|    Dec 17 Sun, 2017 5:17 pm
FLASH NEWS

പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് തടവും പിഴയും

Published : 27th October 2017 | Posted By: fsq

 

വിദ്യാനഗര്‍: നമസ്‌കാരത്തിന് പള്ളിയിലേക്ക് പോവുകയായിരുന്ന വൃദ്ധനെ ഇരുമ്പ് വടി കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) വിവിധ വകുപ്പ് പ്രകാരം തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. മറ്റൊരു പ്രതി ഹാജരാക്കാത്തതിനാല്‍ ഇയാള്‍ക്കെതിരേയുള്ള കേസ് പിന്നീട് പരിഗണിക്കും. ബാര മുക്കുന്നോത്തെ എം കെ മൊയ്തീന്‍ കുഞ്ഞി (65)യെ മുന്‍ വിരോധം വച്ച് അക്രമിച്ചുവെന്ന കേസില്‍ പ്രതികളായ അണങ്കൂര്‍ ബെദിരയിലെ അഹമ്മദ് മര്‍സൂക്കി(21)നെ മൂന്നു വര്‍ഷം തടവിനും 11,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറര മാസം കൂടി തടവ് അനുഭവിക്കണം. മറ്റൊരു പ്രതി ബാര മുക്കുന്നോത്തെ എം എ റാഷിദി(22)നെ ഒരു വര്‍ഷം തടവിനും 11,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 15 ദിവസവും കൂടി തടവ് അനുഭവിക്കണം. ഒളിവില്‍ കഴിയുന്ന പ്രതി മുക്കുന്നോത്തെ മുഹമ്മദ് കുഞ്ഞി(39)ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. 2011 ആഗസ്ത് 26ന് പുലര്‍ച്ചെ നാലരയോടെ പൂര്‍വവിരോധം വച്ച് പള്ളിയിലേക്ക് പോവുകയായിരുന്ന മൊയ്തീന്‍ കുഞ്ഞിയെ ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss