|    Mar 17 Sat, 2018 8:19 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പശുസംരക്ഷകരും മാധ്യമപ്രവര്‍ത്തകരും

Published : 6th November 2016 | Posted By: SMR

slug-indraprasthamഎന്താണ് ഇന്ത്യയില്‍ ഇന്നു മാധ്യമപ്രവര്‍ത്തനത്തിന്റെ അവസ്ഥ? രാജ്യത്ത് അടിയന്തരാവസ്ഥയല്ല നിലനില്‍ക്കുന്നതെന്നു പറയപ്പെടുന്നുണ്ടെങ്കിലും ഭരണത്തിലിരിക്കുന്ന പലര്‍ക്കും തങ്ങള്‍ അമിതാധികാരശക്തികളാണ് എന്ന തോന്നലുണ്ട് എന്നു സംശയിക്കണം.
മാധ്യമപ്രവര്‍ത്തകരെ ഒറ്റയ്ക്കും തെറ്റയ്ക്കും കടന്നാക്രമിക്കുകയും അപമാനിക്കുകയും കേസില്‍ കുടുക്കുകയും തരംകിട്ടിയാല്‍ കൈകാര്യം ചെയ്യുകയുമൊക്കെ സമീപകാലത്ത് വ്യാപകമാണ്. പശുഭക്തസംഘം അധികാരത്തില്‍ വരുന്നതിനു മുമ്പുതന്നെ നാട്ടിലും മറുനാട്ടിലും ഇത്തരം അതിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇപ്പോള്‍ പശുഭക്തഭരണത്തിന്റെ മൂന്നാംവര്‍ഷത്തില്‍ കാര്യങ്ങള്‍ ഒരുമാതിരി ബോറായാണു കാണപ്പെടുന്നത്.
ഈ മാധ്യമവിരുദ്ധതയുടെ ആശാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ് എന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങേര്‍ക്ക് പത്രക്കാരെയോ ടിവിക്കാരെയോ ഇഷ്ടമല്ലെന്നത് പുതിയ കാര്യമല്ല. തിരിച്ച് അങ്ങോട്ട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെയാണു പുള്ളിക്കാരന് അലര്‍ജി. അങ്ങേരുടെ പിആര്‍ ടീം അവര്‍ക്കു വേണ്ട വഹകള്‍ കൊടുക്കും. അതു പ്രസ് റിലീസായി വാങ്ങി മിണ്ടാതെ പൊയ്‌ക്കൊള്ളണം എന്നതാണ് അദ്ദേഹം കാണുന്ന മാന്യമായ മാധ്യമപ്രവര്‍ത്തനരീതി. ഫോട്ടോയെടുപ്പ് അങ്ങേരുടെ പ്രിയ വിനോദമാണ്. സെല്‍ഫിയാണ് ഇഷ്ടം. സ്വന്തം മുഖം കണ്ണാടിയിലായാലും സെല്‍ഫിയിലായാലും എത്രകണ്ടാലും മതിവരില്ല.
അതും ഒരു കുറ്റമായി പറയാന്‍ കഴിയില്ല. സ്വന്തം മുഖത്തോടു പ്രേമം തോന്നുന്നത് ലോകത്ത് പുതിയ കാര്യവുമല്ല. പണ്ടു ഗ്രീസില്‍ ഒരു യുവാവ് വെള്ളത്തില്‍ തന്റെ മുഖം പ്രതിഫലിച്ചുകണ്ട് പ്രേമബദ്ധനായി. ടിയാന്‍ ജലത്തില്‍ പ്രതിഫലിച്ച സുന്ദരവദനത്തോട് പ്രേമാഭ്യര്‍ഥനയുമായി അവിടെത്തന്നെ കഴിഞ്ഞുകൂടി. ഭക്ഷണം പോലും ഉപേക്ഷിച്ചാണ് കൊടും പ്രേമം അരങ്ങേറിയത്. കക്ഷിയുടെ പേര് നാര്‍സിസസ് എന്നായിരുന്നു.
സെല്‍ഫി പ്രേമത്തിനപ്പുറം നാട്ടിലെ കാര്യങ്ങള്‍ നേരേചൊവ്വേ കാണുകയോ അറിയുകയോ റിപോര്‍ട്ട് ചെയ്യുകയോ ചെയ്യുന്ന പത്രങ്ങളോടും ടിവിക്കാരോടും ഭരണാധികാരികള്‍ക്ക് അലര്‍ജിയാണ്. ഈയിടെ ഉറിയില്‍ പാക് അതിക്രമം നടന്നശേഷം ഇന്ത്യയുടെ വക ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നുവെന്ന് അവകാശവാദമുണ്ടായി. അതിര്‍ത്തി കടന്ന് പത്തുനാല്‍പതു പേരെ കാച്ചിയെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്.
പക്ഷേ, അതിന്റെ വിശദാംശങ്ങള്‍ ചോദിച്ചവരോട് ഭരണകൂടം തട്ടിക്കയറുകയായിരുന്നു. പല പത്രങ്ങളും ടിവിക്കാരും അതിന്റെ ഉള്ളറരഹസ്യങ്ങള്‍ തേടിയിറങ്ങി. അവരില്‍ ചിലര്‍ പറഞ്ഞത്, അവകാശവാദം നടത്തിയപോലെ അതിഗംഭീരമായ പൂഴിക്കടകന്‍ ഒന്നും അതിര്‍ത്തിക്കപ്പുറത്ത് നടത്തിയതായി തെളിവില്ല എന്നാണ്. അതിര്‍ത്തി കടന്ന് ചില ക്യാംപുകള്‍ ആക്രമിച്ചുവെന്നത് ശരിയാണ്. അതിനപ്പുറം കൊട്ടിഘോഷിക്കേണ്ട ഒരു സൈനികനേട്ടവും ഉണ്ടായില്ല എന്നാണു ചിലര്‍ പറഞ്ഞത്.
ഇപ്പോള്‍ അങ്ങനെ ആഴത്തില്‍ അന്വേഷിക്കാന്‍ പോയ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും മര്യാദ പഠിപ്പിക്കാനാണു നീക്കം നടക്കുന്നത്. സൈനിക കാര്യങ്ങള്‍ രഹസ്യമാണ്. അതില്‍ ചോദ്യവും അന്വേഷണവും പാടില്ല. ഭരണാധികാരികള്‍ എന്തു പറയുന്നുവോ അത് തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളണം. പണ്ട് കുട്ടിയുടെ ചോദ്യങ്ങള്‍ കേട്ട് സഹികെട്ട മുത്തച്ഛന്‍ നല്‍കിയ മുന്നറിയിപ്പ് ഓര്‍മയില്ലേ- ‘കഥയില്‍ ചോദ്യമില്ല.’ അതുതന്നെ സംഗതി. രാജ്യത്തിന്റെ ഭരണനേട്ടമായാലും സൈനികനേട്ടമായാലും കഥയില്‍ ചോദ്യം പാടില്ല.
ചോദ്യം ചോദിച്ച ചിലരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യാനും തുടങ്ങിയിട്ടുണ്ട്. എന്‍ഡിടിവി ഹിന്ദി ചാനലിന് കടുത്ത ശിക്ഷ തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്. ഒരുദിവസത്തേക്ക് ചാനല്‍ വായതുറക്കാന്‍ പാടില്ല. നവംബര്‍ ഒമ്പതിന് ചാനല്‍ നിര്‍ബന്ധിത മൗനവ്രതം അനുഷ്ഠിക്കണമെന്നാണ് ഇപ്പോഴത്തെ ഉത്തരവ്.
കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഇത് ഒരുദിവസത്തെ നടപടിയില്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. സര്‍ക്കാരും മാധ്യമങ്ങളും തമ്മില്‍ വഴിപിരിയുന്ന കാഴ്ചയാണു കാണുന്നത്. കഴിഞ്ഞദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ ഒരു സീനിയര്‍ പത്രപ്രവര്‍ത്തകന്‍ നരേന്ദ്ര മോദിയില്‍നിന്ന് അവാര്‍ഡ് വാങ്ങാന്‍ തന്നെ വിസമ്മതിച്ചു. ആ യോഗത്തില്‍ പത്രത്തിന്റെ എഡിറ്ററും പ്രശസ്ത നോവലിസ്റ്റുമായ രാജ്കമല്‍ ഝാ നടത്തിയ പ്രസംഗം നരേന്ദ്ര മോദിക്ക് അത്രയൊന്നും ഹിതകരമായിരിക്കാനും ഇടയില്ല.
മുമ്പൊരിക്കല്‍ മോദിയുടെ ഭക്തജനം ന്യൂയോര്‍ക്കില്‍ വച്ച് രാജ്ദീപ് സര്‍ദേശായിയെ എടുത്തിട്ട് അടിച്ചതാണ്. പശുഭക്തനല്ല എന്ന ഒറ്റക്കുറ്റമാണ് സര്‍ദേശായിക്കെതിരേ ഉണ്ടായിരുന്നത്. രാജ്യമെമ്പാടും ഈ രീതി ആവര്‍ത്തിക്കാന്‍ ഗോരക്ഷക സംഘത്തിന്റെ വക വല്ല പരിശീലന പരിപാടിയും ഉണ്ടാവുമോ ആവോ!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss