|    Aug 21 Mon, 2017 6:34 am
FLASH NEWS

പള്ളിവാസലിലെ ഇരട്ടക്കൊലപാതകം ; പ്രതി റിമാന്‍ഡില്‍

Published : 10th August 2017 | Posted By: fsq

 

അടിമാലി: പള്ളിവാസലിനു സമീപം രണ്ടാം മൈലില്‍ അമ്മയേയും മകളേയും ഉളി ഉപയോഗിച്ച് കുത്തി കൊന്ന കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മൂന്നാര്‍ രണ്ടാംമൈലില്‍ പരമശിവന്റെ വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്നിരുന്ന രാജമ്മ (62), മകള്‍ ഗീത (36) എന്നിവരേ കൊന്ന കേസിലെ പ്രതിയും മരിച്ച ഗീതയുടെ കാമുകനുമായ മധുര ആറപാളയം ബത്താനിപുരം സ്വദേശി പ്രഭു കൃഷ്ണമൂര്‍ത്തി (32)യേയാണ് ദേവികുളം കോടതി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ മരപ്പണിക്കാരാണ്. സതീശനാണ് ഗീതയുടെ ഭര്‍ത്താവ്. ഇയാള്‍ പുറത്തു പോയ സമയത്തായിരുന്നു കൊലപാതകം.  കൊലയ്ക്കു കാരണം പ്രഭുവും ഗീതയും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങളാണ്. ഭര്‍തൃമതിയായ ഗീത കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രതിയായ പ്രഭുവിനോടൊപ്പം തമിഴ്‌നാട്ടിലായിരുന്നു. ഇതിനു ശേഷം അടുത്തിടേയാണ് ഇരുവരും മൂന്നാറില്‍ തിരിച്ചെത്തിയത്. ഇവിടെ വച്ച് മറ്റൊരു സ്ത്രീയുമായി പ്രഭു പ്രണയിത്തിലാവുകയും ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഗീതയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പ്രഭു തയ്യാറായില്ല. ഇതേ ചൊല്ലി പ്രഭുവും കൊല്ലപ്പെട്ട ഗീതയും തമ്മില്‍ ഇടയ്ക്കിടെ വഴക്കു കൂടിയിരുന്നു. സംഭവ ദിവസം രാത്രി ഏഴു മണിയോടെ ഗീതയുടെ വീട്ടിലെത്തിയ പ്രഭുവിനോട് താന്‍ മരിക്കാന്‍ പോവുകയാണെന്നും മരിക്കാതിരിക്കണമെങ്കില്‍ പുതിയ ഭാര്യയെ ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ബഹളം കൂട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതനായ പ്രഭു തന്റെ പണി സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് ഉളി (മുനയന്‍) ഉപയോഗിച്ച് ഗീതയെ കുത്തുകയായിരുന്നു. തലയ്ക്കും മാറിനും പുറത്തും കഴുത്തിനും കുത്തേറ്റു. ഇതിനിടെ തടസം പിടിക്കാനെത്തിയ ഗീതയുടെ മാതാവ് രാജമ്മയ്ക്കും കുത്തേറ്റു. രാജമ്മയുടെ വയറിനും ഇടതു നെഞ്ചിനും നെറ്റിയ്ക്കും ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഭയന്ന പ്രതി രാത്രി പുറത്തേക്കോടി രക്ഷപ്പെട്ടു. ഇതിനിടെ സ്ഥലത്തെത്തിയ ഗീതയുടെ ഭര്‍ത്താവ് സതീശനാണ് തുറന്ന കിടന്ന വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയേയും ഭാര്യാ മാതാവിനേയും കണ്ടത്. തുടര്‍ന്ന് സതീശന്‍ കെട്ടിട ഉടമയായ പരമശിവത്തെ വിവരമറിയിച്ചു. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് വീട്ടിലെത്തുമ്പോഴേക്കും സ്ത്രീകള്‍ മരിച്ചിരുന്നു. ഇവര്‍ മൂന്നാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതി വെള്ളത്തൂവല്‍ പോലിസില്‍ രാത്രി 10 മണിയോടെ കീഴടങ്ങി. ഇയാളെ പിന്നീട് മൂന്നാര്‍ പോലിസിന് കൈമാറി. ഇരട്ട കൊലപാതകം നടന്ന വീട്ടിലും പരിസരത്തും ഇടുക്കി ജില്ലാ പോലിസ് മേധാവി കെ വി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. സുരക്ഷാ കാരണങ്ങളാല്‍ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക