|    Jan 23 Tue, 2018 5:50 am
FLASH NEWS
Home   >  Editpage  >  Editorial  >  

പഴയ വികസനമാതൃകകളില്‍ പിടിച്ചു തൂങ്ങരുത്

Published : 30th June 2016 | Posted By: SMR

ദേശീയപാത, ആതിരപ്പിള്ളി, ഗെയില്‍ പൈപ്പ് ലൈന്‍, വിഴിഞ്ഞം തുറമുഖം തുടങ്ങി വര്‍ഷങ്ങളായി കേരളത്തില്‍ വിവാദമായ വിഷയങ്ങളില്‍ ജനവിരുദ്ധമായ നയങ്ങള്‍ നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഫ്‌ളൈഓവറുകള്‍, അണക്കെട്ടുകള്‍, വിമാനത്താവളങ്ങള്‍, വലിയ ഗേറ്റുള്ള താമസസ്ഥലങ്ങള്‍ എന്നിങ്ങനെ മൂലധന കേന്ദ്രീകൃതമായ വികസനത്തിന്റെ പാതയില്‍ നിന്നു മാറിസഞ്ചരിക്കാന്‍ ഇടതുപക്ഷത്തിനു സാധിക്കില്ല എന്നാണ് അതിന്റെയര്‍ഥം. ഇടതുപക്ഷം, വലതുപക്ഷം തുടങ്ങിയ പ്രയോഗങ്ങളൊക്കെ പടിഞ്ഞാറിന്റെ സംഭാവനയാണ്. അതുകൊണ്ടുതന്നെ ഒരേ ജ്ഞാനകേന്ദ്രത്തില്‍ നിന്നാണ് രണ്ടും വരുന്നത് എന്നാണു മനസ്സിലാക്കേണ്ടത്.
45 മീറ്ററില്‍ ദേശീയപാത ബിഒടി പദ്ധതിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. ബില്‍ഡ് ഓപറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍ പദ്ധതിയും പ്രൈവറ്റ്-പബ്ലിക് പാര്‍ട്ട്ണര്‍ഷിപ്പും ഇന്ത്യയില്‍ നടപ്പാക്കിയ സ്ഥലങ്ങളിലൊക്കെ സ്വകാര്യ കമ്പനികള്‍ ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങുകയായിരുന്നു. അക്കാരണം കൊണ്ട് ഒരു ഇന്ത്യന്‍ കമ്പനിയെ മാലദ്വീപു സര്‍ക്കാര്‍ പിടിച്ചപിടിയാലെ പുറത്താക്കിയത് സമീപകാലത്താണ്. സംസ്ഥാനത്ത് നടപ്പാക്കിയ ഒരേയൊരു ബിഒടി പദ്ധതിയായ മണ്ണുത്തി- ഇടപ്പള്ളി പാതയുടെ വകയില്‍ 332 കോടി നിക്ഷേപിച്ച കമ്പനി ഇതിനകം 380 കോടിയാണത്രെ പിരിച്ചെടുത്തത്. ദീര്‍ഘകാല കരാറായതുകൊണ്ടും കമ്പനി പിരിവു തുടരുന്നതിന്റെ പാര്‍ശ്വലാഭം ലഭിക്കുന്ന വിഭാഗങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടായതുകൊണ്ടും ഇനിയും അനേകകോടി രൂപ കമ്പനി ഈടാക്കി കൊണ്ടിരിക്കും.
മറ്റു സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ് കേരളം. വിസ്തൃതി കുറവും ജനബാഹുല്യവും പ്രധാന പ്രശ്‌നം. റോഡുകള്‍ക്ക് അരികിലാണ് സംസ്ഥാനത്ത് സാമൂഹികജീവിതം. അതൊക്കെ അവഗണിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ചു വികസനം നടത്തുന്നതില്‍ കവിഞ്ഞ ജനദ്രോഹമില്ല. ആതിരപ്പിള്ളിയിലും വാതക പൈപ്പ് ലൈന്‍ പദ്ധതിയിലും ഇത്തരം ജനജീവിതത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ട്.
വൈദ്യുതി ബോര്‍ഡിലെ സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക് വലിയൊരു നിര്‍മാണപദ്ധതിയില്‍ മാത്രമായിരിക്കും താല്‍പര്യം. വൈദ്യുതി വിതരണം ചെയ്യുന്നതിലുള്ള നഷ്ടം മാത്രം പരിഹരിച്ചാല്‍ 25 ശതമാനത്തിലധികം വൈദ്യുതി ലാഭിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരം പഠനങ്ങളും ശുപാര്‍ശകളും വൈദ്യുതി വകുപ്പ് ചവറ്റുകുട്ടയിലെറിയാറാണ് പതിവ്. അത്രതന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് പൈപ്പ്‌ലൈന്‍ പദ്ധതി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു നല്‍കിയ ജനവിരുദ്ധമായ അധികാരമുപയോഗിച്ചു പദ്ധതി നടപ്പാക്കുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളെ പറ്റി ഒരുപാടു ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.
വികസനമന്ത്രം ഉരുവിട്ടുകൊണ്ട് അവര്‍ക്ക് വികസന വിരോധികളാണ് ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നത് എന്നു പ്രചരിപ്പിക്കാന്‍ പറ്റിയെന്നു വരും. തീര്‍ത്തും നവീനവും വ്യത്യസ്തവുമായ വികസന പദ്ധതികളെക്കുറിച്ചു ലോകം മുഴുവന്‍ ചിന്തിക്കുമ്പോള്‍ ഇടതുപക്ഷം തങ്ങളുടെ പഴയ വികസന മാതൃകകളില്‍ തന്നെ പിടിച്ചുതൂങ്ങരുത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day