|    May 28 Sun, 2017 10:15 pm
FLASH NEWS

പഴശ്ശി അണക്കെട്ട് റോഡില്‍ നാളെ മുതല്‍ ഗതാഗത നിരോധനം

Published : 16th September 2016 | Posted By: SMR

ഇരിക്കൂര്‍: പഴശ്ശി റിസര്‍വോയറില്‍ അടിയന്തിര അറ്റകുറ്റപ്പണി തുടങ്ങുന്നതിനാല്‍ അണക്കെട്ട് വഴിയുള്ള വാഹന ഗതാഗതം നിരോധിക്കുന്നു. നാളെമുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് പൂര്‍ണതോതില്‍ ഗതാഗതം നിരോധിക്കുന്നത്.
ജലചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പഴശ്ശി റിസര്‍വോയറില്‍ പരമാവധി ജലം സംഭരിച്ച് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന തരത്തില്‍ പദ്ധതിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജലചോര്‍ച്ച നിവാരണ പ്രവൃത്തിക്കായി അണക്കെട്ട് നിര്‍മാണ കമ്പനിക്ക് കൈമാറും. മൂന്നു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂര്‍ണമായി തീര്‍ക്കണമെന്നാണു കരാര്‍ വ്യവസ്ഥ.
അണക്കെട്ടിലെ ഷട്ടറുകളിലൂടെ വര്‍ഷങ്ങളായി ചോര്‍ച്ച തുടരുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ എട്ടുകോടി രൂപ ചെവഴിച്ച് മാറ്റി സ്ഥാപിച്ചിരുന്നു. പഴയതും ബലക്ഷയമുള്ളതും ദ്രവിച്ചതുമായ എല്ലാ ഷട്ടറുകളും മാറ്റിയതോടെ 80 ശതമാനത്തിലധികം ജലചോര്‍ച്ച കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ചോര്‍ച്ച കുറഞ്ഞതിനാല്‍, കഴിഞ്ഞ തവണ വരള്‍ച്ച ശക്തമായിട്ടും പദ്ധതി പ്രദേശത്ത് ജലനിരപ്പ് കുറഞ്ഞിരുന്നില്ല. ജില്ലാ ആസ്ഥാനത്തേക്കും ജപ്പാന്‍ കുടിവെള്ള പദ്ധതിയിലേക്കും പഴശ്ശി പദ്ധതി പ്രദേശത്തു നിന്നാണ് ജലം വിതരണം ചെയ്യുന്നില്ല. പഴശ്ശി അണക്കെട്ടിന്റെ ചോര്‍ച്ച പൂര്‍ണമായി തടയാനായാല്‍ പദ്ധതിയെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷട്ടറുകളുടെ പഴയ എല്ലാ റബര്‍ സീലുകളും മാറ്റിയും ബലപ്പെടുത്തേണ്ട ഭാഗങ്ങള്‍ ബലപ്പെടുത്തിയുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഷട്ടറുകളും ബലപ്പെടുത്തലും അറ്റകുറ്റിപ്പണികള്‍ക്കുമായി വലിയ യന്ത്രങ്ങള്‍ അണക്കെട്ടിനു മുകളിലെ പാതയില്‍ സ്ഥാപിക്കേണ്ടി വരുന്നതിനാലാണ് മൂന്നു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുന്നതെന്നു പഴശ്ശി അണക്കെട്ട് അധികൃതര്‍ അറിയിച്ചു. അതിനാല്‍ ഇരിക്കൂര്‍-പടിയൂര്‍-കുഴിലൂര്‍ ഭാഗത്തു നിന്ന് വെളിയമ്പ്ര-മട്ടന്നൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ മണ്ണൂര്‍ക്കടവ് പാലം വഴി പോവണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day