|    Aug 14 Tue, 2018 4:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പശുവിനെ വാങ്ങി വരുന്നതിനിടെ മലയാളിക്ക് വെടിയേറ്റു

Published : 6th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: കറവപ്പശുവിനെയും കിടാവിനെയും വാങ്ങി വരുകയായിരുന്ന പാണത്തൂര്‍ സ്വദേശികളെ കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചു. വെടിയേറ്റ് കാലിനു പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണത്തൂര്‍ ചെമ്പേരി എള്ളുകൊച്ചിയിലെ നിഷാന്തി(30)നാണ് വെടിയേറ്റത്. പിക്കപ്പ് വാന്‍ ഉള്‍പ്പെടെ പശുവിനെയും കിടാവിനെയും വനം വകുപ്പുകാര്‍ കൊണ്ടുപോയി. പാണത്തൂര്‍ ചെമ്പേരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സുള്ള്യ കോര്‍ലടുക്കയില്‍ നിന്നു നാടന്‍പശുവിനെയും കിടാവിനെയും വാങ്ങി പാണത്തൂരിലേക്ക് വരുകയായിരുന്ന പി എം ഹനീഫ, കെ വി അനീഷ് എന്നിവരാണ് നിഷാന്തിനോടൊപ്പം ഉണ്ടായിരുന്നത്. എല്ലാവരും പാണത്തൂര്‍ ചെമ്പേരി സ്വദേശികളാണ്.
കര്‍ണാടക-കേരള അതിര്‍ത്തിയിലെ കല്ലപ്പള്ളിയിലാണ് പിന്തുടര്‍ന്നുവന്ന കര്‍ണാടക ഫോറസ്റ്റ് അധികൃതര്‍ ജീപ്പ് റോഡിന് കുറുകെയിട്ട് നിഷാന്തും കൂട്ടുകാരും സഞ്ചരിച്ച വാഹനം തടഞ്ഞത്. ആകാശത്തേക്കു വെടിവച്ചതോടെ അനീഷും ഹനീഫയും വാനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വാന്‍ നിര്‍ത്തി പുറത്തിറങ്ങിയ നിഷാന്തിന്റെ കാലിന് വെടിവച്ചുവീഴ്ത്തിയശേഷമാണ് വനം വകുപ്പുകാര്‍ വാനുമെടുത്ത് പോയതെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള നിഷാന്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഹനീഫയും അനീഷും അരമണിക്കൂറിനുശേഷം സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് വെടിയേറ്റ് അവശനിലയില്‍ കിടക്കുന്ന നിഷാന്തിനെ കണ്ടത്. ജനവാസമില്ലാത്ത സ്ഥലമായതിനാല്‍ നിഷാന്തിനെ ചുമലിലെടുത്ത് മണിക്കൂറുകള്‍ നടന്ന് പാണത്തൂരിലെത്തുകയായിരുന്നു. തുടര്‍ന്ന് നിഷാന്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. നാലു പെല്ലറ്റുകള്‍ അസ്ഥികള്‍ക്കുള്ളില്‍ തുളച്ചുകയറിയിരുന്നു. ഇത് നീക്കംചെയ്യാനാണ് പരിയാരത്തേക്ക് റഫര്‍ ചെയ്തത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പരിയാരം മെഡിക്കല്‍ കോളജിലെത്തി നിഷാന്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പെല്ലറ്റ് ഉപയോഗിച്ചാണ് വെടിവച്ചതെന്നും അതുകൊണ്ട് പരിക്ക് ഗുരുതരമല്ലെന്നും രാജപുരം എസ്‌ഐ എം വി ഷിജു പറഞ്ഞു. വനംവകുപ്പിന്റെ പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് കള്ളക്കടത്തെന്ന സംശയത്തില്‍ വെടിവച്ചതെന്ന് സുള്ള്യ പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss