|    Jan 18 Wed, 2017 7:25 pm
FLASH NEWS

പഴശ്ശി പദ്ധതി പ്രദേശത്ത് മണല്‍ക്കടത്ത് വ്യാപകം

Published : 27th August 2016 | Posted By: SMR

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ നിന്നു മണല്‍ക്കടത്ത് നിര്‍ബാധം തുടരുമ്പോഴും റവന്യൂ-പോലിസ് അധികൃതര്‍ മൗനം പാലിക്കുന്നു. പദ്ധതി പ്രദേശത്തെ വിവിധ കടവുകളില്‍ നിന്നായി രാത്രികാലങ്ങളില്‍ തോണി ഉപയോഗിച്ച് നിരവധി ലോഡ് മണലാണ് കടത്തുന്നത്.
റവന്യൂ-പോലിസ് അധികൃതരുമായുള്ള ഇവര്‍ക്കുള്ള ബന്ധം മൂലം സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാവുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടപ്പോള്‍ മണല്‍വാരലിന് കുറച്ച് ശമനമുണ്ടായിരുന്നെങ്കിലും പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ വീണ്ടും മണല്‍വാരല്‍ ശക്തമായി. ഏഴോളം കടവുകളാണ് പഴശ്ശിപദ്ധതി പ്രദേശമുള്ളത്. ഇതില്‍ പടിയൂര്‍, പൂവ്വം, എടക്കാനം, പെരുമ്പറമ്പ് കടവുകളില്‍ നിന്നാണ് മണല്‍ വാരല്‍ വ്യാപകമായിട്ടുള്ളത്.
രാത്രി എട്ടോടെ തോണി ഉപയോഗിച്ച് ശേഖരിക്കുന്ന മണല്‍ പുലര്‍ച്ചെയോടെ കടവുകളില്‍ ലോറിയെത്തിച്ച് കയറ്റിക്കൊണ്ടു പോവും. വിപുലമായ സെക്യൂരിറ്റി സംവിധാനത്തോടെയാണ് മണല്‍ക്കടത്ത് സംഘം പ്രദേശത്ത് പിടിമുറുക്കുന്നത്. പഴശ്ശി പദ്ധതി പ്രദേശത്തെ മണല്‍ ഇ-മണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ടു ശേഖരിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ മണല്‍ ശേഖരിക്കാനുള്ള അധികാരം ഏത് ഏജന്‍സിക്കു നല്‍കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണു മണല്‍ ശേഖരിക്കാനുള്ള അധികാരം നല്‍കിയത്. എന്നാല്‍ കെല്‍ സ്വ—കാര്യ വ്യക്തികള്‍ക്ക് കരാര്‍ നല്‍കി ചില ഉദ്യോഗസ്ഥര്‍ വന്‍ അഴിമതി കാണിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
നിശ്ചിത കാലയളവില്‍ മണല്‍വാരാനുള്ള അധികാരം ലേലത്തിനു നല്‍കണമെന്നാണ് ജലസേചന വകുപ്പിന്റെ നിലപാട്. ഈ നിര്‍ദേശം ജില്ലാ ഭരണകൂടം അംഗീകരിച്ചിട്ടില്ല. പരസ്യ ലേലമായാല്‍ വരുമാനം കൂടുമെന്നാണ് വകുപ്പിന്റെ ന്യായമെങ്കിലും വ്യാപകമായ ആരോപണങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാലാണ് പഴശ്ശി പദ്ധതി പ്രദേശത്തെ മണല്‍ ഇ-മണല്‍ വിഭാഗത്തേക്ക് മാറ്റിയത്.
ഏതായാലും പഴശ്ശി പദ്ധതി പ്രദേശത്തെ മണല്‍ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തില്‍ അധികൃതര്‍ക്കിടയില്‍ അനിശ്ചിതത്വം തുടരുന്നത് മണല്‍ ലോബിക്ക് തീവെട്ടിക്കൊള്ള നടത്താനുള്ള സുവര്‍ണകാലമായി മാറുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക