|    Jul 20 Fri, 2018 10:18 pm
FLASH NEWS

പശ്ചിമഘട്ടം തകര്‍ക്കുന്ന മാഫിയകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു: പശ്ചിമഘട്ട രക്ഷായാത്ര

Published : 20th September 2017 | Posted By: fsq

 

തൃശൂര്‍: കയ്യേറ്റക്കാര്‍ക്കും ക്വാഫിമാഫിയകള്‍ക്കും പശ്ചിമഘട്ടം തകര്‍ക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് പശ്ചിമഘട്ട രക്ഷായാത്ര ആരോപിച്ചു. കേരളത്തില്‍ നിമയവിരുദ്ധമായി പതിനാറായിരത്തോളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ക്വാറി വ്യവസായം പൊതുമേഖലയിലാക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഇടതുസര്‍ക്കാര്‍ അതെല്ലാം കാറ്റില്‍പ്പറത്തി ക്വാറികളും ജനവാസ മേഖലകളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച് മാഫിയകളെ സഹായിക്കുകയാണ് ചെയ്യുന്നത്. പശ്ചിമഘട്ട വനശ്രേണിയുടെ തുടര്‍ച്ച പുനഃസ്ഥാപിച്ച് കേരളം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് തടയിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പശ്ചിമഘട്ട രക്ഷായാത്ര ആവശ്യപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 16ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് ഒക്‌ടോബര്‍ 16ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയ്ക്ക് തൃശൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ അംഗങ്ങള്‍. “ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന യാത്ര കേരളത്തിലെ 200ല്‍ അധികം ജനകീയ സമരകേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനമാണ് ജാഥാ ക്യാപ്റ്റന്‍. തൃശൂര്‍ ജില്ലയില്‍ നാല് ദിവസമായി കടന്നുപോകുന്ന യാത്ര ഇന്ന് നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമരം നടക്കുന്ന കാതിക്കുടത്ത് സമാപിക്കും. ഇന്നലെ രാവിലെ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ നല്‍കിയ സ്വീകരണത്തില്‍ 1987ല്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയില്‍ പങ്കെടുത്ത ഡോ. എസ് ശങ്കര്‍, ഡോ. എം ആര്‍ ഗോവിന്ദന്‍, കെ അരവിന്ദാക്ഷന്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് സ്വീകരണം നല്‍കി.  പാര്‍വ്വതി പവനന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീബ ബാബു, ഐ. ഷണ്‍മുഖദാസ്, കെ സി സന്തോഷ് കുമാര്‍, കെ ശിവരാമന്‍, ടി കെ വാസു, പ്രഫ. കുസുമം ജോസഫ്, ടി എം സത്യന്‍, പ്രഫ. ഗോപാലകൃഷ്ണന്‍, രാജേഷ് അപ്പാട്ട്, എന്‍ ഡി വേണു  സംസാരിച്ചു.  തങ്കച്ചന്‍ കരുമാടിയുടെ നേതൃത്വത്തിലുള്ള ഗായകസംഘം നാടകവും പരിസ്ഥിതി ഗാനങ്ങളും അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss