|    Oct 18 Thu, 2018 6:30 am
FLASH NEWS

പഴശ്ശി പദ്ധതി പ്രദേശം കൈയേറ്റം റീ സര്‍വേ വേഗത്തിലാക്കാന്‍ ആവശ്യം

Published : 11th January 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടി പഴശ്ശി പദ്ധതിക്ക് അധീനതയിലുള്ള പ്രദേശം വ്യാപകമായി കൈയേറുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇരിട്ടി താലൂക്ക് സഭ ആവശ്യപ്പെട്ടു. കൈയേറ്റം തടയാന്‍ സ്വീകരിച്ച റീസര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. സ്വകാര്യ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്‍ കൈയേറ്റമാണ് നടത്തിയിരിക്കുന്നതെന്ന് വിവിധ കക്ഷി നേതാക്കള്‍ പറഞ്ഞു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ ശ്രീധരനാണ് പ്രശ്‌നം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തന്തോട് ഭാഗത്ത് പദ്ധതി പ്രദേശത്തിന്റെ സ്ഥലം കൈയേറി വീട് പോലും നിര്‍മിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പല ഭാഗങ്ങളിലും ചെറുതും വലുതുമായ കൈയേറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റം തടയാന്‍ പദ്ധതി പ്രദേശം റീസര്‍വേ നടത്താന്‍ 1.80 കോടി അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരിക്കുള്ളില്‍ റീസര്‍വേ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സര്‍വേ കല്ലുകള്‍ പുനസ്ഥാപിച്ച് പദ്ധതി പ്രദേശം വേര്‍ തിരിക്കുമെന്ന് ബന്ധപ്പെട്ടര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ നല്‍കാനുള്ള തിയ്യതി നീട്ടണമെന്ന ആവശ്യവും വിവിധ അംഗങ്ങള്‍ ഉന്നയിച്ചു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം അപര്യപ്തമാണ്. ഇക്കാലയളവില്‍ ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കാന്‍ ഗുണഭോക്താവിന് സാധിക്കില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. സമയപരിധി സര്‍ക്കാരാണ് നീട്ടേണ്ടതെന്നും ഹിയറിങ് സമയത്ത് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്നും  താലൂക്ക് സപ്ലൈ  ഓഫിസര്‍ യോഗത്തില്‍ പറഞ്ഞു. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ പരാതി നല്‍കുമെമ്പോള്‍ പരാതിക്കാരന്റെ വ്യക്തമായ മേല്‍വിലാസം കൂടി നല്‍കണമെന്ന കാര്യത്തില്‍ സഭയില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. വ്യക്തമായ മേല്‍വിലാസത്തോടെയുള്ള അപേക്ഷ മാത്രമേ സ്വീകരിക്കാവുമെന്ന് സണ്ണിജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയിലെ പ്രധാന ടൗണെന്ന പരിഗണന വച്ച് ഇരിട്ടിയിലെ പൊതുശൗചാലയം വ്യത്തിയും വെടിപ്പുമുള്ളതാക്കി മാറ്റണെന്ന് കോണ്‍ഗ്രസ് അംഗം ചന്ദ്രന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. കെഎസ്ടിപി റോഡിലെ ഓലുചാലുകളുടെ നിര്‍മാണത്തോടൊപ്പം വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സംവിധാനവും ഉണ്ടാക്കണമെന്ന് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഉസ്മാന്‍ അവശ്യപ്പെട്ടു. ആറളം, അയ്യന്‍കുന്ന്്, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ റീസര്‍വേ പൂര്‍ത്തിയാക്കി പട്ടയം നല്‍കാനുള്ളവര്‍ക്ക് അത് ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ആറളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ തഹസില്‍ദാര്‍ ജോസിലിയമ്മ, ചന്ദ്രന്‍ തില്ലങ്കേരി, ഇബ്രാഹീം മുണ്ടേരി, സി ബാബു, കെ വേലായുധന്‍, വി ഷാജി, കെ ശ്രീധരന്‍, ജോര്‍ജ് കുട്ടി ഇരുമ്പുകുഴി, പി പി ഉസ്മാന്‍, ബി കെ കാദര്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, സുരേന്ദ്രന്‍ തച്ചേളി, സി വി ശശീന്ദ്രന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss