|    Apr 24 Tue, 2018 6:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പശു ഭീകരതയ്‌ക്കെതിരേ കാംപസ് ഫ്രണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

Published : 25th September 2016 | Posted By: mi.ptk

campusfront

കോഴിക്കോട്: പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് സംഘപരിവാരം അടിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തിനു വര്‍ഷം പൂര്‍ത്തിയാവുന്ന സപ്തംബര്‍ 28നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ഉത്തര്‍പ്രദേശിലെ ദാധ്രിയില്‍ പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖിനെ വീട്ടുകാരുടെ മുന്നില്‍ വച്ച് ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അടിച്ചുകൊന്നത്. പിന്നീടു നടന്ന അന്വേഷണത്തില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നതു കള്ളപ്രചാരണമായിരുന്നുവെന്നു വ്യക്തമാവുകയും ചെയ്തു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു പകരം അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കാനാണു കോടതി പോലും ഉത്തരവിട്ടത്.ഈ വിഷയമുന്നയിച്ച് സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എഴുതിയ തുറന്ന കത്ത് പ്രസക്തമാണ്. ഇരയുടെ പക്ഷം ചേര്‍ന്ന് നീതി ലഭ്യമാക്കുന്നതിനു പകരം വേട്ടക്കാരന്റെ ഭാഗം ചേര്‍ന്ന് അഖ്‌ലാഖിന്റെ കുടുംബത്തെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് കട്ജു വിമര്‍ശിക്കുന്നത്. പക്ഷേ, മാധ്യമങ്ങളോ പൊതുസമൂഹമോ അതു വേണ്ടത്ര ചര്‍ച്ചചെയ്തില്ല.പശുവിന്റെ പേരില്‍ രാജ്യത്തുടനീളം മുസ്‌ലിം വേട്ട നടന്നുകൊണ്ടിരിക്കുകയാണ്. ദലിതര്‍ക്കെതിരെയും ഇപ്പോള്‍ ആക്രമണം തുടങ്ങി. എന്നാല്‍ സമീപകാലത്തുണ്ടായ ദലിത് പ്രതിഷേധങ്ങളുടെ അത്രപോലും പ്രതിഷേധങ്ങള്‍ അഖ്‌ലാഖിന്റെ വിഷയത്തില്‍ ഉണ്ടായിട്ടില്ല.പ്രതികരിക്കാന്‍ പോലും മുസ്‌ലിം സമൂഹം ഭയപ്പെടുന്ന കാഴ്ചയാണു കാണാനാവുന്നത്. ദലിത്, മുസ്‌ലിം സ്വത്വങ്ങള്‍ ഒരുപോലെ ചര്‍ച്ചയില്‍ ഇടംപിടിച്ചെങ്കിലേ ഇന്ത്യയില്‍ പശുരാഷ്ട്രീയത്തിന്റെ പേരില്‍ ശക്തിപ്പെടുന്ന ഫാഷിസ്റ്റ് ശക്തികളെ നിലയ്ക്ക് നിര്‍ത്താനാവൂ.ഹരിയാനയിലും ജാര്‍ഖണ്ഡിലും ഗുജറാത്തിലും ഉള്‍പ്പെടെ തുടരുകയാണ് സംഘപരിവാരത്തിന്റെ ക്രൂരതകള്‍. ഈ സാഹചര്യത്തിലാണ് “മുഹമ്മദ് അഖ്‌ലാഖ് ഒരു സ്വത്വമാണ്, മൗനം ഭീരുത്വമാണ്’ എന്ന പ്രമേയത്തില്‍ പ്രതിഷേധ കൂട്ടായ്മയും കാംപസ് ടോക്കും സംഘടിപ്പിക്കാന്‍ കാംപസ് ഫ്രണ്ട് തീരുമാനിച്ചത്. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും കാംപസുകളില്‍ കാംപസ് ടോക്കും നടക്കും.യോഗത്തില്‍ പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, കെ എ മുഹമ്മദ് ഷമീര്‍, എസ് മുഹമ്മദ് റാഷിദ്, ഷഫീഖ് കല്ലായി, എം ബി ഷെഫിന്‍ എന്നിവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss