|    Oct 20 Sat, 2018 4:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പവര്‍ ഓഫ് അറ്റോര്‍ണി സാധൂകരിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

Published : 13th September 2017 | Posted By: fsq

 

കൊച്ചി: മുദ്ര വില അടയ്ക്കാനുള്ള കാലപരിധി കഴിഞ്ഞുവെന്നതിന്റെ പേരില്‍ വിദേശത്ത് പ്രാബല്യത്തില്‍ വരുത്തിയ പവര്‍ ഓഫ് അറ്റോര്‍ണി സാധൂകരിക്കുന്നതിനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മതിയായ മുദ്ര വില അടച്ചിട്ടില്ലെങ്കില്‍ രേഖ പിടിച്ചെടുത്ത് അതിനുള്ള പിഴത്തുക ഈടാക്കി സാധൂകരിച്ച് തിരിച്ചു നല്‍കാന്‍ ആര്‍ഡിഒക്ക് ഉത്തരവാദിത്തമുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അമേരിക്കയിലെ ടെക്‌സസില്‍ താമസിക്കുന്ന തോമസ് സി കുഞ്ഞച്ചന്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി തീര്‍പ്പാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഹരജിക്കാരനൊപ്പം താമസിക്കുന്ന പ്രായമായ മാതാവ് ചില സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോര്‍ണി അവകാശം രേഖാമൂലം ഹരജിക്കാരന് നല്‍കി. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കൈയൊപ്പോടെ അമേരിക്കയില്‍ തന്നെയാണ് പവര്‍ ഓഫ് അറ്റോര്‍ണി പ്രാബല്യത്തില്‍ വരുത്തിയത്. ഇതുപയോഗിച്ച് ഹരജിക്കാരന്‍ ഇന്ത്യയില്‍ ചില ഇടപാടുകള്‍ നടത്തി. എന്നാല്‍, പവര്‍ ഓഫ് അറ്റോര്‍ണി എസ്ബിടി പുനലൂര്‍ ശാഖയില്‍ സമര്‍പ്പിച്ചപ്പോള്‍ മതിയായ മുദ്രവില അടച്ചിട്ടില്ലെന്നും ഇതിന്‍മേല്‍ തുടര്‍ നടപടി സാധ്യമാവില്ലെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് സ്റ്റാമ്പ് ആക്ട് പ്രകാരം അപ്പീല്‍ കേള്‍ക്കാന്‍ ചുമതലയുള്ള ആര്‍ഡിഒയെ സമീപിച്ചു. കേരള സ്റ്റാമ്പ് ആക്ടിന്റെ 18ാം വകുപ്പ് പ്രകാരം അനുവദിക്കപ്പെട്ട മൂന്നു മാസത്തെ സമയപരിധി കഴിഞ്ഞതിനാല്‍ പവര്‍ ഓഫ് അറ്റോര്‍ണിയുമായി ബന്ധപ്പെട്ട മുദ്ര വില അടയ്ക്കാന്‍ ഇനി കഴിയില്ലെന്ന നിലപാടാണ് ആര്‍ഡിഒ സ്വീകരിച്ചത്. ഇതിനെതിരേ സിംഗിള്‍ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. വിദേശത്തായിരിക്കെ പ്രാബല്യത്തില്‍ വരുത്തുന്ന പവര്‍ ഓഫ് അറ്റോര്‍ണിയുടെ ഇളവ് സംബന്ധിച്ച് സ്റ്റാമ്പ് ആക്ടില്‍ കൃത്യമായി പ്രതിപാദിക്കുന്നതായും ഇന്ത്യയില്‍ ലഭിച്ച് മൂന്ന് മാസത്തിനകം മതിയായ മുദ്ര വില അടച്ച് സാധുവാക്കണം എന്നാണ് 18ാം വകുപ്പിലെ വ്യവസ്ഥയെന്നും കോടതി പറഞ്ഞു. അല്ലാത്ത പക്ഷം ഈ പവര്‍ ഓഫ് അറ്റോര്‍ണി രേഖ ലഭിക്കുന്ന അധികാരപ്പെട്ടയാള്‍ സ്റ്റാമ്പ് ആക്ട് പ്രകാരം കലക്ടറുടെ ചുമതലയുള്ള ആര്‍ഡിഒക്ക് മുമ്പാകെ സമര്‍പ്പിക്കണം. രേഖ കണ്ടുകെട്ടാമെങ്കിലും മതിയായ മുദ്രവില നല്‍കാത്തതിന് പിഴ ഈടാക്കി ആര്‍ഡിഒക്ക് അത് ഉടമസ്ഥര്‍ക്ക് തന്നെ തിരിച്ചു നല്‍കാം. നടപടിക്രമം പൂര്‍ത്തിയാക്കി പിഴയൊടുക്കിയാല്‍ അതിന് ശേഷമുള്ള ഇടപാടുകള്‍ക്ക് ഈ രേഖ സാധുതയുള്ളതായി തീരുമെന്നാണ് വ്യവസ്ഥ. വകുപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ബാധ്യസ്ഥനായ ഡിവിഷനല്‍ ഓഫിസര്‍ പവര്‍ ഓഫ് അറ്റോര്‍ണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ നടപടി അദ്ഭുതപ്പെടുത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss