ഥിതി സംരക്ഷിത പ്രദേശങ്ങളില്‍ ഉള്‍പ്പെടും. കേരള വന മേഖലയിലും ജനവാസ പ്രദേശങ്ങളിലും രഹസ്യമായി കേന്ദ്ര സംഘം പഠനം നടത്തുന്ന വിവരം അധികൃതര്‍ മറച്ചു വച്ചിരിക്കുകയാണ്. പഠനം സംബന്ധിച്ച് സംസ്ഥാന വനം വകുപ്പിലെ ഉന്നതരോട് വിവരം തേടിയെങ്കിലും കേരള വനങ്ങളില്‍ ഇത്തരം പഠനങ്ങള്‍ നടക്കുന്നില്ലായെന്നാണ് ഇവര്‍ വിശദീകരിച്ചത്. എന്നാല്‍ സംഘത്തോടൊപ്പം വിവിധ റേഞ്ചുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതായി സൂചിപ്പിച്ചെങ്കിലും ഇവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

(Visited 134 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക