|    Oct 20 Sat, 2018 3:12 am
FLASH NEWS

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

Published : 28th January 2017 | Posted By: fsq

 

തൃശൂര്‍: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് മേയര്‍ അജിത ജയരാജന്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കും. സി എന്‍ ജയദേവന്‍ എംപി അധ്യക്ഷത വഹിക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ മുതലായവര്‍ പങ്കെടുക്കും. ജനുവരി 29, ഏപ്രില്‍ 2 എന്നീ പള്‍സ് പോളിയോ ദിനങ്ങളില്‍ അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നുവെന്ന് ഉറപ്പു വരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ  മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. നാളെ നടക്കുന്ന ഒന്നാം ഘട്ട പള്‍സ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. കെ ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ അഞ്ചുവയസ്സിനു താഴെയുളള 225260 കുട്ടികള്‍ക്കാണ് ഈ ദിവസങ്ങളില്‍ തുള്ളി മരുന്ന് നല്‍കുക. ഇതിനായി 1814 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്ന് നല്‍കാന്‍ പരിശീലനം സിദ്ധിച്ച 3632 സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, അ ങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണ് സാധാരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. 51 ട്രാന്‍സിറ്റ് ബൂത്തുകള്‍, 125 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉല്‍സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍  ക്രമീകരിച്ചിരിക്കുന്നത്. പരിപാടിക്കായി 14,300 വയല്‍ മരുന്നും ഐഎല്‍ആര്‍, ഡീപ്ഫ്രീസര്‍, കോള്‍ഡ് ബോക്‌സ്, വാക്‌സിന്‍ കാരിയര്‍ തുടങ്ങിയ മൂവായിരത്തിലധികം ശീതീകരണ ഉപാധികളും ഒരുക്കിയിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 8.6 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുന്നതിന് 7,000ത്തിലധികം വോളന്റിയര്‍മാര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് വോളന്റിയര്‍മാര്‍. ആരോഗ്യവകുപ്പിന്റെയും, റോട്ടറി ഇന്റര്‍നാഷനലിന്റെയും  നേതൃത്വത്തില്‍ ആരോഗ്യകേരളം സാമൂഹികക്ഷേമ വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. ടി വി സതീശന്‍, ജില്ലാ മാസ്സ് മീഡിയ ഓഫിസര്‍ ഡോമി ജോണ്‍, എംസിഎച്ച് ഓഫിസര്‍ സി കെ സത്യഭാമ എന്നിവരും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss