|    Dec 14 Fri, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി ടണലിനു സുരക്ഷാ ഭീഷണി

Published : 24th November 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

മൂന്നാര്‍: കെഎസ്ഇബി വിലകൊടുത്തു വാങ്ങിയ ഭൂമിയിലൂടെ റിസോര്‍ട്ടിനും സ്വകാര്യ വ്യക്തികള്‍ക്കും പ്രവേശിക്കാന്‍ നല്‍കിയ അനുമതി തുടരുന്നത് പള്ളിവാസല്‍ എക്സ്റ്റന്‍ഷ ന്‍ പദ്ധതിയുടെ ടണലിനു സുരക്ഷാഭീഷണി ഉയര്‍ത്തുന്നു. അതിസുരക്ഷ ആവശ്യമുള്ള ഈ മേഖലയില്‍ സിപിഎം നേതാവിന്റെ റിസോര്‍ട്ടായ പ്ലംജൂഡിയിലേക്കും മറ്റു സ്വകാര്യ വ്യക്തികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുപോവാമെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
കെഎസ്ഇബിയുടെ ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. മൂന്നാര്‍ പള്ളിവാസലില്‍ നിന്ന് രണ്ടുകിലോമീറ്ററോളം ഉള്ളിലേക്ക് എത്തുന്ന ഭാഗത്താണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ മേജര്‍ ടണലിന്റെ ആഡിറ്റ് ഭാഗം (ടണലിലേക്കു പ്രവേശിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള സംവിധാനം) സ്ഥിതിചെയ്യുന്നത്. ആഡിറ്റില്‍ നിന്ന് അരക്കിലോമീറ്റര്‍ തുരങ്കത്തിലൂടെ സഞ്ചരിച്ചാല്‍ മേജര്‍ ടണലിലേക്കെത്താം. എന്നാല്‍, ആഡിറ്റിലേക്കു പ്രവേശിക്കുന്ന റോഡിലൂടെ തന്നെയാണ് പ്ലംജൂഡി റിസോര്‍ട്ടിലേക്കും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്കും വഴിയുള്ളത്. കെഎസ്ഇബി പണം നല്‍കി വാങ്ങിയ ഈ റോഡിലൂടെ പ്രവേശിക്കാന്‍ രേഖാമൂലമുള്ള അനുമതിയാണ് പ്ലംജൂഡിയും മറ്റും സ്വന്തമാക്കിയിരിക്കുന്നത്. ഈ അനുമതി അനധികൃതമായി സമ്പാദിച്ചതാണെന്നും അനുമതി ലഭ്യമാക്കിയതില്‍ ചില കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നും നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട്, ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം വൈദ്യുതി ബോര്‍ഡിനു തന്നെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി നിര്‍മാണത്തിന്റെ ചാര്‍ജ് വഹിച്ചിരുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എന്‍ ബിജു ഭൂമി സംബന്ധിച്ച രേഖകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ കെഎസ്ഇബിയുടെ തന്നെ ഭൂമികൈയേറ്റംകൂടി കണ്ടെത്തിയതോടെ, വൈദ്യുതിമന്ത്രി എം എം മണി അടക്കമുള്ളവര്‍ ഇടപെട്ട് പി എന്‍ ബിജുവിനെ കോഴിക്കോട്ടേക്കു സ്ഥലംമാറ്റി. മേഖലയില്‍ വൈദ്യുതി ബോര്‍ഡിന്റെ ഏക്കര്‍കണക്കിനു ഭൂമി കൈക്കലാക്കിയ സ്വകാര്യവ്യക്തികള്‍ അടങ്ങുന്ന ഭൂമാഫിയ ഭീഷണിപ്പെടുത്തിയും സ്ഥലംമാറ്റിയുമെല്ലാം ഉദ്യോഗസ്ഥരെ വരുതിയിലാക്കുമ്പോഴും സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ കണ്ടഭാവം നടിക്കാറില്ല. ഇതാണ് അതിസുരക്ഷാമേഖലയില്‍പ്പോലും സ്വകാര്യ റിസോര്‍ട്ടിനും മറ്റും യഥേഷ്ടം പ്രവേശിക്കാനുള്ള സാഹചര്യമൊരുക്കിയതും.
പ്രളയസമയത്ത് ആഡിറ്റ്് റോഡില്‍ ഉരുള്‍പൊട്ടിയതോടെ പ്ലംജൂഡി റിസോര്‍ട്ടില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയിരുന്നു. എന്നാല്‍, അന്നു രാത്രി തന്നെ കല്ലും മണ്ണും മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കാനായിരുന്നു വകുപ്പുമന്ത്രിയില്‍ നിന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച നിര്‍ദേശം. മലയിടിഞ്ഞുവീണ ഇവിടെ ആഡിറ്റ് തുരങ്കം അടഞ്ഞുപോവും വിധം കല്ലും മണ്ണും നിറഞ്ഞിട്ടും സ്വകാര്യ റിസോര്‍ട്ടിന് ഗതാഗതസംവിധാനം ആദ്യം ഒരുക്കാനുള്ള മന്ത്രിയുടെ താല്‍പര്യം പ്രതിഷേധത്തിനു കാരണമായിരുന്നു.
അതേസമയം, കോടതി നടപടികള്‍ വേഗത്തിലാക്കി ഭൂമി കെഎസ്ഇബിയുടേതു മാത്രമാക്കി സംരക്ഷിക്കാന്‍ കാലതാമസം നേരിടുന്നത് ഭീഷണി വര്‍ധിപ്പിക്കുന്നു. സ്വകാര്യ റിസോര്‍ട്ടിനു വേണ്ടിയാണ് വൈദ്യുതി ബോര്‍ഡിലെ ഉന്നതരും സര്‍ക്കാരും മേഖലയിലെ സുരക്ഷാഭീഷണി അവഗണിക്കുന്നതെന്നും ആക്ഷേപമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss