|    Sep 23 Sat, 2017 8:02 pm
FLASH NEWS

പഴശ്ശി അണക്കെട്ടിലെ അറ്റകുറ്റപ്പണി: ജലനിരപ്പ് താഴ്ന്നു; കുടിവെള്ള വിതരണം ആശങ്കയില്‍

Published : 9th October 2016 | Posted By: SMR

ഇരിക്കൂര്‍: പഴശ്ശി അണക്കെട്ടിലെ ചോര്‍ച്ച പൂര്‍ണമായി പരിഹരിക്കാനായി ഷട്ടറുകള്‍ തുറന്നതോടെ സംഭരണിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഇതോടെ ജില്ലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായേക്കുമെന്ന് ആശങ്ക. അണക്കെട്ടിലെ 16 ഷട്ടറുകളും അടയ്ക്കുമ്പോള്‍ 23 മീറ്റര്‍ ഉയരം വരെ വെള്ളം തടുത്തു നിര്‍ത്തുമ്പോള്‍ ഇരിട്ടിവരെയുള്ള പുഴ നിറയുകയായിരുന്നു പതിവ്. എന്നാല്‍ ഷട്ടറുകളുടെയും ഭിത്തികളുടെയും ചോര്‍ച്ച അടക്കുന്ന ജോലി കരാര്‍ ജീവനക്കാര്‍ തുടങ്ങിയതോടെയാണ് ശേഖരിച്ച വെള്ളം മുഴുവനും താഴെ ഇരിക്കൂര്‍ പുഴയിലേക്ക് ഒഴുക്കിയത്.
ഇരിക്കൂര്‍ പഞ്ചായത്ത്, തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭ, സമീപത്തെ 10 പഞ്ചായത്തുകളിലേക്കും ഈ വെള്ളമാണ് നല്‍കുന്നത്. കൂടാതെ കണ്ണൂര്‍, പെരളശ്ശേരി, കൊളച്ചേരി, കീഴൂര്‍ ചാവശ്ശേരി എന്നിവടങ്ങലിലേക്കും പഴശ്ശി ഡാമില്‍ നിന്നാണ് കുടിവെള്ളം നല്‍കുന്നത്. കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ മുതല്‍ അണക്കെട്ട് തുറന്നിടുകയും നവംബര്‍ ആദ്യം ഷട്ടറുകള്‍ അടച്ച് വെള്ളം തടഞ്ഞുവയ്ക്കുകയുമാണ് പതിവ്. അങ്ങനെ നവംബര്‍ മുതല്‍ മെയ് അവസാനം വരെ ഏഴുമാസത്തോളം അണക്കെട്ടില്‍ വെള്ളം നിറഞ്ഞിരിക്കേണ്ട സമയമാണ്. എന്നാല്‍ ഈ വര്‍ഷം പ്രധാനപ്പെട്ട അറ്റകുറ്റപ്പണിയായതിനാലാണ് മൂന്ന് മാസം ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിയത്. നിലവില്‍ അണക്കെട്ടിന്റെ കിഴക്കുഭാഗത്തെ 10 ഷട്ടറുകളാണ് ഇപ്പോള്‍ ഒന്നായി തുറന്നു വിട്ടിരിക്കുന്നത്. പഴശ്ശി അണക്കെട്ടിന്റെ എഫ്ആര്‍എല്‍ 26.6 മീറ്റര്‍ സ്‌കെയില്‍ വെള്ളമാണ്. റിസര്‍വോയറില്‍ നിലവില്‍ 10 മീറ്റര്‍ സ്‌കെയിലില്‍ താഴെയാണ് വെള്ളമുള്ളത്. അണക്കെട്ടിനു മുകള്‍ ഭാഗത്ത് പുഴയില്‍ തന്നെ വലിയ കിണര്‍ കുഴിച്ചാണ് വിവിധ കുടിവെള്ള പദ്ധതികളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. അഞ്ച് കുടിവെള്ള പദ്ധതികളിലേക്ക് കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പഴശ്ശി അണക്കെട്ടില്‍ നിന്നു ദിനംപ്രതി പമ്പ് ചെയ്യുന്നത്.
ഇത്തവണ മഴക്കുറവും അണക്കെട്ട് തുറക്കലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പഴശ്ശി അണക്കെട്ടിന് സമീപത്ത് പടിയൂര്‍ പഞ്ചായത്തിലെ കുയിലൂര്‍ ഭാഗത്താണ് നിര്‍ദിഷ്ട പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതിയും വരാനിരിക്കുന്നത്. അണക്കെട്ടില്‍ നിന്നു അധികമായി വരുന്ന വെള്ളം ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് അണക്കെട്ട് നിറഞ്ഞ് കരകവിഞ്ഞൊഴുകിയപ്പോള്‍ തകര്‍ന്ന് ഒഴുകിപ്പോയ പൂന്തോട്ടങ്ങളും മറ്റും ശരിയാക്കുന്ന പദ്ധതിയും നടക്കുന്നുണ്ട്. അണക്കെട്ടില്‍ വൈദ്യുതീകരണ പ്രവൃത്തികളും നടക്കുന്നതോടെ 2017 മുതല്‍ നവീന രീതിയിലുള്ള വിനോദ സഞ്ചാര കേന്ദ്രം കൂടിയായി പഴശ്ശി അണക്കെട്ട് മാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക