|    Nov 24 Fri, 2017 10:28 pm
FLASH NEWS

പശയ്ക്കും വൈറ്റ്‌നറിനും പിന്നാലെ പല്‍പ്പൊടി രൂപത്തിലും ലഹരി വസ്തുക്കള്‍

Published : 6th November 2016 | Posted By: SMR

tooth-powder

കൊല്ലം: അക്ഷരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന വൈറ്റ്‌നര്‍, പശ എന്നിവ ലഹരിയായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ ശ്രേണിയിലേക്ക് പുതിയ ഒരു ലഹരി ഉല്‍പ്പനങ്ങള്‍ കൂടി. പ്രത്യേകതരം പല്‍പ്പൊടിയാണ് ലഹരിക്ക് ഉപയോഗിക്കുന്നതായി ഇപ്പോള്‍ എക്‌സൈസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ജില്ലയിലെ പാന്‍പരാഗ് മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്ന് ലഹരി പല്‍പ്പൊടിയും 10,000 പാക്കറ്റ് പാന്‍പരാഗും പിടിച്ചെടുത്തു. കൊല്ലം പോളയത്തോട് ഭാഗത്തുനിന്നാണ് പുതുതായി ലഹരി കണ്ടെത്തുന്ന മാര്‍ഗ്ഗമായ പല്‍പ്പൊടിയും പാന്‍പരാഗും കണ്ടെത്തിയത്. 50ഗ്രാം വീതമുള്ള ചെറിയ ടിന്നുകളിലായി വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ച് അപായ സൂചനകളും പ്രത്യേകം രേഖപ്പെടുത്തിയാണ് പല്‍പ്പൊടി വിപണിയിലിറക്കിയിരിക്കുന്നത്. ഇതുകൊണ്ട് പല്ല് തേച്ചാല്‍ പ്രത്യേക ലഹരിയും ഉന്മാദവും ദിനം മൊത്തം അനുഭവപ്പെടുമെന്നും ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ വീണ്ടും ഇതുപയോഗിക്കാനുള്ള പ്രവണത കൂടുമെന്നും പിടിയിലായവര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ലഹരി പല്‍പ്പൊടി പിടികൂടുന്നതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇതിനോടൊപ്പം ഏഴ് ലക്ഷം രൂപയുടെ പാന്‍പരാഗും പിടികൂടി. ബിഹാര്‍ സ്വദേശികളായ അലാവുദ്ദീന്‍ (35), മനോജ് (21) എന്നിവരാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്.  പ്രതികളെ ചോദ്യം ചെയ്തതില്‍ ട്രെയിനില്‍ ബീഹാറില്‍ നിന്നാണ് പാന്‍പരാഗും ലഹരി പല്‍പ്പൊടിയും കടത്തുന്നതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.  അടുത്തിടെയാണ് ലഹരി പല്‍പ്പൊടിയുടെ വിപണനം തുടങ്ങിയതെന്ന് പ്രതികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക