|    Apr 29 Sat, 2017 7:08 am
FLASH NEWS

പഴയകാല ഓര്‍മപ്പെടുത്തലായി ചുമടുതാങ്ങികള്‍

Published : 28th November 2016 | Posted By: SMR

വൈക്കം: അധ്വാനിക്കുന്ന ജനവിഭാഗത്തിനു താങ്ങും തണലുമായിരുന്ന ചുമടുതാങ്ങികള്‍ ഇന്ന് ചരിത്രത്തിന്റെ ശേഷിപ്പായി നിലകൊള്ളുന്നു. വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് തലയിലും ചുമലിലും ഏറ്റി കൊണ്ടുപോയിരുന്ന ചരക്കുകളും സാധനങ്ങളും ഇറക്കിവയ്ക്കാനും വിശ്രമിക്കാനുമായി ജനക്ഷേമതല്‍പ്പരരായ പഴയ ഭരണാധികാരികള്‍ നിര്‍മിച്ച ചുമടുതാങ്ങികള്‍ ആധുനിക തലമുറയ്ക്ക് പുതുക്കാഴ്ച്ചയാണ്. ഏതു വലിയ ചുമടായാലും തലയിലും തോളത്തും ചുമന്നായിരുന്നു പഴയ കാലത്തുള്ളവരുടെ യാത്ര. ഈ യാത്രക്കിടെ വഴിയോരങ്ങളില്‍ പലയിടത്തും അത്താണികളുണ്ടാവും. അരികിലായി ചുമടുതാങ്ങിയും. അത്താണിയിലെത്തിയാല്‍ ചുമടിറക്കി വച്ച് യാത്രക്കാര്‍ വിശ്രമിക്കും. ദാഹമകറ്റാനുള്ള തണ്ണീര്‍പ്പന്തലുകളും അത്താണിയ്ക്കു സമീപമുണ്ടാവും. അഞ്ചടിയാണ് ചുമടുതാങ്ങികളുടെ ഉയരം. തലയിലെ ചുമട് പരസഹായം കൂടാതെ ഇറക്കിവയ്ക്കാനും തിരിച്ച് തലയിലേറ്റാനുമുള്ള സൗകര്യത്തിനായിരുന്നു അത്. രണ്ടോ മൂന്നോ വലിയ കരിങ്കല്‍ തൂണുകള്‍ കുഴിച്ചിട്ട് അതിനു മുകളില്‍ നീളത്തിലുള്ള ഒറ്റക്കല്ലു വച്ചാല്‍ ചുമടുതാങ്ങിയായി. വാഹനസൗകര്യം വന്നതോടെ ചുമടുമായുള്ള യാത്രകളും അതോടെ ചുമടുതാങ്ങികളും ഇല്ലാതായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമീണ മേഖലകളില്‍ പലയിടത്തും ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നു. എന്നാല്‍ റോഡ് നിര്‍മാണത്തിനും ബഹുനില കെട്ടിടങ്ങള്‍ക്കും വേണ്ടി ചുമടുതാങ്ങികളില്‍ പലതും നശിപ്പിക്കപ്പെട്ടു. പഴയകാലത്തിന്റെ സ്മരണകള്‍ പേറുന്ന ചുമടുതാങ്ങികള്‍ ഇന്ന് അപൂര്‍വ കാഴ്ചയാവുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day