|    May 29 Mon, 2017 5:18 pm
FLASH NEWS

പള്ളിയില്‍ കയറി കൊലപാതക ശ്രമം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

Published : 20th September 2016 | Posted By: Navas Ali kn

barscuffs

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: ചാത്തിനാംകുളം ചിറയില്‍ തൈയ്ക്കാവില്‍ കയറി നമസ്‌കരിക്കാനെത്തിയയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു. 11 പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി കരിക്കോട് കുരുതികാമന്‍ നഗര്‍ ഹിമശ്രീ ഭവനില്‍ കരിക്കോട് ദിലീപ്കുമാര്‍(മണികണ്ഠന്‍-44), മൂന്നാം പ്രതി കരിക്കോട് കെപിഎന്‍ കോളനി റെയില്‍വേ ഗേറ്റിന് സമീപം കല്ലുംപണ വീട്ടില്‍ റജി(രജീന്ദ്രലാല്‍-44), അഞ്ചാം പ്രതി ചാത്തിനാംകുളം ട്രാപ്ലാസ്റ്റ് പൈപ്പ് കമ്പനിക്ക് സമീപം തറയില്‍ പുത്തന്‍വീട്ടില്‍ വിജയകുമാര്‍(35), 12ാം പ്രതി വടക്കേവിള പട്ടത്താനം കൈപ്പള്ളില്‍ വീട്ടില്‍ അനില്‍കുമാര്‍(എല്‍ടിടിഇ അനി-46), 14ാം പ്രതി ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിന് സമീപം സുമേഷ് മന്ദിരത്തില്‍ സുമേഷ് എന്നിവരെയാണ് സബ് കോടതി ഒന്ന് ജഡ്ജ് കെന്നത്ത് ജോര്‍ജ് ശിക്ഷിച്ചത്. ഒന്നാം പ്രതി ദിലീപ്കുമാറിന് ഒമ്പത് വര്‍ഷം തടവും 1,65,000 രൂപ പിഴയും മറ്റ് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും 1,15,000 രൂപ പിഴയുമാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതി ചാത്തിനാംകുളം സ്വദേശിയായിരുന്ന ഷാജു, നാലാം പ്രതി വിനോദ്, ആറുമുതല്‍ 11 വരെ പ്രതികളായ ബൈജു, സുരേഷ്‌കുമാര്‍, തമ്പി, ബിനു, ദിലീപ്, സോമരാജന്‍, 13ാം പ്രതി ബേബി, 15ാം പ്രതി തമ്പി, 16ാം പ്രതി ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളില്‍ നിന്നും ലഭിക്കുന്ന പിഴ തുക ആക്രമണത്തിനിരയായ ചാത്തിനാംകുളം സംസം ഹൗസില്‍ സലീമിന് നല്‍കുവാനും കോടതി വിധിച്ചു.
2001 ജനുവരി ഒമ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മാരകായുധങ്ങളുമായി രാത്രി എട്ടരയോടെ ചാത്തിനാംകുളം ചിറയില്‍ തൈയ്ക്കാവില്‍ അതിക്രമിച്ച് കടന്ന ആര്‍എസ്എസ് സംഘം പള്ളിയില്‍ നമസ്‌കരിക്കാനായി വുളൂഅ് എടുത്തുകൊണ്ടിരുന്ന സലീമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സലീമിന്റെ കൈവിരല്‍ ഉള്‍പ്പടെ വേര്‍പെട്ട് പോയിരുന്നു.
ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ് 2000 ജനുവരിയില്‍ ഈ കേസിലെ രണ്ടാം പ്രതിയായ ഷാജുവിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ കേസിലെ സാക്ഷിയായിരുന്നു സലിം. ഇതാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ ഒന്നാം പ്രതി ദിലീപ്കുമാറിനെതിരേ ഐപിസി-307(കൊലപാതക ശ്രമം), ഐപിസി 326 മാരകായുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ആക്രമണത്തിന് ഇരയായ സലീമിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായതെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ചവറ ഫ്രാന്‍സിസ് ജെ നെറ്റോ തേജസിനോട് പറഞ്ഞു.   ഫ്രാന്‍സിസ് ജെ നെറ്റോയ്ക്ക് പുറമെ അഭിഭാഷകരായ അനന്ദപത്മനാഭന്‍, ഫേബ എസ് സുദര്‍ശന്‍ എന്നിവരും കോടതിയില്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day