|    Oct 18 Thu, 2018 1:47 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പള്ളി തകര്‍ന്നിട്ടും എത്ര സമാധാനം !

Published : 7th September 2017 | Posted By: fsq

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ക്രമസമാധാനം തകരാതെ കേരളത്തെ രക്ഷിച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെയും ലാലിന്റെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ചാനലുകളില്‍ മാറ്റി മാറ്റി പ്രദര്‍ശിപ്പിച്ച് ജനങ്ങളെ വീടിനു പുറത്തിറക്കാതെ പിടിച്ചിരുത്തിയാണ് പോലിസ് പ്രതിരോധ തന്ത്രം ഒരുക്കിയതത്രേ.  ബാബരി പള്ളി തകര്‍ന്ന കാലത്ത് കേരളത്തില്‍ എത്ര സാധാരണക്കാരന്റെ വീട്ടില്‍ ടിവി ഉണ്ടായിരുന്നുവെന്നും ദൂരദര്‍ശന്‍ ഡല്‍ഹി സംപ്രേഷണം അല്ലാതെ മറ്റേതൊക്കെ ചാനലുകള്‍ ഉണ്ടായിരുന്നു എന്നുമൊക്കെയുള്ള സംശയങ്ങള്‍ക്ക്, കഥയില്‍ ചോദ്യം പാടില്ലാത്തതുകൊണ്ട് തല്‍ക്കാലം പ്രസക്തിയില്ല. എന്തായാലും ബാബരി രക്തസാക്ഷിത്വത്തിന്റെ 25ാം വാര്‍ഷികം ആസന്നമായ ഘട്ടത്തില്‍ സംസ്ഥാന പോലിസ് മേധാവി നടത്തിയ ഈ സുപ്രധാന വെളിപ്പെടുത്തലിലൂടെ ഇക്കാര്യത്തില്‍ ഇതുവരെ കാത്തുസൂക്ഷിക്കപ്പെട്ടിരുന്ന ഒരു റെക്കോര്‍ഡ് കൂടിയാണ് തകര്‍ന്നു തരിപ്പണമായിരിക്കുന്നത്. 1992 ഡിസംബര്‍ 6ന് അന്നത്തെ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമാധാനത്തിന് ആഹ്വാനം ചെയ്തതുകൊണ്ടാണ് കേരളം കലാപഭൂമിയാകാതിരുന്നത് എന്നായിരുന്നു ലീഗ് അണികള്‍ ഇക്കാലമത്രയും അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലം കാര്യമായ വെല്ലുവിളി ഉയരാതിരുന്ന വാദത്തിന് ഇതോടെ പുതിയ രണ്ട് അവകാശികള്‍ കൂടി രംഗത്തെത്തിയിരിക്കുന്നു. എന്തായാലും 1992 ഡിസംബര്‍ 6നു കേരളത്തില്‍ സമാധാനം തകര്‍ന്നില്ലെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും തര്‍ക്കമില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഹിന്ദുത്വ ഭീകരര്‍ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തിട്ടും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സമാധാനക്കേടൊന്നും ഉണ്ടായില്ല. അവര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൂപ്പര്‍ഹിറ്റ് സിനിമകള്‍ മാറിമാറി കണ്ട്, ശിഹാബ് തങ്ങളുടെ പ്രസ്താവന വീണ്ടും വീണ്ടും വായിച്ച്, ഉണ്ടുറങ്ങി ആ നാളുകള്‍ കഴിച്ചുകൂട്ടിയെന്നു സാരം. ഇവിടെ ലീഗായാലും ഡിജിപിയായാലും കൊട്ടിഘോഷിച്ചു കൊണ്ടാടുന്ന ഡിസംബറിലെ സുന്ദരസുരഭിലമായ സമാധാനത്തിന്റെ നാള്‍വഴിക്ക് ഒരു മറുവായന കൂടിയുണ്ട്. രാജ്യം ഞെട്ടിത്തരിച്ച ബാബരി ധ്വംസനം നാട്ടിലെ ക്രമസമാധാനത്തിന് ഒരു ഭംഗവും വരുത്തിയിട്ടില്ലെന്ന ഹിന്ദുത്വ പൊതുബോധത്തെയാണ് മേല്‍പ്പറഞ്ഞ സമാധാന കമ്മിറ്റിക്കാര്‍ അറിഞ്ഞോ അറിയാതെയോ അരക്കിട്ടുറപ്പിച്ചുകൊണ്ടിരിക്കുന്നത്. നാലു പതിറ്റാണ്ടു കാലം ഇന്ത്യന്‍ മുസല്‍മാന്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദിന്റെ തകര്‍ച്ച തന്നെയാണ് 1992 ഡിസംബര്‍ 6ന് ഈ രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ത്തത്. അതിന്റെ ഉത്തരവാദികള്‍ ആര്‍എസ്എസാണ്. അന്നും അതിനു മുമ്പും ശേഷവും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കേരളത്തില്‍ മാത്രം അന്ന് ഒരുതരം പ്രത്യേക സമാധാനം പറന്നിറങ്ങിയെന്ന് ആരെയാണ് ഇക്കൂട്ടര്‍ ആവര്‍ത്തിച്ചു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്? ഈ പച്ചപ്പരമാര്‍ഥത്തെ മറച്ചുപിടിച്ചുകൊണ്ടാണ് സൃഷ്ടിക്കപ്പെടാതെപോയ കലാപത്തിന്റെയും അതുവഴി സ്വയം മെനഞ്ഞെടുത്ത സാങ്കല്‍പിക സമാധാനത്തിന്റെയും പേരില്‍ ഇക്കൂട്ടര്‍ മേനിനടിക്കുന്നത്. കാല്‍നൂറ്റാണ്ടു മുമ്പ് ആര്‍എസ്എസ് തച്ചുതകര്‍ത്ത രാജ്യത്തിന്റെ സമാധാനം ബാബരി പള്ളിയുടെ വീണ്ടെടുപ്പിലൂടെ മാത്രമേ പുനഃസ്ഥാപിക്കപ്പെടുകയുള്ളൂവെന്ന് പറയാനുള്ള യാഥാര്‍ഥ്യബോധവും ആര്‍ജവവുമാണ് ഇത്തരക്കാര്‍ പ്രകടിപ്പിക്കേണ്ടത്. എങ്ങനെയൊക്കെ വായിച്ചെടുത്താലും ക്രമസമാധാനം സംരക്ഷിച്ചു നിലനിര്‍ത്തുകയെന്നത് മുസ്‌ലിംകളില്‍ ബാധ്യതയാക്കപ്പെട്ടതാണെന്ന പൊതുബോധത്തിനായിരുന്നു ഇന്നത്തെപ്പോലെ അന്നും വിപണിമൂല്യം. ഹിന്ദുത്വര്‍ കൊന്നുതള്ളിയാലും തച്ചുതകര്‍ത്താലും കൊള്ളയും കൊള്ളിവയ്പും നടത്തിയാലും അതു ക്രമസമാധാനത്തകര്‍ച്ചയായും മതവിദ്വേഷം വളര്‍ത്തലായും വിധ്വംസക പ്രവര്‍ത്തനമായും ഉള്‍ക്കൊള്ളാന്‍ മതേതര ഇന്ത്യയുടെ മനസ്സ് ഇതേവരെ പാകപ്പെട്ടിട്ടില്ലെന്നതിന് സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. കേരളവും ഇക്കാര്യത്തില്‍ ഭിന്നമായ അവസ്ഥയിലല്ല. ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടും ലൗജിഹാദ് ഇല്ലെന്നത് ഉള്‍ക്കൊള്ളാന്‍ മുന്‍ പോലിസ് മേധാവിക്ക് കഴിയാത്തതും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഒരു ക്രമസമാധാന തകര്‍ച്ചയായി കാണാന്‍ ഇപ്പോഴത്തെ പോലിസ് മേധാവിക്ക് കഴിയാത്തതും ഇരുവരും ഒരേ മനോഭാവത്തിന് അടിപ്പെട്ടുപോയതുകൊണ്ടാവാം. കാവിക്കാരും കമ്മ്യൂണിസ്റ്റുകളും പരസ്പരം വെട്ടിയും കുത്തിയും കൊന്നുതള്ളിയ കണക്ക് നോക്കിയാല്‍ കേരളത്തില്‍ സമാധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന രണ്ടു വിഭാഗക്കാര്‍ സിപിഎമ്മും ബിജെപിയുമാണെന്നത് പകല്‍വെളിച്ചം പോലെ സത്യമാണ്. കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും അടക്കം ഇടതും വലതുമുള്ള മുഖ്യധാരക്കാരെല്ലാം ഇക്കാര്യത്തില്‍ കാലവും ദേശവും നോക്കി തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ്. കത്തിയും വാളും ബോംബിനും തോക്കിനും വഴിമാറി, കാക്കി നിക്കറിട്ടവര്‍ വെറിമൂത്ത് പരസ്പരം വെടിവച്ചു കളിക്കുന്നിടത്തുവരെ കാര്യങ്ങള്‍ എത്തി. എന്നിട്ടും ഇത്തരക്കാരുടെ മേല്‍വിലാസത്തില്‍ നാട്ടില്‍ അരങ്ങേറുന്ന കൊലയും കൊള്ളിവയ്പുമൊന്നും ക്രമസമാധാനപ്രശ്‌നമായി മാറുന്നില്ല. ഇക്കൂട്ടരുടെ ചെയ്തികള്‍ നാട്ടിലെ സമാധാനത്തിനു തുരങ്കംവയ്ക്കുന്നതാണെന്ന് ഉള്‍ക്കൊള്ളാന്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മനസ്സ് അനുവദിക്കില്ല. മറിച്ച്, ഇവയൊക്കെ രാഷ്ട്രീയ കൊലപാതകങ്ങളുടെയും രാഷ്ട്രീയ സംഘട്ടനങ്ങളുടെയും മാന്യമായ മേലങ്കിയണിഞ്ഞു രേഖകളില്‍ ഇടംപിടിക്കും.കാസര്‍കോട്ട് റിയാസ് മൗലവി മതഭ്രാന്തു മൂത്ത ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടാകാത്ത ക്രമസമാധാന തകര്‍ച്ചയെ കുറിച്ചുള്ള ആശങ്കകള്‍, അദ്ദേഹം ജോലി ചെയ്ത പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കണമെന്നു വന്നപ്പോള്‍ ഉടലെടുക്കുന്നത് ഇത്തരം മാറ്റിവയ്ക്കലുകളുടെ ഫലമാണ്. എന്നാല്‍, രക്തസാക്ഷികളുടെയും ബലിദാനികളുടെയും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രകള്‍ എത്രത്തോളം അക്രമാസക്തമായാലും അകമ്പടി സേവിക്കാനല്ലാതെ, നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ക്രമസമാധാനപാലകര്‍ തയ്യാറാവില്ല. പ്രകോപനപരമായ പ്രസംഗത്തിന് മുജാഹിദ് പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്ത് യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ടിട്ടും തീവ്രഹിന്ദുത്വ നേതാക്കളായ കെ പി ശശികലയ്ക്കും എന്‍ ഗോപാലകൃഷ്ണനും മറ്റും സര്‍വതന്ത്ര സ്വതന്ത്രരായി കേരളം ഒട്ടാകെ വര്‍ഗീയ വിഷം വിതറി പ്രസംഗിച്ചു നടക്കാന്‍ കഴിയുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഇതേ മനശ്ശാസ്ത്രം തന്നെയാണ്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്നത് ആപ്തവാക്യം. പക്ഷേ, ദേശീയ പതാകയുടെ പേരില്‍ ചട്ടലംഘനം ഉണ്ടായാല്‍ ആര്‍എസ്എസ് മേധാവിക്കും മുസ്‌ലിംലീഗ് നേതാക്കള്‍ക്കും നിയമം രണ്ടെന്നത് അനുഭവപാഠം. ഇപ്പോഴിതാ, പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ മോഹന്‍ ഭാഗവത് സര്‍ക്കാരിന്റെ വിലക്കും ചട്ടങ്ങളും ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിയതിനേക്കാള്‍ വലിയ പാതകമാണത്രേ അദ്ദേഹത്തിനു നോട്ടീസ് കൊടുത്ത കേരള സര്‍ക്കാരിന്റെ നടപടി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ വക ഇണ്ടാസ് കേരള ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്ത. പാര്‍ട്ടി കൊടിമരത്തില്‍ പതാക ഉയര്‍ത്തിയതിന്റെ പേരില്‍ ലീഗ് സംസ്ഥാന ഉപാധ്യക്ഷനെതിരേ കേസെടുക്കാന്‍ ഇത്തരം സാങ്കേതിക വാദങ്ങള്‍ തടസ്സമായതുമില്ല. നിയമങ്ങള്‍ നടപ്പാക്കുന്നിടത്തു മാത്രമല്ല, ഇത്തരത്തിലുള്ള പ്രശ്‌നങ്ങളോടും സമൂഹത്തില്‍ നിന്ന് ഉണ്ടാവുന്ന പ്രതികരണങ്ങളില്‍ പോലും രണ്ടു രീതികള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ. നിലപാടുകളിലും സമീപനങ്ങളിലും പ്രകടമാവുന്ന ഇരട്ടത്താപ്പ് ഒറ്റപ്പെട്ടതോ ഒരു ദിവസം കൊണ്ട് പൊടുന്നനെ രൂപപ്പെട്ടതോ അല്ല. സമാന സ്വഭാവമുള്ള പ്രശ്‌നങ്ങള്‍ മുസ്‌ലിം പശ്ചാത്തലത്തില്‍ സംഭവിക്കപ്പെടുമ്പോള്‍ അതില്‍ അസാധാരണത്വം അടിച്ചേല്‍പിക്കാനുള്ള പ്രവണത ശക്തിപ്പെട്ടുവരുന്നു എന്നതാണ് വസ്തുത. നമുക്കിടയില്‍ കാലങ്ങളായി ആധിപത്യം നേടിയ സവര്‍ണ പൊതുബോധം, പ്രശ്‌നങ്ങളെ ആ നിലയില്‍ വായിച്ചെടുക്കാന്‍ സമൂഹത്തെ പാകപ്പെടുത്തിക്കഴിഞ്ഞുവെന്നു പറയുന്നതാവും കൂടുതല്‍ ഉചിതം. നമ്മുടെ മതേതര-ജനാധിപത്യ-ഇടതുപക്ഷ സങ്കല്‍പങ്ങളിലെല്ലാം ഈ സവര്‍ണ പൊതുബോധത്തിന്റെ സ്വാധീനം പ്രകടമാണ്. ബാബരി പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ന്നതിനെ ഒരു ക്രമസമാധാനപ്രശ്‌നമായി ഇപ്പോഴും ഇത്തരക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റുകള്‍ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതുപോലെ, ക്രിസ്ത്യാനികള്‍ സുവിശേഷം പ്രചരിപ്പിക്കുന്നതുപോലെ മുസ്‌ലിംകള്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നതിനെ കാണാന്‍ കഴിയാത്തത് അതുകൊണ്ടാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss