|    Jan 18 Wed, 2017 3:09 am
FLASH NEWS

പശ്ചിമബംഗാളിന്റെ പേര് മാറ്റത്തിന് മന്ത്രിസഭാ അനുമതി

Published : 3rd August 2016 | Posted By: SMR

കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ പുനര്‍ നാമകരണത്തിന് മന്ത്രിസഭാ അംഗീകാരം . സംസ്ഥാനത്തിന്റെ പേരില്‍ നിന്ന് ‘പശ്ചിമ’ ഒഴിവാക്കി ബംഗാള്‍ എന്നു മാത്രം നിലനിര്‍ത്താനാണ് മമത സര്‍ക്കാരിന്റെ നീക്കം. പശ്ചിമബംഗാളിന്റെ പുനര്‍ നാമകരണത്തിനുള്ള മമത സര്‍ക്കാരിന്റെ ശുപാര്‍ശയുടെ കാര്യം പാര്‍ലമെന്ററി കാര്യമന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ‘സംസ്ഥാനത്തെ ജനങ്ങളുടെ സൗകര്യാര്‍ഥമാണ് സംസ്ഥാനം പേര് മാറ്റാനാഗ്രഹിക്കുന്നത്. ദേശീയതലത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പശ്ചിമബംഗാള്‍ ഇംഗ്ലീഷില്‍ ബംഗാള്‍ എന്നറിയപ്പെടും. ബംഗാളിയില്‍ ബംഗ അല്ലെങ്കില്‍ ബംഗ്ല എന്നാവും ഉപയോഗിക്കുക.
ബംഗാളില്‍ നിലവില്‍ ഉപയോഗിക്കുന്നത് പശ്ചിംബംഗ, പശ്ചിംബംഗ്ലാ എന്നിങ്ങനെയാണ്. അടുത്ത നിയമസഭ സമ്മേളനത്തില്‍ പുനര്‍ നാമകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ആഗസ്ത് 26നാണ് സമ്മേളനം ആരംഭിക്കുക. 29, 30 തിയ്യതികളിലാണ് സംസ്ഥാന നാമമാറ്റം നിയമസഭ ചര്‍ച്ച ചെയ്യുക. എല്ലാവരുടെയും അംഗീകാരം കിട്ടിയാല്‍ നടപടിയുമായി മുന്നോട്ടു പോവും.
നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലാണ്(28ാമത്) പശ്ചിമബംഗാള്‍. പേരുമാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും. അടുത്തിടെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കാന്‍ മമത ബാനര്‍ജിക്ക് അവസാനം വരെ കാത്തിരിക്കേണ്ടി വന്നതും ഈ തീരുമാനത്തിന് മമതയെ പ്രേരിപ്പിച്ചതായാണ് വിവരം. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിലൂടെ എല്ലാ മേഖലയിലും ഒന്നാമതെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിഭജിച്ചുഭരിക്കുകയെന്ന ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നയത്തിന്റെ ഭാഗമായി 1950ല്‍ ലോര്‍ഡ് കെഴ്‌സനാണ് ബംഗാളിനെ വിഭജിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക