|    Oct 15 Mon, 2018 4:24 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പഴിക്കേണ്ടത് കാലവര്‍ഷത്തെയല്ല

Published : 19th September 2017 | Posted By: fsq

 

ഇത്തവണ കാലവര്‍ഷക്കാലത്ത് ലഭിക്കേണ്ട മഴയില്‍ കഴിഞ്ഞ മാസങ്ങളില്‍ വന്‍ കുറവു വന്ന സാഹചര്യത്തില്‍ കേരളം ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് മുഖ്യമന്ത്രിയടക്കം സംസ്ഥാന ഭരണാധികാരികള്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 1 മുതല്‍ ആഗസ്ത് 23 വരെയുള്ള കണക്കു പ്രകാരം കാലവര്‍ഷത്തില്‍ 25 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. പ്രധാന വൈദ്യുതോല്‍പാദന ജലസംഭരണികളില്‍ 41 ശതമാനം ജലം മാത്രമേ എത്തിച്ചേര്‍ന്നിട്ടുള്ളൂ എന്നു മുഖ്യമന്ത്രി കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കാലം തെറ്റിയാണെങ്കിലും കണക്കു തീര്‍ത്താണ് ഇത്തവണയും കാലവര്‍ഷം മടങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴ നേരത്തേ പ്രതീക്ഷിച്ചിരുന്ന ജലലഭ്യത ഇത്തവണയും ഉറപ്പുവരുത്തുമെന്നു തീര്‍ച്ചയാണ്. പ്രതിവര്‍ഷം ലഭിക്കുന്ന ശരാശരി മഴയില്‍ ഇത്തവണ കാര്യമായ കുറവൊന്നും ഉണ്ടാവാനിടയില്ല. ഒരുപക്ഷേ, കാലവര്‍ഷം അടുത്ത ദിവസങ്ങളില്‍ വീണ്ടും കനക്കുകയാണെങ്കില്‍ ശരാശരി മഴലഭ്യതയില്‍ കവിഞ്ഞ രീതിയില്‍ ഇത്തവണ കിട്ടാനും ഇടയുണ്ട്. പ്രകൃതി കേരളത്തെ ഇത്രമേല്‍ കനിഞ്ഞ് അനുഗ്രഹിച്ചിട്ടും എന്തുകൊണ്ടാണ് മലയാളിക്ക് എല്ലാ വേനല്‍ക്കാലത്തും ജലലഭ്യതയെ സംബന്ധിച്ചു പരാതി പറയേണ്ടിവരുന്നത്? എന്തുകൊണ്ടാണ് ഓരോ വര്‍ഷവും വേനല്‍ക്കാലത്ത് ടാങ്കറുകളില്‍ ജലം എത്തിക്കുന്ന പ്രവണത ശക്തമാവുന്നത്? അതിനു പ്രധാന കാരണം ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും തന്നെയാണ്. കേരളത്തില്‍ സമൃദ്ധമായി ഏതാണ്ട് ആറു മാസക്കാലം മഴ ലഭിക്കുമെങ്കിലും അതു ഭൂമിയില്‍ സംഭരിക്കുന്നതിനോ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കരുതിവയ്ക്കുന്നതിനോ കാര്യമായ ഒരു സംവിധാനവും ഇന്നും കേരളത്തിലില്ല. പ്രാദേശിക തലത്തില്‍ ജലസംഭരണികള്‍ സൃഷ്ടിക്കാനും നദികളില്‍ തടയണകള്‍ പോലുള്ള സംവിധാനങ്ങള്‍ സൃഷ്ടിച്ച് ജലം പൂര്‍ണമായും കടലിലേക്ക് ഒഴുകിപ്പോകുന്നതു തടയാനും ഇതുവരെ കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടില്ല. അതേപോലെത്തന്നെ, പ്രകൃതിവിരുദ്ധമായ കെട്ടിടനിര്‍മാണ രീതികളും വാസസ്ഥലങ്ങളുടെ മുറ്റങ്ങള്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങാത്തവിധം കോണ്‍ക്രീറ്റും ടൈലുകളും കൊണ്ടു മറയ്ക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളാണ്. വീടുകള്‍ നിര്‍മിക്കുന്നതിനു മഴക്കുഴി വേണമെന്നു നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അതു പലപ്പോഴും വേനല്‍ക്കാലത്ത് കൊതുകു വളര്‍ത്തുകേന്ദ്രമായി മാറുമെന്ന ഭീതി കാരണം ജനങ്ങള്‍ അതിനു തയ്യാറാവുന്നുമില്ല. നേരത്തേ, ജനകീയാസൂത്രണ സംരംഭങ്ങളുടെ ഭാഗമായി ജലസംഭരണത്തിനുള്ള പ്രാദേശിക പദ്ധതികള്‍ ധാരാളമായി പ്രയോഗത്തില്‍ വരുത്തുകയുണ്ടായി. നിരവധി ഗ്രാമപ്പഞ്ചായത്തുകളില്‍ നദികളും കുളങ്ങളും മറ്റു ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ജനകീയ മുന്നേറ്റവും അന്നു നടന്നു. ഇന്നു സര്‍ക്കാര്‍ അത്തരം ജനകീയ മുന്നേറ്റങ്ങളില്‍ നിന്നു മുഖംതിരിച്ചുനില്‍ക്കുകയാണ്. ഉദ്യോഗസ്ഥ നിയന്ത്രിതമായ മിഷനുകളാണ് അവയ്ക്കു പകരം രംഗത്തുള്ളത്. ഇത് എത്രമാത്രം പ്രയോജനപ്രദമാണെന്ന കാര്യം സംശയാസ്പദമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss