|    Apr 21 Sat, 2018 7:49 am
FLASH NEWS
Home   >  Editpage  >  Editorial  >  

പശുവിന്റെ പേരില്‍ കാടത്തം കര്‍ശനമായി തടയണം

Published : 22nd July 2016 | Posted By: SMR

ഗുജറാത്തിലെ കൊച്ചുനഗരമായ ഉനയില്‍ നാല് ദലിത് യുവാക്കള്‍ക്കു നേരെ ഗോരക്ഷാസംഘം പ്രവര്‍ത്തകരുടെ അക്രമം വന്‍ പ്രക്ഷോഭത്തിനാണു കാരണമായിരിക്കുന്നത്. ചത്ത പശുവിനെ നീക്കംചെയ്യുന്നതിനായി ഒരു കര്‍ഷകനാണ് നാല് ദലിത് യുവാക്കളെ ജോലിക്ക് വിളിച്ചത്. ദലിതുകളെ പശുതുകല്‍ മോഷ്ടാക്കളായി ചിത്രീകരിച്ചാണ് ശിവസേനയുടെ ഗോരക്ഷാസംഘം അവരെ പിടികൂടി നഗ്നരാക്കി കെട്ടിയിട്ടു മര്‍ദ്ദിച്ചത്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം ഇരകളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ് പോലിസ് ചെയ്തത്. ദാദ്രിയില്‍ അഖ്‌ലാഖിനെതിരേ കുറ്റം ചാര്‍ത്തിയ യുപി പോലിസിന്റെ അതേ ഇനത്തില്‍ ഉള്‍പ്പെടുന്ന നീതിപാലനം.
ചത്ത പശുക്കളുടെ തോലുരിക്കുന്നതും തോല് ഊറക്കിടുന്നതും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതുമുള്‍പ്പെടെയുള്ള ജോലികള്‍ അയിത്തം നേരിടുന്ന ദലിതുകള്‍ക്ക് മാറ്റിവച്ചത് ജാതിവ്യവസ്ഥയാണ്. ദലിത് സംരക്ഷകരെന്ന മേലങ്കിയണിയുന്ന ബിജെപി നേതൃത്വത്തിന്റെ വാചാടോപങ്ങള്‍ക്കിടെ പുറത്തുവന്ന ഈ പീഡനത്തിനെതിരേ സംസ്ഥാനമൊട്ടുക്കും പ്രതിഷേധം വ്യാപിക്കുകയാണ്. 16 യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. ജില്ലാ അധികാരികളുടെ ഓഫിസിനു മുന്നില്‍ ചത്ത പശുക്കളുടെ ശവം കൂട്ടിയിട്ടാണ് ദലിതുകള്‍ പ്രതിഷേധമറിയിച്ചത്. പശുക്കളെ മാതാവെന്നു കരുതുന്നവര്‍ വന്ന് അന്ത്യകര്‍മങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും തങ്ങളാരും ഇനി അതിനില്ലെന്നും ദലിത് സംഘടനകള്‍ പറയുന്നു.
ദലിതുകള്‍ക്കെതിരായ ആക്രമണം സാമൂഹിക ഭീകരതയെന്ന് പാര്‍ലമെന്റില്‍ വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അതു നേരിടാന്‍ എല്ലാവരും ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി അതിക്രമത്തെ അപലപിച്ചു. ഏറെ വൈകി ഇരകളെ നേരില്‍ക്കണ്ട് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ചര്‍ച്ച നടത്തി.
ഗോമാംസം വീട്ടില്‍ സൂക്ഷിച്ചെന്ന ആരോപണം ചാര്‍ത്തി ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വയോധികനെ മര്‍ദ്ദിച്ചുകൊന്നാണ് മോദി വാഴ്ചയ്ക്ക് കീഴില്‍ ഗോസംരക്ഷകര്‍ അക്രമത്തിനു തുടക്കമിട്ടത്. പിന്നീട് പലയിടങ്ങളിലായി അരങ്ങേറിയ അക്രമങ്ങള്‍ ഇതിനു പിന്നിലുള്ള ആസൂത്രിത നീക്കം വ്യക്തമാക്കുന്നു. ജാര്‍ഖണ്ഡില്‍ 12 വയസ്സുകാരനായ ബാലനുള്‍പ്പെടെ രണ്ട് മുസ്‌ലിം കന്നുകാലി കച്ചവടക്കാരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഏതാനും ദിവസം മാത്രം മുമ്പാണ് രാജസ്ഥാനില്‍ രണ്ട് ദലിത് യുവാക്കളെ ചാണകം തീറ്റിക്കുന്ന ദൃശ്യം ഗോസംരക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. ഇത്തരം ഹീനമായ അക്രമങ്ങള്‍ക്ക് മൗനാനുവാദം നല്‍കിയ ഭരണകൂടവും അധികാരികളുമാണ് രാജ്യത്ത് തുടരുന്ന അക്രമങ്ങള്‍ക്കു പിന്നിലെന്നു വ്യക്തമാണ്.
നിയമം കൈയിലെടുത്ത് നിരപരാധികളുടെ ജീവനെടുക്കുന്ന വിനോദം അവസാനിപ്പിച്ചേ തീരൂ. അക്രമാസക്തരായ ഗോരക്ഷാസംഘങ്ങളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്താന്‍ ജനാധിപത്യബോധമുള്ളവര്‍ രംഗത്തുവരണം. പശുവിന്റെ പേരിലുള്ള സംഘടിത താന്തോന്നിത്തം അനുവദിക്കില്ലെന്ന വ്യക്തമായ നിലപാട് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ പ്രഖ്യാപിക്കണം. മനുഷ്യജീവന് പുല്ലുവില കല്‍പിക്കാത്തവര്‍ സാമൂഹികജീവികളല്ല. അവരെ തുറുങ്കിലടയ്ക്കുന്നതിനുള്ള ഉറച്ച നിലപാടാണ് ഭരണകൂടത്തിനുണ്ടാവേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss