|    Jul 21 Sat, 2018 1:08 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പശുസംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുത്‌

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതി. ഗോരക്ഷയുടെ പേരു പറഞ്ഞ് നിയമം കൈയിലെടുക്കാന്‍ ജനങ്ങളെ അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗോസംരക്ഷകരുടെ അക്രമം തടയാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഓരോ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരായി നിയമിക്കണം. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ഇതുസംബന്ധിച്ചു നടപടികള്‍ സ്വീകരിച്ചതിനെ കുറിച്ചുള്ള പ്രാഥമിക റിപോര്‍ട്ട് നാലാഴ്ചയ്ക്കകം നല്‍കണമെന്നും ബെഞ്ച് ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കി. ഗോസംരക്ഷണ സംഘങ്ങള്‍ക്ക് നിയമസാധുതയും അംഗീകാരവും നല്‍കിയ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതി നോട്ടീസയച്ചു. അവരുടെ പ്രതികരണം അറിയണമെന്ന് വ്യക്തമാക്കിയ കോടതി, നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് തുഷാര്‍ ഗാന്ധിയും തെഹ്‌സീന്‍ പൂനവാലയും നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് കോടതി നടപടി. ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും നിഷ്‌കളങ്കരായ ജനങ്ങള്‍ ഇതിന്റെ പേരില്‍ കൊല്ലപ്പെടുകയാണെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസ്ഥാനങ്ങളുടെ ക്രമസമാധാനപ്രശ്‌നം മാത്രമല്ലെന്നും കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള സഹകരണ ഉടമ്പടിയുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 256മായി ബന്ധപ്പെട്ടതാണെന്നും ജയ്‌സിങ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ തങ്ങള്‍ക്ക് സമയം വേണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.ഗോസംരക്ഷണത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 66 പേരുടെ വിവരങ്ങള്‍ നേരത്തേ ഇന്ദിരാ ജയ്‌സിങ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് 22ന് വീണ്ടും പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss