|    Oct 20 Fri, 2017 3:41 am

പഴയിടം പാലത്തിനടിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു

Published : 7th August 2017 | Posted By: fsq

 

എരുമേലി: മണിമലയാറിലെത്തുന്ന മാലിന്യങ്ങള്‍ ഒഴുകിപ്പോവാതെ പഴയിടം പാലത്തിനടിയില്‍ അടിഞ്ഞുകൂടുന്നു. പാലത്തിനടിയിലെ തൂണുകളോടു ചേര്‍ന്നാണു മാലിന്യം കെട്ടിക്കിടക്കുന്നത്. മരങ്ങളുടെ തടിഭാഗങ്ങള്‍ ഒഴുകിയെത്തി തൂണുകള്‍ക്ക് കുറുകെയാണ് അടിഞ്ഞുകിടക്കുന്നത് വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. കാലവര്‍ഷം കനത്ത് മഴയുടെ അളവു കൂടിയതോടെ പാലം വെള്ളപ്പൊക്ക ഭീഷണിയും നേരിടുകയാണ്. പാലത്തിനടിയില്‍ ഒഴുക്കു തടസ്സപ്പെട്ടത് മൂലം തൂണുകള്‍ക്കും പാലത്തിനും കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയേറെയാണ്. ആയിരക്കണക്കിനു പ്ലാസ്റ്റിക് സാധനങ്ങളും കുപ്പികളും തെര്‍മോക്കോള്‍ വസ്തുക്കളും ഉപയോഗം കഴിഞ്ഞു തള്ളിയ വൈദ്യുതി ട്യൂബുകളും ബള്‍ബുകളും കുപ്പിച്ചില്ലുകളും ഉള്‍പ്പടെ വന്‍തോതിലാണ് മാലിന്യങ്ങള്‍ അടിഞ്ഞിരിക്കുന്നത്. തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണയിലാണ് ജനങ്ങള്‍. ഉയരം കുറഞ്ഞ കോസ്‌വേ മാതൃകയില്‍ പതിറ്റാണ്ടുകള്‍ക്കു നിര്‍മിച്ചതാണു പഴയിടം പാലം. കാഞ്ഞിരപ്പളളി, മണിമല, എരുമേലി ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തി കൂടിയാണ് പാലം. ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍ അടിയുന്ന ഇടമായി പാലം മാറിയത് മല പോലെ മാലിന്യങ്ങളടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതുകൊണ്ടാണ്. കഴിഞ്ഞയിടെ മാലിന്യങ്ങളിലടിഞ്ഞ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ പ്രയാസപ്പെട്ട പോലിസ് പിന്നീട് ശുചീകരണത്തിനിറങ്ങിയെങ്കിലും മാലിന്യം നീക്കാനായില്ല. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ വാരിനീക്കുകയാണ് അനുയോജ്യമാര്‍ഗമെന്നും ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും നാട്ടുകാര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക