|    Jan 24 Tue, 2017 2:55 pm
FLASH NEWS

പള്ളിക്കലില്‍ ഭൂമി കൈയേറി കുടില്‍ കെട്ടി സമരം; ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു

Published : 7th August 2016 | Posted By: SMR

കിളിമാനൂര്‍: പള്ളിക്കല്‍ വില്ലേജിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഒരു സംഘം ആളുകളുടെ കുടില്‍ കെട്ടിസമരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ ജില്ലാകലക്്ടര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിനു പരിഹാരമായി. വെ ല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭൂസമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഭൂമി ഇല്ലാത്തവരും പട്ടയം കിട്ടിയിട്ടും ഭൂമി ലഭിക്കാത്തവരുമാണ് തങ്ങളെന്നു പറഞ്ഞായിരുന്നു സമരം. പള്ളിക്കല്‍ വില്ലേജില്‍ വല്ലഭന്‍കോട് ബ്ലോക്ക് നമ്പര്‍ 26 റീസര്‍വേ 256/2 ല്‍ 14 ഏക്കര്‍ 89 സെന്റ് സര്‍ക്കാര്‍ ഭൂമിയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള സമരക്കാര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ മിച്ചഭൂമി കൈയേറി കുടില്‍കെട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സമരത്തിന് നേതൃത്വം കൊടുത്തവര്‍ വെള്ളിയാഴ്ച രാത്രി 11 ഓടെ തന്നെ ഇവിടെയെത്തി തമ്പടിച്ചിരുന്നു. സമരം നടത്തുന്ന വിവരം അത് തുടങ്ങിയ ശേഷം മാത്രമാണ് അധികൃതര്‍ അറിഞ്ഞത്. വിവിധ വില്ലേജ് ഓഫിസുകളുടെ മുന്നിലടക്കം നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഭരണകൂടം ശ്രദ്ധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള സമരം സംഘടിപ്പിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. സമരം നടക്കുന്നതറിഞ്ഞു ആറ്റിങ്ങല്‍ ഡിവൈഎസ്പി അജിത്ത് കുമാറിന്റെ കീഴിലുള്ള മുഴുവന്‍ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുമായി വന്‍ പോലിസ് സംഘം സ്ഥലത്തെത്തി. പോലിസ് എത്തിയതോടെ സമരക്കാര്‍ മണ്ണെണ്ണയും തീപ്പന്തവും പുറത്തെടുത്ത് ആത്മഹത്യാശ്രമം നടത്തി.
തുടര്‍ന്നു വര്‍ക്കല, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേനയും സ്ഥലത്തെത്തി മുന്‍കരുതലുകളെടുത്തു. ഇവര്‍ക്കുപുറമെ വര്‍ക്കല എംഎല്‍എ ജോയ്, വര്‍ക്കല തഹസീല്‍ദാര്‍ ജെ അനില്‍കുമാര്‍, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ശംഭു ദേവന്‍ നായര്‍, എഡിഎം ജോണ്‍ സാമുവല്‍, ആര്‍ഡിഒ സബിന്‍ സമീന്‍ എന്നിവരും സ്ഥലത്തെത്തി. ഇവര്‍ വന്ന് സമരനേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മുന്‍ തീരുമാന പ്രകാരം ചെങ്ങറ സമരക്കാര്‍ക്കും പള്ളിക്കല്‍ വില്ലേജിലെ നിശ്ചയിക്കപ്പെട്ടവര്‍ക്കും നല്‍കിയശേഷം ബാക്കിവരുന്ന ഭൂമി സമരത്തിനെത്തിയവരില്‍ അര്‍ഹരുണ്ടെങ്കില്‍ മുന്‍ഗണനാ ക്രമത്തില്‍ നല്‍കാമെന്ന ഉറപ്പ് രേഖാമൂലം നല്‍കി. ഇതോടെ സമരക്കാര്‍ ഭൂമി വിട്ടുപോയി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ സ്ഥലത്തുവരികയും മുന്‍ തീരുമാന പ്രകാരം ഭൂമി നല്‍കേണ്ടവരുടെ ഭൂമി അളന്നുതിരിക്കാനുള്ള നടപടി തുടങ്ങുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക