|    Jul 16 Mon, 2018 4:31 pm
FLASH NEWS

പഴശ്ശി അണക്കെട്ടില്‍നിന്ന് മണലെടുക്കാന്‍ അനുമതി

Published : 1st November 2016 | Posted By: SMR

ഇരിക്കൂര്‍: പഴശ്ശി അണക്കെട്ട് പദ്ധതിപ്രദേശത്തുനിന്ന് നിയന്ത്രണങ്ങള്‍ക്കു വിധേയമായി മണലെടുക്കാന്‍ വ്യവസായ വകുപ്പ് അനുമതി നല്‍കി. മുന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ മലമ്പുഴ മാതൃകയില്‍ പഴശ്ശി പദ്ധതിപ്രദേശത്തെ മണല്‍ ശേഖരിച്ച് ഇ-മണല്‍ പദ്ധതിയില്‍പ്പെടുത്തി വിതരണം ചെയ്യാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ക്കും നിര്‍വഹണങ്ങള്‍ക്കുമായി പൊതുമേഖലാ സ്ഥാപനത്തെ ഏല്‍പിക്കും. കഴിഞ്ഞ വര്‍ഷം കെംഡലി(കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്)നായിരുന്നു മണലെടുപ്പിനുള്ള ചുമതല. ഇത്തവണയും കെംഡല്‍ തയ്യാറായിട്ടുണ്ട്. ജലസേചന വകുപ്പ് അവരുമായി ധാരണാപത്രം ഒപ്പുവച്ചാലുടന്‍ പദ്ധതി തുടങ്ങും. ഇതിനായി പഴശ്ശി ജലസേ—ചന വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ മണലിന്റെ വിലയും മറ്റും ചര്‍ച്ചയായിരുന്നു. മണലൂറ്റലില്‍ നടക്കുന്ന തട്ടിപ്പും ക്രമക്കേടും തടയാന്‍ കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് പരിഗണിച്ചാണ് പൊതുമേഖലാ സ്ഥാപനം വഴി മണല്‍ ശേഖരിച്ച്  വിതരണം ചെയ്യാന്‍ ക്രമീകരണം ഒരുക്കുന്നത്. ക്യൂബിക് മീറ്ററിന് 540 രൂപ നിരക്കില്‍ ഖനത്തിലൂടെ കെംഡല്‍ മണല്‍ ശേഖരിക്കും. ഈ മണല്‍ നിര്‍മിതികേന്ദ്രം വഴി ഇ-മണല്‍ മുന്‍ഗണനാ പട്ടിക പരിഗണിച്ചാവും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുക. പദ്ധതി മേഖലയിലെ അപേക്ഷകര്‍ക്കായിരിക്കും പ്രഥമ പരിഗണന. ശേഖരിക്കുന്ന മണലിന്റെ 75 ശതമാനം ഇ-മണല്‍ അപേക്ഷകര്‍ക്കും 25 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വിഭാഗം പ്രവൃത്തികള്‍ക്കും നല്‍കും. പദ്ധതി പ്രദേശത്തെ മൂന്ന് വില്ലേജുകളുടെ പരിധിയിലെ പടിയൂര്‍, പൂവം, തന്തോട്, എടക്കാനം, മോച്ചോരി, പെരുവമ്പറത്ത്, പനത്താണ്ടി തുടങ്ങിയ എട്ടോളം കടവുകളില്‍ നിന്നാണ് 7300 എം ക്യുബിക് മീറ്റര്‍ മണലെടുക്കുക. കീഴൂര്‍ വില്ലേജില്‍നിന്ന് 2433ഉം പടിയൂര്‍ വില്ലേജില്‍നിന്ന് 2433ഉം പായം വില്ലേജില്‍നിന്ന് 2434 എം ക്യുബിക് മീറ്ററും മണല്‍വാരും. മണലെടുപ്പും അത് കടത്തുന്നതിനുള്ള പാസും മറ്റു നടപടിക്രമങ്ങളും കലക്ടര്‍ ചെയര്‍മാനായമോണിറ്ററിങ് സമിതിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയറാണ് കണ്‍വീനര്‍. ജില്ലാ പോലിസ് മേധാവി, ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി, കണ്ണൂര്‍ തഹസില്‍ദാര്‍മാര്‍, നിര്‍മിതി കേന്ദ്രം അണ്ടര്‍ സെക്രട്ടറി, തലശ്ശേരി ഡെപ്യൂട്ടി കലക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഇരിട്ടി ഡിവൈഎസ്പി എന്നിവര്‍ അംഗങ്ങളാണ്. നവംബര്‍, ഫെബ്രുവരി മാസങ്ങളിലാണ് മണലെടുക്കുക. ഒരു ടണ്‍ മണലിന് കഴിഞ്ഞ വര്‍ഷം ഈടാക്കിയതു പോലെ 1338 രൂപയാണ് സമിതി ഇക്കുറിയും വില നിശ്ചയിച്ചിട്ടുള്ളത്. ജില്ലയിലെ 75000ത്തോളം വരുന്ന ഇ-മണല്‍ അപേക്ഷകര്‍ക്ക് കൊടുത്തു തീര്‍ത്തതിന് ശേഷമേ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. മണല്‍ലോറികളുടെ വാടകയും കിലോ മീറ്റര്‍ ചാര്‍ജും പഴയതു തന്നെയായിരിക്കും. മുന്‍കാലങ്ങളില്‍ സ്വകാര്യ കരാറുകാര്‍ക്കായിരുന്നു പഴശ്ശി പദ്ധതിപ്രദേശത്തെ മണല്‍ ലേലത്തിലൂടെ നല്‍കിയിരുന്നത്. കരാറുകാര്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ മണലൂറ്റി. ലേലനടപടികളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലേലകാലാവധിക്ക് മുമ്പേ കരാര്‍ റദ്ദാക്കി. തുടര്‍ന്നാണ് കെംഡലിനെ ഏല്‍പ്പിച്ചത്. നിലവില്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകളുടെയും ഭിത്തിയുടെയും അറ്റകുറ്റപ്പണി നടക്കുന്നതിനാ ല്‍ 16 ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മുഴുവന്‍ ഷട്ടറുകളും അടയ്ക്കുന്നതുവരെ മണലെടുക്കാനാവും. സര്‍ക്കാര്‍ നിശ്ചയിച്ച അളവില്‍ മണല്‍ ലഭിക്കുന്ന മുറക്ക് വാരല്‍ നിര്‍ത്തും. അണക്കെട്ടിന്റെ മുകള്‍ ഭാഗങ്ങളില്‍ പലയിടങ്ങളിലും വന്‍തോതില്‍ മണല്‍ നിറഞ്ഞതായാണ് വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss