|    Jan 19 Thu, 2017 8:28 pm
FLASH NEWS

പശ്ചിമേഷ്യ: സൈക്‌സ്-പിക്കോയുടെ പ്രേതങ്ങള്‍

Published : 13th February 2016 | Posted By: swapna en

കലീം

2016 മെയ് മാസത്തില്‍ സൈക്ക്‌സ്-പിക്കോ കരാറിന് നൂറ് വര്‍ഷം തികയുകയാണ്. കൊളോണിയല്‍ ഭരണത്തിന്റെ രണ്ടു നൂറ്റാണ്ടിനു ശേഷം സാമ്രാജ്യത്വ ശക്തികള്‍ അറബികളുടെ വിധി രഹസ്യമായി തീരുമാനിച്ച കരാറായിരുന്നു ബ്രിട്ടീഷുകാരനായ മാര്‍ക്‌സൈക്‌സും ഫ്രഞ്ചുകാരനായ ഫ്രാന്‍സ്വാ പിക്കോയും തയാറാക്കിയത്. രണ്ടുപേരും നയതന്ത്രവിദഗ്ദ്ധന്മാര്‍. സാര്‍ ചക്രവര്‍ത്തിയുടെ പ്രതിനിധിയും അവരുടെ കൂടെയുണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍, ഉസ്മാനികള്‍ സ്ഥാപിച്ച ഇസ്‌ലാമിക ഐക്യത്തിന്റെ തീവണ്ടിപ്പാതകള്‍ ബോംബ് വെച്ച് തകര്‍ക്കാന്‍, പൂച്ചക്കണ്ണുള്ള ലോറന്‍സ് ഓഫ് അറേബ്യയും മറ്റു തിരുടന്മാരും പറയുന്നത് വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെട്ട അറബികളെ പിന്നില്‍  നിന്നും കുത്തുന്ന രേഖയായിരുന്നു അത്. മഹത്തായ, പരമാധികാരമുള്ള അറബ് രാജ്യം വാഗ്ദാനം ചെയ്ത്‌കൊണ്ടായിരുന്നു ലോറന്‍സും അയാളെ പോലെ നിറക്കൂട്ടുള്ള സാഹസികതയില്ലാത്ത മറ്റു ചരടുവലിക്കാരും അറബ് ലോകത്തെത്തിയത്. എല്ലാം ചതിയായിരുന്നു. ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ കത്തോലിക്ക, ഫ്രാന്‍സും ആംഗ്ലിക്കന്‍ സഭ വാഴുന്ന ബ്രിട്ടനും ഓര്‍ത്തഡോക്‌സ് സഭയുടെ സംരക്ഷകനായ സാര്‍ ചക്രവര്‍ത്തിയും ഓഹരിവയ്ക്കുന്നതിന്റെ ഭൂപടം അനുബന്ധമായി കരാറിലുണ്ടായിരുന്നു. അന്നുണ്ടാക്കിയ വ്യവസ്ഥതന്നെയാണ് ഇന്നും അറബ് ലോകത്തെ ചുഴ്ന്ന് നില്‍ക്കുന്നത്. അന്ന് വരച്ച അതിര്‍ത്തികള്‍ ഇറാഖിലെ മൗസിലില്‍ ചില ‘കുബുദ്ധികള്‍’ മറി കടന്നതാണ് അറബ് ലോകത്തെ നടുക്കിയത്. ചരിത്രം പ്രഹസനമായി അരങ്ങേറുമ്പോള്‍ കിന്നരിത്തലപ്പാവു ധരിച്ച പാവകള്‍ നടത്തുന്ന പകര്‍ന്നാട്ടത്തിലെ സൂത്രധാരകരില്‍ യുഎസ് കൂടിയുണ്ട്. പിന്നെ അന്ന് കണ്ടിട്ടില്ലാത്ത പേര്‍ഷ്യക്കാരും.

പേര്‍ഷ്യന്‍ ഭീഷണി?
പേര്‍ഷ്യക്കാര്‍ എന്നു പറയുന്നത് ബോധപൂര്‍വ്വമാണ്. അറബ് ഗോത്രത്തലവന്മാര്‍ക്ക് മുമ്പ് ഉസ്മാനികളായിരുന്നു കൊടിയ പിശാചെങ്കില്‍ ഇന്ന് ഇറാനാണ് ചെകുത്താന്‍. അതിന് പറ്റിയ വിധത്തില്‍ തെഹ്്‌റാനിലെ ആയത്തുല്ലമാര്‍ പെരുമാറുകയും ചെയ്യുന്നു. ഒരു കാലത്ത് കിഴക്കില്ല; പടിഞ്ഞാറില്ല; ഇസ്‌ലാം മാത്രം എന്ന മനോഹര മുദ്രാവാക്യം കൊണ്ട് മുഖരിതമായിരുന്ന ഇറാനിയന്‍ തെരുവുകളില്‍ ഇപ്പോള്‍ സുന്നികള്‍ക്കെതിരെയുള്ള രോഷമാണ് പതഞ്ഞുയരുന്നത്.
അത്തരം രോഷപ്രകടനത്തിന്റെ രാഷ്ട്രീയ ലാഭത്തില്‍ കണ്ണ് വെച്ചാണ് സഊദി രാജവംശം വാള്‍ വീശുന്നത്. വൃദ്ധനായ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് കാലം ചെയ്യുന്ന മുറക്ക് റിയാദില്‍ സിംഹാസനം കയറാന്‍ തലപ്പാവ് ശരിപ്പെടുത്തുന്ന മുഹമ്മദ് ഇബ്ന്‍ സല്‍മാന്‍ പേര്‍ഷ്യന്‍ സാമ്രാജ്യമുയര്‍ത്തുന്ന ഭീഷണിയെപ്പറ്റി പ്രജകള്‍ക്ക് മുന്നറിയിപ്പുനല്‍കികൊണ്ടിരിക്കുന്നു. വലിയ മുന്നറിയിപ്പായി ആദരണീയനായ ശൈഖ് നിംറിന്റെ തല സഊദികള്‍ വെട്ടിയത് ഈയിടെ. അറബ് വസന്തത്തെ പിന്തുണച്ചുവെന്നതായിരുന്നു ശൈഖ് ചെയ്ത വന്‍ പാപം.
അതിന് ചേര്‍ന്ന വിധം ഇറാനികള്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഇമാം ഖുമൈനിയുടെ പിന്‍ഗാമികള്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് ചേരാത്തവിധം ഒരു ചോരക്കൊതിയന്റെ അലവി ന്യൂനപക്ഷത്തിനു പിന്തുണ നല്‍കുന്നു. സമീപ കാലം വരെ അറബി യുവാക്കളുടെ വീരനായിരുന്ന ലബ്‌നാനിലെ ഹസന്‍ നസ്‌റുല്ലയുടെ ‘ഹിസ്ബുല്ല’, ബഷാറുല്‍ അസദിനുവേണ്ടിയാണ് സിറിയയില്‍ പടവെട്ടുന്നത്. സാറിസ്റ്റ് പിന്‍ഗാമി വഌഡിമീര്‍ പുടിന്‍ ദിനംപ്രതി സിറിയയില്‍ വിമതര്‍ക്കെതിരെ റോക്കറ്റാക്രമണം നടത്തുന്നു. ഇസ്‌ലാമിക സ്‌റ്റേറ്റ് പകരമായി നടത്തുന്നത് ‘ഭീകരാക്രമണ’മാണ്.
ചേരുംപടി ചേരുംവിധം സഊദികള്‍ മുമ്പൊരിക്കലും ഒരുകടന്നുകയറ്റക്കാരനും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത യമനിലെ പര്‍വ്വത നിരകളില്‍ യുഎഇയോടൊപ്പം ചേര്‍ന്ന് ബോംബിട്ടുകൊണ്ടിരിക്കുന്നു. ഹൂതി ഗോത്രക്കാര്‍ സുന്നികളോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന സയ്ദി ശിയാക്കളാണ്. പക്ഷേ, കിതാബുകള്‍ മാത്രം നോക്കുന്ന വഹാബികളെ അത് കൂപിതരാക്കുന്നു. ഒരിക്കലും ജയിക്കാത്ത ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ നിന്നാണ് അല്‍ഖായിദ ശക്തിപ്പെടുന്നത്.
ശിയാക്കളും സുന്നികളും അറബ് നാട്ടില്‍ പുതിയതല്ല, രാഷ്ട്രീയലാഭം നോക്കി ഓരോന്നിനേയും തുണക്കുന്നവരും പിണക്കുന്നവരുമുണ്ട്. അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയടക്കം ഒട്ടേറെ പ്രശസ്ത വിദ്യാലയങ്ങള്‍ സ്ഥാപിച്ച ഫാത്വിമികള്‍ ശിയാക്കളായിരുന്നു. കുരിശു സേനാ നായകന്മാരെ വകവരുത്തിയ ‘മലമുകളിലെ വൃദ്ധന്റെ’ അനുയായികള്‍ ഇസ്മാഈലി ശിയാക്കളായിരുന്നു. രാഷ്ട്രീയം കടന്നുവരാത്തപ്പോള്‍ അറബികള്‍ ശിയ-സുന്നി വിഭാഗീയതക്ക് വലിയ ഊന്നല്‍ നല്‍കിയതായി കാണുന്നില്ല. സഊദി അറേബ്യയിലും ലബനാനിലും സിറിയയിലും യമനിലുമൊക്കെ താരതമ്യേന സൗഹൃദത്തില്‍ കഴിഞ്ഞ ജനവിഭാഗങ്ങളെ ഉപയോഗിച്ചു ഇറാനും സഊദി അറേബ്യയും മത്സരിക്കാന്‍ തുടങ്ങിയതാണ് വര്‍ത്തമാന കാലത്ത് സംഘര്‍ഷത്തിന്റെ പെരുമഴയായത്.
ലളിതമായ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് നിര്‍ധാരണം ചെയ്യാവുന്നതല്ല അറബ് ലോകത്തെ സംഭവങ്ങള്‍. ആര് ആരുടെ ഭാഗത്താണ് എന്നു മനസ്സിലാക്കുക പ്രയാസം. സായിപ്പന്മാര്‍ക്ക് പോലും കാര്യങ്ങള്‍ തീര്‍ച്ചയായിട്ടില്ല.
എന്നാല്‍ മധ്യപൗരസ്ത്യത്തിന്റെ ശാക്തിക ബന്ധങ്ങള്‍ പുനഃസംവിധാനം ചെയ്യപ്പെടുന്നതിന്റെ സൂചനകള്‍ ഏറെയുണ്ട.് ഇറാന്‍ മുമ്പില്ലാത്തവിധം ഒരു ശക്തിയായി ഉയര്‍ന്നു വരുമ്പോള്‍ ചിലപ്പോള്‍ മാത്രം ചരിത്രബോധം ഉണരുന്ന അറബികള്‍ ഖാദിസിയയെ കുറിച്ച് ഓര്‍ക്കുന്നു. മുമ്പ് സദ്ദാംഹുസൈന്‍ ഇറാനിയന്‍ വിപ്ലവത്തെ ശൈഖുമാരുടെ ചിലവില്‍ തച്ചുതകര്‍ക്കാന്‍ ഒരുമ്പെട്ടിരുന്നു. കൊടിയില്‍ അല്ലാഹു അക്ബര്‍ എന്ന് തുന്നിപ്പിടിപ്പിക്കുന്നതിനിടയില്‍ ഖാദിസിയാ എന്നു സദ്ദാം പിറുപിറുക്കുന്നുണ്ടായിരുന്നു. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ ഇറാനുമായി ആണവകരാറില്‍ ഒപ്പുവയ്ക്കുന്നതിനെ കുറിച്ച് ഗൗരവത്തില്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ് അറബ് ഭരണകൂടങ്ങള്‍ക്ക് ഇളക്കം തുടങ്ങിയത്. ഇറാനുമായി സൗഹൃദത്തിലാവുന്നതാണ് മണല്‍ കൂനകള്‍ പോലെ കാറ്റിനും കാലാവസ്ഥയ്ക്കുമൊത്ത് രൂപമാറ്റം വരുന്ന അറബ് ഏകാധിപതികളെ ആശ്രയിക്കുന്നതിനേക്കാള്‍ മെച്ചമെന്ന് യുഎസിനെ ആരോ ഉപദേശിച്ച മട്ടുണ്ട്. ഇറാന്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നു എന്നു പറഞ്ഞു പാശ്ചാത്യ രാഷ്ട്രങ്ങള്‍ മിക്ക ഉപരോധങ്ങളും എടുത്തുകളഞ്ഞു. അണക്കെട്ട് തുറക്കുന്ന പോലെ അത് പേര്‍ഷ്യക്കാരെ തുറന്നു വിടുമെന്നാണ് കരുതപ്പെടുന്നത്. ഉപരോധം നീക്കുന്നത് മൂലം ഇറാന്റെ വളര്‍ച്ചാ നിരക്കില്‍ 5.5% വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കൂടുതല്‍ ഉത്കണ്ഠ കാണിക്കുന്ന ഭരണകൂടം വിപ്ലവത്തിനു ശേഷം സൈനികമായി ശക്തിപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സിഐഎയും മൊസാദും ആണവ ശാസ്ത്രജ്ഞന്മാരെ കൊലപ്പെടുത്തിയും കംപ്യൂട്ടര്‍ വൈറസ് കയറ്റിവിട്ടും ആണവ പദ്ധതിയെ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇറാനിയന്‍ സാങ്കേതിക വിദഗ്ദ്ധന്മാര്‍ എളുപ്പത്തില്‍ പരാജയപ്പെടുത്തുകയായിരുന്നു.

കമ്മി മാത്രം
മറുഭാഗത്ത് എണ്ണയെ മാത്രം ആശ്രയിക്കുകയും പ്രജകള്‍ക്കിടക്കിടെ മധുരം കൊടുത്തു ദുര്‍ഭരണം പൊടിപൊടിക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്ക് നേരിടാനുള്ളത് പലതരത്തിലുള്ള വെല്ലുവിളികളാണ്. അതിബുദ്ധികൊണ്ടോ ബുദ്ധിയില്ലായ്മകൊണ്ടോ സഊദിഅറേബ്യ എണ്ണ വ്യാപാരത്തില്‍ ഇടപെട്ടതുമൂലം എണ്ണയുടെ വില ചരിത്രത്തിലാദ്യമായി ഒരു ബാരലിന് 30 ഡോളറായി. എണ്ണപ്പാറകളില്‍ നിന്നു യുഎസ് എണ്ണയൂറ്റിയെടുക്കാന്‍ തുടങ്ങിയതോടെ എണ്ണയുടെ വില താഴാന്‍ തുടങ്ങിയിരുന്നു. സഊദികള്‍ എണ്ണയുല്‍പാദനം കൂട്ടിയത് അവരെ കമ്പോളത്തില്‍ നിന്നും ആട്ടിയകറ്റാനാണ് എന്നായിരുന്നു വ്യാഖ്യാനം. എന്നാല്‍ ഇറാനെ ഒതുക്കുകയായിരുന്നു യഥാര്‍ത്ഥ ലക്ഷ്യം. ഏതായാലും അതു കൊണ്ട് വിദേശ നാണ്യ നിക്ഷേപം 650 ബില്യന്‍ ഡോളറുണ്ടായിരുന്നത് ഒറ്റയടിക്ക് 550 ബില്യന്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സഊദികളുടെ ബജറ്റ് കമ്മി മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 15 ശതമാനമായിരുന്നു. അതിന്നിടയിലാണ് യമനില്‍ അരങ്ങേറുന്ന ചെലവു കൂടിയ സാഹസങ്ങള്‍. അതിനു പുറമെ ആരോടും ചോദിക്കാതെ 26 പേരുകളുള്ള ഒരു സഖ്യരാജ്യ പട്ടികയും റിയാദ് പുറത്തിറക്കി. അതിനുള്ള വട്ടച്ചെലവ് കണ്ടെത്തുകയും വേണം. ഈജിപ്ഷ്യന്‍ ജനറല്‍ അല്‍സീസിക്ക് പിടിച്ചു നില്‍ക്കാന്‍ കാശു കൊടുത്തില്ലെങ്കില്‍ പേര്‍ഷ്യക്കാരെ പോലെ കണ്ണിനുകണ്ടുകൂടാത്ത ഇസ്‌ലാമികര്‍ തിരിച്ചുവരും.
പ്രതിസന്ധി മറികടക്കാന്‍ സഊദി അറേബ്യ സാമ്പത്തിക രംഗത്തു വലിയ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാവുകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉപ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് താരം. 30 കാരനായ മുഹമ്മദ് ആണ് രാജ്യത്തിന്റെ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രമുഖന്‍. ചുറ്റുവട്ടത്തുള്ള എല്ലാ രാജ്യങ്ങളും പ്രവര്‍ത്തനരഹിതമായതിന്റെ സമ്മര്‍ദ്ദത്തില്‍ മുഹമ്മദ് തന്റെ മുന്‍ഗാമികള്‍ വിജയകരമായി നടപ്പിലാക്കിയ രാജ്യതന്ത്രത്തില്‍ ഇടപെടുന്നതിന്റെ തെളിവായിരുന്നു യമന്‍ ആക്രമണം.
19ാം നൂറ്റാണ്ടില്‍ സഊദി കുടുംബവും മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബിന്റെ കുടുംബവും തമ്മിലുണ്ടാക്കിയ കരാറാണ് രണ്ടു ഹറമുകളും കയ്യടക്കിവെച്ചിരിക്കുന്ന ഭരണകൂടത്തിന്റെ അടിത്തറ. വഹാബിന്റെ കുടുംബം പ്രജകളുടെ മതാനുഷ്ഠാനങ്ങള്‍ ശ്രദ്ധിക്കുകയും സഊദി കുടുംബം ഭരണം നടത്തുകയും ചെയ്യുക: അതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. പിന്നെ ശൈഖിന്റെ കുടുംബത്തിന്റെ അധികാരം നീണ്ട വടിയുമായി നടക്കുന്ന മുത്തവ്വമാരിലൊതുങ്ങിയെങ്കിലും ഹന്‍ബലി മദ്ഹബിന്റെ പ്രാദേശിക കാര്‍ക്കശ്യത്തില്‍ നിന്നും വിട്ടുമാറാന്‍ ഭരണകൂടം ഒരിക്കലും തയ്യാറായില്ല. ഈ കരാറില്‍ പെടാത്ത ഒരു വ്യവസ്ഥ തയ്യാറാക്കിയത് അമേരിക്കയാണ്. 1938 ല്‍ ആദ്യത്തെ കിണറില്‍ നിന്നും എണ്ണ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം സഊദി അറേബ്യയുടെ പ്രതിരോധം യുഎസിന്റെ ചുമലിലായി. ചുളുവിലക്ക് എണ്ണനല്‍കുക എന്നത് മാത്രമായിരുന്നു യുഎസ് ചോദിച്ച ഒരു റാത്തല്‍ മാംസം. നാലു യുഎസ് എണ്ണക്കമ്പനികള്‍ ചേര്‍ന്ന് അറബ് അമേരിക്കന്‍ ഓയില്‍ കമ്പനി (അറാംകോ) നിലവില്‍ വന്നത് അങ്ങിനെയാണ്.
പ്രജകളെ ഒതുക്കി നിര്‍ത്തുന്നതിന് ഈ എണ്ണപ്പണത്തില്‍ ഒരു ഭാഗം ഭരണകൂടം ചെലവഴിച്ചു കൊണ്ടിരുന്നു. അയല്‍പ്പക്കത്ത് ജനാധിപത്യ പ്രക്ഷോഭങ്ങളുണ്ടാവുമ്പോള്‍ ഒന്നിളകും. എണ്ണപ്പണത്തില്‍ നിന്നൊരു വിഹിതം പ്രജകളുടെ അക്കൗണ്ടിലേക്ക് പോവും. സ്വദേശികളുടെ ശംബളത്തില്‍ വലിയ വര്‍ദ്ധനവ് പ്രഖ്യാപിക്കും. സബ്‌സിഡികളായിരുന്നു മറ്റൊരു വഴി. വൈദ്യുതിയും വെള്ളവും പെട്രോളും സഊദിയില്‍ ഏതാണ്ട് സൗജന്യമാണ്. അതിന്റെ ദുര്‍വ്യയം ഭരണകൂടം പരിഗണിച്ചില്ല. വിനോദയാത്ര പോവുമ്പോള്‍ പോലും എസി ഓഫ് ചെയ്യാത്ത രാജ്യം എന്നൊരു വിശേഷണം സഊദി അറേബ്യക്കുണ്ട്.

ഡോളറിന്റെ വീഴ്ച
ലോകസാമ്പത്തിക മേഖലയില്‍ അമേരിക്കന്‍ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതില്‍ സഊദികളും മറ്റു ശൈഖുമാരും നല്‍കിയ സംഭാവന നിസ്സാരമല്ല. യുഎസ് ഡോളര്‍ ഒരു റിസര്‍വ് കറന്‍സിയായി നിലനിര്‍ത്തുന്ന ബ്രട്ടന്‍വുഡ് കരാറിന് ദീര്‍ഘായുസ്സ് നല്‍കിയത് അറബ് എണ്ണ രാജാക്കന്മാരാണ്. 18 വര്‍ഷമായി അവരാണ് ഡോളറിന്റെ പ്രധാന പിന്‍ബലം. അതിനുമിപ്പോള്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. റഷ്യയും ചൈനയും ഇറാനും ഡോളര്‍ ഉപേക്ഷിച്ച് യൂറോ, യുവാന്‍ തുടങ്ങിയ കറന്‍സികളില്‍ ഉഭയകക്ഷി വ്യാപാരം തുടങ്ങിയതാണ് അതിന് കാരണം. എണ്ണ വരുമാനത്തില്‍ ഏറ്റവും കുറവ് കാണുന്ന വര്‍ഷങ്ങളാണ് ഇപ്പോള്‍ കടന്നു പോകുന്നത്. 2014 ല്‍ എണ്ണയില്‍ നിന്നുള്ള വരുമാനം കൊണ്ടുമാത്രം സഊദികളുടെ മൊത്തം ചെലവ് നേരിടാന്‍ പറ്റാതെ വന്നു. 2400 കോടി ഡോളര്‍ ആണ് ഇപ്പോള്‍ ആ വകയിലുള്ള കമ്മി. അത് 2018 ആവുന്നതോടെ 90,000 കോടി ഡോളറായി മാറും. നവംബര്‍ മാസത്തില്‍ അന്താരാഷ്ട്ര നാണയ കൈമാറ്റത്തിനുപയോഗിച്ച സ്വിഫ്റ്റ് വ്യവസ്ഥയനുസരിച്ച് 15 രാഷ്ട്രങ്ങളെങ്കിലും ചൈനയുമായുള്ള വ്യാപാരം യുവാനിലാണ് നടത്തുന്നത്. റഷ്യ ഇപ്പോള്‍ തന്നെ യുവാന്‍ വാങ്ങിയാണ് ചൈനയിലേക്ക് ചരക്കുകള്‍ അയക്കുന്നത്.
യുഎസ് ഡോളറിന്റെ വീഴ്ച അന്തിമമായി യുഎസ് നവ കൊളോണിയലിസത്തിന്റെ തകര്‍ച്ചയായിരിക്കുമെന്നതില്‍ സംശയമില്ല. ഇതിനൊക്കെ പുറമെയാണ് ഐഎസ്. സിറിയ-ഇറാഖ് മേഖലകളിലെ പല പ്രദേശങ്ങളിലും കയ്യടക്കിവെച്ചിരിക്കുന്ന ഇസ്‌ലാമിക സ്റ്റേറ്റ് എന്ന ദാഇശിന്റെ പ്രത്യയശാസ്ത്ര പരികല്‍പ്പനകള്‍ മുഴുവന്‍ വരുന്നത് സഊദി അറേബ്യയില്‍ നിന്നാണ്. പഴയ കാല സലഫി പണ്ഡിതന്മാര്‍ രചിച്ച, വഴക്കമില്ലാത്ത കര്‍മ്മ ശാസ്ത്രഗ്രന്ഥങ്ങള്‍ നോക്കിയാണ് അബൂബക്കര്‍ അല്‍ബഗ്ദാദിയും സല്‍മാല്‍ രാജാവും ശിക്ഷാവിധികള്‍ നിശ്ചയിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ തലകള്‍ സല്‍മാന്‍ ഭരണത്തില്‍ വീണുരുണ്ടു. കൂടോത്രം തൊട്ട് രാഷ്ട്രീയ പ്രക്ഷോഭം വരെ എന്തും തലവെട്ടാനുള്ള ന്യായമാണ്. ഇക്കാര്യത്തിലും ഇറാന്‍ സഊദികളുമായി മത്സരത്തിലാണ്. അവിടെ ജഅ്ഫരി കര്‍മ്മശാസ്ത്രം നോക്കി പ്രായപൂര്‍ത്തിയാവാത്ത ബാലന്മാരെ വരെ കഴുവിലേറ്റും. സ്ത്രീകളെ കറുപ്പണിയിച്ച് ഒരുക്കുന്നതില്‍ മുത്തവ്വമാര്‍ ഇതുവരെയും ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. അബ്ദുല്ല രാജാവ് 20 കൊല്ലത്തിനുള്ളില്‍ രാജ്യത്ത് ജനാധിപത്യം കൊണ്ടുവരുമെന്ന് പറഞ്ഞതൊന്നും മുഹമ്മദിന്നറിയില്ല.
