|    May 26 Sat, 2018 4:17 am
Home   >  Editpage  >  Editorial  >  

പഴയ ശീലങ്ങള്‍ വിട്ടുമാറുന്നില്ല

Published : 24th November 2016 | Posted By: SMR

വേണ്ടത്ര മുന്നൊരുക്കങ്ങളോ കരുതലോ ഇല്ലാതെ നോട്ടുകള്‍ റദ്ദാക്കിയ നടപടി അനേക കോടി സാധാരണക്കാരുടെ ജീവിതം അവതാളത്തിലാക്കിയതിന്റെ റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങളും ടിവി ചാനലുകളും മാത്രം ഉപയോഗിച്ചാണ് ജനങ്ങളുമായി സംവദിക്കുന്നത്. അദ്ദേഹം ഇതുവരെ ഒളിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് രാജ്യസഭയും ലോക്‌സഭയും പ്രതിഷേധ ജ്വാലയില്‍ തിളച്ചുമറിഞ്ഞത്.
ഏതു വിഷയത്തിലും രാഷ്ട്രീയം കണ്ടിരുന്ന പ്രതിപക്ഷ കക്ഷികള്‍ നാടെങ്ങും വ്യാപിക്കുന്ന ക്ഷോഭത്തിന്റെ ശക്തി മനസ്സിലാക്കിയതിനാലാവും ഇപ്പോള്‍ കുറേക്കൂടി ഐക്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ഏകാധിപതികളാണ് ടിവി സ്‌ക്രീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് ജനങ്ങളോട് സംസാരിക്കാറ്. കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘത്തെ സ്വീകരിക്കാന്‍ മോദി വിസമ്മതിച്ചിരിക്കുകയാണ്. പഴയ ശീലങ്ങള്‍ ഇപ്പോഴും പ്രധാനമന്ത്രിയെ വിട്ടുപിരിഞ്ഞതായി കാണുന്നില്ല.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുള്ള അനൈക്യവും കേന്ദ്രഭരണത്തിന്റെ നടപടികളെ പിന്തുണയ്ക്കുന്ന ചെറിയ കക്ഷികളുടെ പ്രാദേശിക താല്‍പര്യങ്ങളും കാരണം ദേശീയതലത്തില്‍ ഈ മണ്ടന്‍ നടപടിക്കെതിരേ പ്രക്ഷോഭമുയരാന്‍ സാധ്യതയില്ലെന്നു ബിജെപി കരുതുന്നുണ്ടാവണം. യുപി, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ തന്നെ ശേഖരിച്ചുവച്ചിരിക്കുന്ന കോടിക്കണക്കിനുള്ള ‘വെള്ളപ്പണം’ തങ്ങള്‍ക്കു സഹായകമാവുമെന്ന ധാരണയും അവര്‍ വച്ചുപുലര്‍ത്തുന്നുണ്ടാവും.
ഉപതിരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായി കണക്കാക്കാന്‍ പറ്റില്ലെങ്കിലും മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയെയും കൂട്ടരെയും തള്ളിക്കളഞ്ഞതിന്റെ സൂചനകളുണ്ട്. യുപിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത മഹാ യോഗങ്ങള്‍ ജനങ്ങള്‍ അവഗണിക്കുകയാണ്. ലഖ്‌നോയില്‍ സംഘടിപ്പിക്കുന്ന ഒരു പൊതുയോഗത്തില്‍ നിന്ന് അദ്ദേഹം മറ്റു കാരണങ്ങള്‍ പറഞ്ഞു വിട്ടുനില്‍ക്കുകയും ചെയ്തു. കള്ളപ്പണക്കാരെ പിടികൂടുന്നതിനു പകരം നോട്ടുകള്‍ റദ്ദാക്കിയ നടപടി സാധാരണക്കാരെയാണ് പിടികൂടിയതെന്ന് അനുദിനം വ്യക്തമാവുകയാണ്. കേന്ദ്രസര്‍ക്കാരും അവര്‍ക്കു തെറ്റായ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കിയ ദുര്‍വിദഗ്ധരുമാണ് ഇതിന് ഉത്തരവാദികള്‍. ഇന്റര്‍നെറ്റിലൂടെ ‘അതെ’യെന്ന ഉത്തരം ഉറപ്പിക്കുന്ന ചോദ്യാവലിയുമായാണ് മോദിയുടെ ഐടി സംഘം രംഗത്തിറങ്ങിയിരിക്കുന്നത്.
വരുംവര്‍ഷങ്ങളില്‍ എന്തു സംഭവിച്ചാലും അടുത്ത മാസങ്ങളില്‍ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയാണ് രാഷ്ട്രം നേരിടാന്‍ പോകുന്നതെന്ന് യാഥാര്‍ഥ്യബോധവും വിവേകവുമുള്ള ധനശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ജ്യോതിഷികളും കിറുക്കന്‍മാരും നല്‍കുന്ന ഒറ്റമൂലികളില്‍ വിശ്വസിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ മറ്റു ദുരന്തങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. 1000 രൂപ നോട്ട് പിന്‍വലിച്ച് 2000 രൂപയുടെ മിഠായിനോട്ട് വിതരണം ചെയ്യുന്നതല്ല കള്ളപ്പണം തടയാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന് ഇടത്തും വലത്തുമുള്ള സാങ്കേതിക വിദഗ്ധന്‍മാര്‍ക്കൊക്കെ അറിയാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss