|    May 30 Tue, 2017 6:48 pm
FLASH NEWS

പശുക്കടവ് ദുരന്തം; നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published : 20th September 2016 | Posted By: SMR

കുറ്റിയാടി (വടകര): ഞായറാഴ്ച വൈകീട്ട് തൊട്ടില്‍പ്പാലം പശുക്കടവ് കടന്തപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ ആറു യുവാക്കളില്‍ മൂന്നു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. ഒരു യുവാവിന്റെ മൃതദേഹം ഞായറാഴ്ച രാത്രി കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന രണ്ടു പേര്‍ക്കായി ഇന്നലെ രാത്രി വൈകിയും നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
മരുതോങ്കര കോതോട്ട് പറയുള്ളപറമ്പത്ത് രാജീവന്റെ മകന്‍ അക്ഷയ്‌രാജ് (19), പാറക്കല്‍ രാമകൃഷ്ണന്റെ മകന്‍ രജീഷ് (24), കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷജിന്‍ (19), കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വിന്‍ (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു (20), ദേവദാസിന്റെ മകന്‍ വിപിന്‍ദാസ് (21) എന്നിവര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിക്ക് പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതിയുടെ അണക്കെട്ടിനു സമീപം കടന്തപ്പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാക്കളാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.
അക്ഷയ്‌രാജ് പേരാമ്പ്ര സ്വകാര്യ ഐടിഐ വിദ്യാര്‍ഥിയാണ്. മാതാവ് നിഷ. സഹോദരി ശ്രീമോള്‍. രജീഷ് നിര്‍മാണത്തൊഴിലാളിയാണ്. മാതാവ് ഉഷ. സഹോദരന്‍ രഞ്ജിത്ത്. സജിന്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. മാതാവ് ബിന്ദു. സഹോദരന്‍ ഷിബിന്‍. അശ്വന്ത് ചന്ദ്രന്‍ പേരാമ്പ്ര മേഴ്‌സി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മാതാവ് ശാന്ത. സഹോദരന്‍ അശ്വിന്‍. മൃതദേഹങ്ങള്‍ കുറ്റിയാടി താലൂക്ക് ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോതോട്ട് ജിഎല്‍പി സ്‌കൂളിനു സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനു വച്ചു.
ഇന്നലെ രാവിലെ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉച്ചയോടെ 12 കിലോമീറ്റര്‍ അകലെയുള്ള പന്നിക്കോട്ടു നിന്ന് മൂന്നാമത്തെ മൃതദേഹം കണ്ടെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day