ക്രൂരതയുടേയും സ്വേച്ഛാധികാരത്തിന്റെയും കാര്യത്തില്‍ ഇസ്‌ലാമിക സ്റ്റേറ്റും സഊദി അറേബ്യയും മത്സരിക്കുകയാണെന്ന് പറയാം. ദാഇശ് തലവെട്ടുന്നത് വീഡിയോയില്‍ കാണിച്ച് ലോകത്തെങ്ങുമുള്ള ക്ഷുഭിത യൗവ്വനത്തെ ആകര്‍ഷിക്കുന്നു എന്നതായിരിക്കും ഒരേയൊരു അന്തരം.
സഊദി വ്യവസ്ഥയ്ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ പ്രജകള്‍ക്കിപ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരും. മുഹമ്മദ് ഇബ്‌നു സല്‍മാന്‍ അത്തരം നടപടികള്‍ക്കായി മുന്നിട്ടിറങ്ങുന്നതിന്റെ സൂചനകള്‍ ഏറെയാണ്. നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് തുടക്കം. വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ സ്വകാര്യവല്‍ക്കരിക്കുന്ന ഒരു പദ്ധതിയാണ് ഭരണകൂടം തയ്യാറാക്കിയിട്ടുള്ളത്. ടെലഫോണ്‍, വൈദ്യുതി ഉല്‍പ്പാദനം, വ്യോമ ഗതാഗതം എന്നീ മേഖലകള്‍ കുത്തകകള്‍ക്ക് തുറന്ന് കൊടുക്കുകയാണ്. മക്കാനഗരത്തിലുള്ള നാലു ദശലക്ഷം ച. മീറ്റര്‍ ഭൂമി വില്‍പ്പനക്കു വെച്ചു. ലോകത്തിലേറ്റവും വിലകൂടിയ ഭൂമിയാണത്.
എന്നാല്‍ അതൊക്കെ കൂടൂതല്‍ സമ്പത്ത് കൈക്കലാക്കാനുള്ള രാജവംശത്തിന്റെ സൂത്രമാണെന്ന് പറയുന്നവര്‍ ജിദ്ദയില്‍ തന്നെയുണ്ട്. റഷ്യയിലും ചൈനയിലും സഖാക്കന്മാരുടെ അരുമക്കിടാങ്ങള്‍ പൊതു സ്വത്ത് കൈക്കലാക്കിയ പോലെ രാജാവിന്റെ പ്രിയപുത്രന്മാര്‍ പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍ വിഴുങ്ങാന്‍ ശ്രമിക്കുകയാണ് എന്നാണ് ദോഷൈക ദൃക്കുകള്‍ കരുതുന്നത്. മുഹമ്മദ് മാലദ്വീപുകളില്‍ നടത്തുന്ന അത്യാഢംബര വിരുന്നകളും കിരീടാവകാശി ഏതാണ്ട് 50 കോടി ഡോളര്‍ കൊടുത്ത് ഇറ്റലിയിലെ സര്‍ഡീനിയയില്‍ വില്ലവാങ്ങിയതും സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. രാജവംശത്തിന്റെ ചെലവും പൊതു ചെലവും തമ്മില്‍ അന്തരം കാണാത്ത രാജ്യത്ത് ഇത്തരം പരിഷ്‌ക്കാരങ്ങള്‍ എവിടെയെത്തുമെന്ന് പ്രവചിക്കുക വയ്യ. പേര്‍ഷ്യക്കാരുമൊത്തുള്ള മല്ലയുദ്ധം ജയിക്കുന്നതിന് ഇതൊക്കെ വേണമെന്നാണ് മുഹമ്മദ് പറയുന്നത്.
മാറാന്‍ മടിക്കുന്നു
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പൊതുവില്‍ അറബ് ഭരണകൂടങ്ങള്‍ പൗരന്മാരുമായുള്ള ബന്ധം ശക്തിയുടേയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കുന്നത്. സൈനികമോ അല്ലാത്തതോ ആയ രാജവംശങ്ങള്‍ പാശ്ചാത്യ നവ കൊളോണിയല്‍ ശക്തികളുടെ പിന്തുണയോടെ ഉള്ളത് വിറ്റ് തിന്നു ജീവിക്കുകയായിരുന്നു. തുനീസ്യയിലും കൈറോവിലും മനാമയിലും തെരുവുകളാണ് അതിനെതിരെ പൊട്ടിത്തെറിച്ചത്. അറബ് വസന്തം വ്യവസ്ഥ എത്ര ദുര്‍ബലമാണെന്നു തെളിയിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ആദ്യ രാജ്യം സഊദി അറേബ്യയാണ്. പുരോഹിതന്മാരുടെ നിയന്ത്രണത്തില്‍ അയവുവരുത്താനുള്ള നീക്കങ്ങള്‍ ചിലത് നടക്കുന്നുണ്ടെങ്കിലും വളരെ യാഥാസ്ഥിതികമാക്കപ്പെട്ട ഒരു ഗോത്രസമൂഹത്തില്‍ അവയെത്രമാത്രം ഫലപ്രദമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രി അഹ്മദ് അല്‍ ഇസ്സ സഊദി വിദ്യാലയങ്ങളിലെ ഭീകരമായ നിലവാര തകര്‍ച്ചയെ പറ്റി ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പുരോഹിതന്മാരുടെ അമിതമായ ഇടപെടല്‍ മൂലം വിദ്യാലയങ്ങള്‍ അറിവിന്റെ കവാടം അടച്ചിടുകയാണെന്ന് അല്‍ ഇസ്സ ആരോപിച്ചു. (പുസ്തകം രാജ്യത്ത് നിരോധിക്കപ്പെട്ടതാണ്). അടിസ്ഥാനപരമായ മാറ്റം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു പുതിയ തലമുറ രാജ്യത്ത് വളര്‍ന്നുവരുന്നുവെന്നതാണ് പ്രതീക്ഷ നല്‍കുന്ന കാര്യം. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ പലരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാമിന്റെ മാനവികതയും നീതി സങ്കല്‍പ്പവും കൂടിയാലോചനാ രീതിയും പുനഃസ്ഥാപിക്കണമെന്നും വഹാബി കാര്‍ക്കശ്യത്തിനും അക്ഷരപൂജയ്ക്കും പകരം ആധുനികമായ ആവിഷ്‌ക്കാരം വേണമെന്നുമാഗ്രഹിക്കുന്നവര്‍ ഭരണകൂടത്തിന്റെ കണ്ണില്‍ പെടാതെ സാമൂഹ്യമാധ്യമങ്ങളില്‍ സഞ്ചരിക്കുന്നു. മറുവശത്ത് ഇസ്‌ലാമിന്റെ ജന്മഭൂമിയില്‍ കടുത്ത മതേതരത്വ ഏകാധിപത്യം സ്ഥാപിക്കുവാന്‍ സ്വപ്‌നം കാണുന്നവരുമുണ്ട്.
അതിന്നിടയില്‍ പ്രളയത്തിനുമുമ്പുള്ള ഭരണസങ്കല്‍പങ്ങളുമായി അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന ചോദ്യം ഉത്തരം കിട്ടാതെ ഇപ്പോഴും തുടരുന്നു. ഇത്തരം ഗുരുതരമായ വെല്ലുവിളികള്‍ രാജവംശം ഇതിന്നു മുമ്പും വിജയകരമായി കൈകാര്യ ചെയ്തിരുന്നു എന്നത് കാണാതിരുന്നുകൂടാ. എന്നാലക്കാലത്ത് എണ്ണ നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു. ഇന്നുമതുണ്ട്. പണത്തിന്റെ ഒഴുക്കിലാണ് കുറവു വന്നത്.                ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക