|    Mar 25 Sat, 2017 11:41 am
FLASH NEWS

പഴശ്ശിരാജയുടെ പൂര്‍ണകായ ശില്‍പം ഒരുങ്ങുന്നു

Published : 3rd September 2016 | Posted By: SMR

മട്ടന്നൂര്‍: പഴശ്ശിയിലെ സ്മൃതി മന്ദിരത്തില്‍ സ്ഥാപിക്കാനായുള്ള കേരളവര്‍മ പഴശ്ശിരാജയുടെ പൂര്‍ണകായ ശില്‍പം ഒരുങ്ങുന്നു. നവംബര്‍ 30ന് സ്മൃതി മണ്ഡപത്തില്‍ പ്രതിമ അനാച്ഛാദനം ചെയ്യും.
എറെ നാളത്തെ കാത്തിരിപ്പിനു ശേഷം നഗരസഭ കഴിഞ്ഞ വര്‍ഷം ഒരുക്കിയ സ്മാരകത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ശില്‍പി പ്രശാന്ത് ചെറുതാഴമാണ് ശില്‍പം നിര്‍മിക്കുന്നത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഈട്ടിത്തടിയിലാണ് എട്ടടി ഉയരത്തില്‍ പഴശ്ശിരാജയുടെ ശില്‍പവും പീഠവും ഉള്‍പ്പെടെ പണിയുന്നത്.
മരത്തില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്ക് മുന്നോടിയായി അതേ ഉയരത്തിലും വലുപ്പത്തിലുള്ള മെഴുക് ശില്‍പവും പ്രശാന്ത് നിര്‍മിച്ചിരുന്നു. പഴശ്ശി കൊട്ടാരത്തിന്റെ ഒരേയൊരു ശേഷിപ്പെന്നു പറയാവുന്ന കുളത്തിന് നടുവിലാണ് കൂത്തമ്പലത്തിന്റെ മാതൃകയില്‍ സ്മാരകം നിര്‍മിച്ചിരുന്നത്. പഴശ്ശിയുടെ പ്രതിമ നിര്‍മിക്കുന്നതിന് മരം വേണമെന്നു നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് ഈട്ടിത്തട്ടി നല്‍കിയത്. പഴശ്ശിരാജയുടെ പോരാട്ടത്തിന്റെ സ്മരണകളുണര്‍ത്തുന്ന മ്യൂസിയവും ആര്‍ട്ട് ഗാലറിയുമടക്കമുള്ള മണ്ഡപത്തിലാണ് പ്രതിമ സ്ഥാപിക്കുക.
നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ഏറെക്കാലത്തെ ആവശ്യം കണക്കിലെടുത്താണ് മരണത്തിന്റെ 200ാം വാര്‍ഷിക വേളയില്‍ പഴശ്ശി കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് സ്മാരകം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. 2005ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഐഡിഎസ്എംടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ സ്മാരകത്തിനായി അനുവദിച്ചിരുന്നു.
എന്നാല്‍, കാലതാമസം വന്നതോടെ കേന്ദ്ര പദ്ധതി നിര്‍ത്തലാവുകയും നിര്‍മാണം മുടങ്ങുകയും ചെയ്തു. ഒടുവില്‍ നഗരസഭ തന്നെ തനതു ഫണ്ട് ഉപയോഗിച്ച് സ്മാരകം നിര്‍മിക്കുകയായിരുന്നു. പഴശ്ശിരാജയും ബ്രിട്ടിഷ് ഭരണകൂടവുമായുള്ള പ്രധാന കത്തിടപാടുകളുടെ രേഖകള്‍ സ്മാരകത്തിന്റെ ഭാഗമായുള്ള മ്യൂസിയത്തിലുണ്ട്. റഫറന്‍സ് ലൈബ്രറി, പൂന്തോട്ടം, വൈദ്യുതി അലങ്കാരങ്ങള്‍ എന്നിവയും സ്മാരകത്തിലുണ്ട്.

(Visited 42 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക