പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന് ഭൂരിപക്ഷാഭിപ്രായം
Published : 14th February 2016 | Posted By: SMR
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം വേണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. 54 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 43 പേരും സഖ്യത്തെ അനുകൂലിച്ചു. കേരളത്തിലെ സാഹചര്യം പരിഗണിച്ച് ബംഗാള്‍ ഘടകത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നു. അതേസമയം, സഖ്യമുണ്ടാക്കുന്നതിനെതിരേ ചില നേതാക്കളും സംസാരിച്ചു.
കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ടെന്ന് തീരുമാനിക്കുന്നത് ദോഷം ചെയ്യുമെന്ന് അഭിപ്രായമുയര്‍ന്നു. സഖ്യമില്ലാതെ പാര്‍ട്ടി—ക്ക് നേട്ടമുണ്ടാക്കാനാവില്ല. മമതയെ വരുന്ന തിരഞ്ഞെടുപ്പില്‍ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം അംഗങ്ങളും. ഇക്കാര്യത്തില്‍ ഇനി കേന്ദ്രകമ്മറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഇടതുപാര്‍ട്ടികളുടെ യോഗം നേരത്തേതന്നെ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇന്നത്തെ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കും. കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ സഖ്യം നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. ഫെബ്രുവരി 17,18 തിയ്യതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി ആവശ്യം പരിഗണിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ബംഗാള്‍ ഘടകത്തിന്റെ നിലപാടിന് അനുകൂലമാണ്. അതേസമയം, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പിബിയിലും കേന്ദ്രകമ്മിറ്റിയിലൂം പ്രബല വിഭാഗം എതിര് നിലപാടിലാണ്. കോണ്‍ഗ്രസ്സുമായുള്ള നീക്കുപോക്കിന്റെ പേരില്‍ കേരള, ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അതിരൂക്ഷമായ അഭിപ്രായഭിന്നത കേന്ദ്രഘടകത്തിലേക്കും പടര്ന്നിരിക്കെയാണ് സഖ്യചര്‍ച്ച പുരോഗമിക്കുന്നത്.
സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നിര്‍ദേശിച്ച സംസ്ഥാന നേതൃത്വം ധാരണ നിലവില്‍വന്നാല്‍ പല സീറ്റുകളും കോണ്‍ഗ്രസ്സിനു വിട്ടുകൊടുക്കേണ്ടിവരുമെന്നും ജില്ലാസെക്രട്ടറിമാര്ക്കു സൂചന നല്‍കുന്നുണ്ട്. ബംഗാളില്‍നിന്നുള്ള പിബി അംഗങ്ങളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത്തരമൊരു തീരുമാനം സിപിഎമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് എതിരാണെന്നും അതുകൊണ്ടുതന്നെ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നുമാണ് മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ളത്. കാരാട്ട് പക്ഷത്തിനാണ് പിബിയിലും കേന്ദ്രകമ്മിറ്റിയിലും ഭൂരിപക്ഷം. ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോണ്‍ഗ്രസ് ധാരണ വേണമെന്ന് തീരുമാനിച്ചാലും കേന്ദ്രകമ്മിറ്റി യോഗം അത് തള്ളാനാണ് സാധ്യത.
ബംഗാളില്‍ ഇത്തരമൊരു കൂട്ടുകെട്ടുണ്ടായാല്‍ കേരളത്തില്‍ അത് കനത്ത നഷ്ടത്തിനിടയാക്കുമെന്നാണ് കാരാട്ട് പക്ഷത്തിന്റെയും കേരള ഘടകത്തിന്റെയും മുന്നറിയിപ്പ്. മാത്രമല്ല, വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സിലും കൊല്‍ക്കത്ത പ്ലീനത്തിലും കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകള്‍ക്ക് തീര്‍ത്തും എതിരാണ് ഇത്തരമൊരു നീക്കമെന്നും കാരാട്ട്പക്ഷം വാദിക്കുന്നു. അതേസമയം, ഇത്തരമൊരു ധാരണ ബംഗാളിലുണ്ടാക്കിയാല് കേരളത്തിലെ എല്ലാ സാധ്യതകളും അസ്തമിക്കുമെന്ന് കാരാട്ട് പക്ഷവും കേരളഘടകവും ചൂണ്ടിക്കാട്ടുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.