|    Sep 23 Sun, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പഴയ പാഠപുസ്തക വില്‍പന : ഖജനാവിന് നഷ്ടമാവുന്നത് കോടികള്‍ ; വ്യാപക ക്രമക്കേടെന്നു പരാതി

Published : 24th May 2017 | Posted By: fsq

 

എസ്  ഷാജഹാന്‍

പത്തനംതിട്ട: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിലുള്ള ഡിപ്പോകളില്‍ നിന്ന് സിലബസ് മാറ്റത്തെ തുടര്‍ന്ന് ഉപയോഗശൂന്യമായ പാഠപുസ്തകങ്ങള്‍ തൂക്കിവില്‍ക്കുന്നു. ഓരോ വര്‍ഷവും സ്‌കൂളുകളില്‍ ആവശ്യത്തിന് പാഠപുസ്തകങ്ങള്‍ എത്തിയില്ലെന്ന പരാതി ഉയരുമ്പോഴാണ് ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ കടലാസുവിലയ്ക്ക് തൂക്കിവില്‍ക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തിരുന്നത് സംസ്ഥാനത്തെ ടെക്സ്റ്റ്ബുക്ക് ഓഫിസര്‍ വഴിയാണ്. അദ്ദേഹം തന്റെ കീഴിലുള്ള മൂന്ന് സെന്‍ട്രല്‍ സ്‌റ്റോറുകള്‍ വഴിയും 24 ഡിസ്ട്രിക്റ്റ് ഡിപ്പോകള്‍ വഴിയുമാണ് ഈ കര്‍മം നിറവേറ്റിയിരുന്നത്. ഓരോ കൊല്ലം കഴിയുംതോറും ഇതില്‍ കുറേ പുസ്തകങ്ങള്‍ വിതരണം ചെയ്യാതെ അവശേഷിക്കും. കുറേ കൊല്ലം കഴിയുമ്പോള്‍ പലതും ഉപയോഗശൂന്യമായിക്കഴിഞ്ഞിരിക്കും. കാലാകാലങ്ങളി ല്‍ ഉപയോഗശൂന്യമായി ഇങ്ങനെ സ്‌റ്റോറുകളിലും ഡിപ്പോകളിലും കിടക്കുന്ന പുസ്തകങ്ങള്‍ ലേലംചെയ്ത് വിറ്റ് ഖജനാവിലേക്ക് മുതല്‍ക്കൂട്ടുകയാണ് പതിവ്. 2005 സപ്തംബറില്‍ ഇങ്ങനെയുള്ള 1480.81 മെട്രിക് ടണ്‍, അതായത് 1,03,25,302 പുസ്തകങ്ങള്‍ ലേലം ചെയ്തു വിറ്റതായി ടെക്സ്റ്റ് ബുക്ക് ഓഫിസര്‍ തന്റെ ഫയലുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം നീക്കിയിരിപ്പ് പുസ്തകങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ള സ്‌റ്റോക്ക് രജിസ്റ്ററുകള്‍ ഓരോ സെന്‍ട്രല്‍ സ്‌റ്റോറിലും ഡിപ്പോയിലും സൂക്ഷിച്ചിട്ടുണ്ട്. ആ രജിസ്റ്ററുകള്‍ നേരിട്ട് പരിശോധിച്ചപ്പോള്‍ എല്ലാം കൂടി നീക്കിയിരിപ്പായി കാണേണ്ട പുസ്തകങ്ങളുടെ എണ്ണം 1,07, 69, 534 ആണ്. ഓരോയിനം പുസ്തകങ്ങളുടെയും സ്റ്റാന്റേര്‍ഡ് തൂക്കം (അതത് ഓഫിസില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുള്ളത്) അനുസരിച്ച് 2354.24 മെട്രിക് ടണ്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍, വിറ്റതോ 1480.81 മെട്രിക് ടണ്‍ മാത്രം. അതായത് 873.43 മെട്രിക് ടണ്‍ തൂക്കമുള്ള പുസ്തകങ്ങള്‍ കാണാനില്ല. മറ്റു പുസ്തകങ്ങള്‍ വിറ്റ വിലയായ കിലോയ്ക്ക് 12.89 രൂപ വച്ച് കണക്കാക്കിയാല്‍ ഇത് 1.13 കോടി രൂപ വരും. ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് ഇനിയും മറുപടിയില്ല. എന്നാല്‍, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി മുമ്പാകെ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിലവിലുള്ള ചട്ടങ്ങള്‍ അനുശാസിക്കുന്നത്. എന്നാ ല്‍, ഇക്കാര്യത്തില്‍ ആരുടെയെങ്കിലും മുന്നില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കണക്കുകള്‍ കാട്ടിയിട്ടുണ്ടോയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ഇതിനിടയിലാണ് കിലോയ്ക്ക് 21 രൂപ വിലയിട്ട് എറണാകുളത്ത് പുസ്തകം വില്‍പന നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്നലെ പത്തനംതിട്ട എഇഒ കാര്യാലയത്തിനു കീഴിലുള്ള ഗോഡൗണില്‍ നിന്ന് ഏകദേശം 50 ടണ്ണോളം പുസ്തകം 15 രൂപ നിരക്കില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് നാലുലക്ഷം രൂപയോളം നിരതദ്രവ്യം അടച്ച് ലേലം ചെയ്ത കരാറുകാരന്‍ നീക്കം ചെയ്തിരുന്നു. സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ നല്‍കുന്ന കണക്കനുസരിച്ചാണ് പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതും എത്തിക്കുന്നതും. കൃത്യം കണക്കനുസരിച്ച് മാത്രമാണ് പുസ്തകങ്ങള്‍ എത്തിച്ചതെങ്കില്‍ ഇത്രയധികം പുസ്തകങ്ങള്‍ എങ്ങനെ പാഴാവുന്നു എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. ഇതിന് പരിഹാരമായാണ് ഐടി@സ്‌കൂളിന്റെ ‘ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിങ് സിസ്റ്റം’ വഴിയുള്ള വിതരണത്തിന് സര്‍ക്കാര്‍ തയ്യാറായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss