|    Jun 22 Thu, 2017 10:10 pm
FLASH NEWS

പഴശ്ശിരാജ കോവിലകം ഏറ്റെടുക്കല്‍ പരിഗണനയില്‍: മുഖ്യമന്ത്രി

Published : 2nd December 2016 | Posted By: SMR

മട്ടന്നൂര്‍: കേരളവര്‍മ പഴശ്ശിരാജയുടെ കോവിലകം ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂര്‍ നഗരസഭ പഴശ്ശിയില്‍ പണിത പഴശ്ശിരാജ സ്മൃതി മന്ദിരത്തില്‍ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് മട്ടന്നൂര്‍ നഗരസഭയും പഴശ്ശിരാജ കുടുംബവും നല്‍കിയ നിവേദനത്തോട് അനുകൂലസമീപനമാണ് സര്‍ക്കാരിനുള്ളത്. അത് ചരിത്രസ്മാരകമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും. പഴശ്ശിരാജയുടെ ഓര്‍മകളെപ്പോലും ബ്രിട്ടീഷ് സാമ്രാജ്യത്വം ഭയപ്പെട്ടതിനാലാണ് അദ്ദേഹത്തിന്റെ കൊട്ടാരം നിലനിന്നിരുന്ന സ്ഥലം ഇടിച്ചുനിരത്തി അതുവഴി റോഡ് നിര്‍മിച്ചത്. എന്നാല്‍ അവശേഷിക്കുന്ന കുളം നവീകരിക്കുകയും സമീപത്ത് സ്മൃതിമന്ദിരം നിര്‍മിച്ച് അവിടെ പഴശ്ശിരാജയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തതിലൂടെ അദ്ദേഹത്തിന്റെ ത്യാഗോജ്വലഓര്‍മകളെ ആദരിക്കുകയാണ് നഗരസഭ ചെയ്തത്.  പഴശ്ശിരാജയുടെ 211ാം ചരമവാര്‍ഷികാചരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, സണ്ണി ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, ഡോ. കെ കെ എന്‍ കുറുപ്പ്, മുന്‍ എംഎല്‍എ പി ജയരാജന്‍, പഴശ്ശിരാജ കുടുംബാംഗം കേരള വര്‍മരാജ, ജനപ്രതിനിധികള്‍, പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. ഒറ്റ ഈട്ടിത്തടിയില്‍ പ്രതിമ നിര്‍മിച്ച ശില്‍പി പ്രശാന്ത് ചെറുതാഴത്തിനെ മന്ത്രി കെകെ ശൈലജ ആദരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക